ഇസ്രായേൽ അധിനിവേശം: ഐ.സി.ജെ വാദം കേൾക്കൽ തുടങ്ങി
text_fieldsയുനൈറ്റഡ് നേഷൻസ്: ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും കിഴക്കൻ ജറൂസലമിലെയും ഇസ്രായേൽ അധിനിവേശത്തിന്റെ നിയമപരമായ പ്രത്യാഘാതവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി വാദം കേട്ടുതുടങ്ങി.
തിങ്കളാഴ്ച ഫലസ്തീനിന്റെ വാദം കേട്ടു. ഇസ്രായേൽ അധിനിവേശം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് മാലികി ആദ്യ സബ്മിഷനിൽ ആവശ്യപ്പെട്ടു. ‘ഫലസ്തീൻ ജനങ്ങളില്ലാത്ത മണ്ണായിരുന്നില്ല. അവിടെ രാജ്യവും ജീവിതങ്ങളും ഉണ്ടായിരുന്നു.
ഐക്യരാഷ്ട്ര സഭയെയും അന്താരാഷ്ട്ര നിയമങ്ങളെയും വെല്ലുവിളിച്ച് ഇസ്രായേൽ അന്യായമായി തങ്ങളുടെ ഭൂമിയിൽ അധിനിവേശം നടത്തുകയാണ്’ -അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്ക, അൾജീരിയ, സൗദി, നെതർലൻഡ്സ്, ബംഗ്ലാദേശ്, ബെൽജിയം, ബെലിസ്, ബൊളീവിയ, ബ്രസീൽ, കാനഡ, ചിലി എന്നിവയുടെ വാദം കേൾക്കും. ഫെബ്രുവരി 26 വരെ 52 രാജ്യങ്ങളുടെ വാദം കേൾക്കും. 1945ൽ ഐക്യരാഷ്ട്ര സഭയുടെ കീഴിൽ അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥാപിച്ചശേഷം ഒരു കേസിൽ ഇത്രയേറെ രാജ്യങ്ങൾ പങ്കുചേരുന്നത് ആദ്യമായാണ്. ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്ന് ആരോപിച്ച് നേരത്തേ ദക്ഷിണാഫ്രിക്ക നൽകിയ പരാതിയുമായി ഇൗ കേസിന് ബന്ധമില്ല.
നീതിയില്ലാതെ സമാധാനമുണ്ടാകില്ല -ഫലസ്തീൻ പ്രതിനിധി
യുനൈറ്റഡ് നേഷൻസ്: നീതിയില്ലാതെ സമാധാനമുണ്ടാകില്ലെന്നും നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങൾ ഇസ്രായേൽ അനുഭവിക്കണമെന്നും യു.എന്നിലെ ഫലസ്തീൻ അംബാസഡർ റിയാദ് അൽ മൻസൂർ പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇസ്രായേൽ അധിനിവേശവുമായി ബന്ധപ്പെട്ട കേസിൽ ഫലസ്തീനിന്റെ വാദം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.
‘നീതി തേടിയുള്ള ഞങ്ങളുടെ യാത്ര, അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പിൽ ഞങ്ങളെ എത്തിച്ചിരിക്കുന്നു. ഇന്ന് ഫലസ്തീനിയായിരിക്കുക എന്നത് വേദനാജനകമാണ്. നഷ്ടങ്ങൾക്കും അനീതികൾക്കും നിയമലംഘനത്തിനും അപമാനത്തിനും പരിധിയില്ല. സ്വന്തം മണ്ണിൽ സ്വാതന്ത്ര്യത്തിലും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശമാണ് ഫലസ്തീനികൾ ആവശ്യപ്പെടുന്നത്. നിയമം വ്യക്തമാണെങ്കിലും അത് അട്ടിമറിക്കപ്പെടുകയാണ്. ഉത്തരവാദിത്തമില്ലാതെ, നീതിയില്ല; നീതി കൂടാതെ സമാധാനമുണ്ടാകില്ല. നിയമവിരുദ്ധമായ പെരുമാറ്റത്തിന്റെ അനന്തരഫലങ്ങൾ ഇസ്രായേൽ അനുഭവിക്കണം. അക്രമാസക്തമായ നാടുകടത്തൽ, സ്വന്തം ഭൂമിയിൽനിന്നുള്ള പലായനം, അവകാശങ്ങളും നിലനിൽപും നിഷേധിക്കൽ എന്നിവ വീണ്ടും വീണ്ടും സംഭവിക്കുന്നു. ഗസ്സയിലെ കുട്ടികളുടെ ജീവനെയോ അവയവങ്ങളെയോ പ്രതീക്ഷകളെയോ ഭവനങ്ങളെയോ സംരക്ഷിക്കാൻ അന്താരാഷ്ട്ര നിയമങ്ങൾക്ക് ഒന്നും ചെയ്യാനാകുന്നില്ല. ഇസ്രായേൽ നേതാക്കൾ നിയമത്തെ ധിക്കരിക്കുന്നു.
ഫലസ്തീൻ കുട്ടികളിലും സ്ത്രീകളിലും പുരുഷന്മാരിലും രോഗം, നിരാശ, പരിക്ക്, മരണം എന്നിവ കാട്ടുതീപോലെ പടരുകയാണ്. ഫലസ്തീൻ പ്രദേശത്ത് ഇസ്രായേൽ സാന്നിധ്യം നിയമവിരുദ്ധമാണ്. നിരുപാധികമായും അധിനിവേശം അവസാനിപ്പിക്കണമെന്നുമാണ് ആവശ്യം. അധിനിവേശത്തിന് സൈനികമായോ സാങ്കേതികമായോ സഹായം നൽകരുതെന്നും ഫലസ്തീനികളെ സഹായിക്കണമെന്നും ഇസ്രായേലുമായി ബന്ധം വിച്ഛേദിക്കണമെന്നും ലോകരാജ്യങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും ആവശ്യപ്പെടുകയാണ്’’ -വികാര നിർഭരനായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.