Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസുരക്ഷിത...

സുരക്ഷിത മേഖലകളിൽനിന്നും ഗസ്സക്കാരെ ഇറക്കിവിട്ട് ഇസ്രായേൽ

text_fields
bookmark_border
സുരക്ഷിത മേഖലകളിൽനിന്നും ഗസ്സക്കാരെ   ഇറക്കിവിട്ട് ഇസ്രായേൽ
cancel

ഗസ്സ സിറ്റി: വീടും ഉറ്റവരെയും നഷ്ടപ്പെട്ട് ക്യാമ്പുകളിൽ അഭയം തേടിയവരെയും വേട്ടയാടി അധിനിവേശ സേന. ഗസ്സ മുനമ്പിലെ സുരക്ഷിത കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് അഭയാർഥികൾക്ക് ഇസ്രായേൽ സേന മുന്നറിയിപ്പ് നൽകി. തെക്കൻ ഗസ്സ മുനമ്പിലെ മുവാസിയുടെ കിഴക്കൻ ഭാഗത്തുനിന്നാണ് അഭയാർഥികളെ വീണ്ടും ഇറക്കിവിട്ടത്.

ഷെല്ലാക്രമണവും ബോംബ് വർഷവും തുടരുന്ന സാഹചര്യത്തിൽ കുട്ടികളും സ്ത്രീകളുമുൾപ്പെടെ ആയിരക്കണക്കിന് ഫലസ്തീനികൾ വീണ്ടും പലായനം തുടങ്ങി. നേരത്തെ പലതവണ ആടിയോടിക്കപ്പെട്ടവരാണ് സുരക്ഷിത സ്ഥലങ്ങൾ തേടി വീണ്ടും യാത്ര തുടങ്ങിയത്. ആക്രമണത്തിൽ ബാക്കിയായവയും കുഞ്ഞുമക്കളെയും താങ്ങിപ്പിടിച്ചാണ് അഭയാർഥികളുടെ പലായനം. ഇത് എട്ടാമത്തെ തവണയാണ് ഇസ്രായേൽ സേന കുടിയൊഴിപ്പിക്കുന്നതെന്ന് അഭയാർഥികളിലൊരാളായ ഖൊലൗദ് അൽ ദദാസ് പറഞ്ഞു. എങ്ങോട്ടാണ് നടന്നു പോകുന്നത് എന്ന് അറിയില്ല. വീടുകളിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇസ്രായേൽ സേന വെടിവെക്കുകയും ബോംബിടുകയും ചെയ്യുകയാണ് -അവർ പറഞ്ഞു. ഫലസ്തീനിലെ പൊള്ളുന്ന ചൂടിൽ തളർന്നു വീണ ദദാസിനെ കൂടെയുള്ളവർ ഓടിയെത്തി താങ്ങിയെടുക്കുകയായിരുന്നു.

ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ച ഹമാസ് പോരാളികളെയും നേതാക്കളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിന്റെ ഭാഗമായാണ് അഭയാർഥികളെ ഒഴിപ്പിച്ചതെന്നാണ് ഇസ്രായേൽ സേന ന്യായീകരിക്കുന്നത്. സുരക്ഷിത മേഖലയായി ഇസ്രായേൽ പ്രഖ്യാപിച്ച 14 കിലോമീറ്ററിനുള്ളിലുള്ള 1.8 ദശലക്ഷം പേർ അഭയാർഥികളായി കഴിയുന്നെന്നാണ് കണക്ക്. തമ്പുകൾ നിറഞ്ഞ ഈ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവാണ്. ആരോഗ്യ സേവനവും ഭക്ഷണവും ലഭിക്കുന്നില്ലെന്നും ഐക്യരാഷ്ട്ര സഭ എജൻസി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മാത്രമല്ല, മാലിന്യക്കൂമ്പാരത്തിനും അഴുക്കുവെള്ളത്തിനുമിടയിലാണ് ഇവരുടെ ജീവിതം.

വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇസ്രായേൽ വീണ്ടും പുതിയ ഒഴിപ്പിക്കൽ ഉത്തരവിട്ടത്. ചർച്ചകൾക്കുള്ള സംഘത്തെ വ്യാഴാഴ്ച അയക്കുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പറഞ്ഞത്. യു.എസ് നേതൃത്വത്തിൽ ഖത്തറും ഈജിപ്തുമാണ് വെടിനിർത്തൽ ചർച്ചക്ക് താൽപര്യമെടുക്കുന്നത്.

മധ്യ, തെക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം രൂക്ഷമായി. ദേർ അൽ ബലാഹിലെ അൽ അഖ്സ ആശുപത്രിക്ക് പുറത്ത് ആക്രമണത്തിൽ ഒരാൾ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാൻ യൂനുസിൽ കഴിഞ്ഞ രാത്രി നാലു സ്ത്രീകളും ആറു കുട്ടികളുമുൾപ്പെടെ 15 പേർ കൊല്ലപ്പെട്ടു. ഒമ്പത് മാസത്തിലേറെയായി തുടരുന്ന അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 39,000 കവിഞ്ഞു. 89,800 പേർക്ക് പരിക്കേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Israel orders evacuation of part of Gaza humanitarian zone
Next Story