സ്വന്തം പൗരൻമാരേയും സൈനികരേയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് റിപ്പോർട്ട്
text_fieldsടെൽ അവീവ്: ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിനിടെ സ്വന്തം പൗൻമാരേയും സൈനികരേയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് റിപ്പോർട്ട്. ഹമാസ് ഇസ്രായേൽ പൗരൻമാരെ ഫലസ്തീനിലേക്ക് കൊണ്ടു പോകുന്നതിന് തടയാനായിരുന്നു വിവാദമായ ഹനിബാൽ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പിലാക്കിയത്. ഇസ്രായേൽ പത്രമായ യെദിയോത് അഹറോനോത്ത് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്.
ന്യൂസ് പേപ്പറിന്റെ ഹീബ്രു എഡിഷനിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒക്ടോബർ ഏഴിന് ഇസ്രായേൽ പ്രതിരോധസേന അതിന്റെ യൂനിറ്റുകൾക്ക് ഹനിബാൽ പ്രോട്ടോകോൾ നടപ്പിലാക്കാൻ നിർദേശം നൽകിയെന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവിടാതെ പത്രം റിപ്പോർട്ട് ചെയ്യുന്നത്.
ഹമാസിന്റെ പോരാളികൾ ഇസ്രായേൽ പൗരൻമാരെ ഫലസ്തീനിലെത്തിക്കുന്നത് ഏതു വിധേനേയും തടയുകയായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം. ടൈംസ് ഓഫ് ഇസ്രായേലിന്റെ റിപ്പോർട്ടിൽ പറയുന്നത് ഹനിബാൽ പ്രോട്ടോകോൾ പ്രകാരം സൈനികർ ശത്രുവിന്റെ കൈകളിൽ അകടപ്പെടാതിരിക്കുന്നതിന് സൈന്യത്തിന് ശക്തമായ തീരുമാനങ്ങളെടുക്കാമെന്ന് വ്യക്തമാക്കുന്നു. സൈനികനെ വധിക്കുന്നത് പോലും ഈ പ്രോട്ടോകോളിന്റെ ഭാഗമാണ്. ശത്രുവിന്റെ പിടിയിൽ പെടുന്നതിനേക്കാളും നല്ലത് സൈനികർ കൊല്ലപ്പെടുന്നതാണെന്നാണ് പ്രോട്ടോകോൾ പറയുന്നത്.
അതേസമയം, ഇസ്രായേൽ പത്രത്തിന്റെ റിപ്പോർട്ട് പ്രകാരം എത്ര ബന്ദികളെ ഇത്തരത്തിൽ സൈന്യം വധിച്ചുവെന്നത് വ്യക്തമല്ല. ബന്ദികളുമായി ഗസ്സയിലേക്ക് പോവുകയായിരുന്ന നിരവധി വാഹനങ്ങൾ ഇസ്രായേൽ ഹെലികോപ്ടറുകളും മിസൈലുകളും ടാങ്കുകളും ഉപയോഗിച്ച് തകർത്തുവെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ നവംബറിൽ ഇസ്രായേൽ സേനയിലെ പൈലറ്റ് ഹമാസ് ആക്രമണത്തിനിടെ ഹനിബൽ പ്രോട്ടോകോൾ നടപ്പാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. സൈനികന്റെ വെളിപ്പെടുത്തൽ പുറത്ത് വന്ന് മാസങ്ങൾ പിന്നിടുമ്പോഴാണ് ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മാധ്യമങ്ങളിൽ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.