ആക്രമണം ഇസ്രായേലിൽ; അലകൾ പല തീരങ്ങളിൽ
text_fieldsശതകോടി ഡോളർ ചെലവിട്ട് ഗസ്സക്കു ചുറ്റും ഇസ്രായേൽ നിർമിച്ച ലോകത്തെ ഏറ്റവും കരുത്തുറ്റ ലോഹവേലി തകർത്ത് ഹമാസ് നടത്തിയ മിന്നലാക്രമണത്തിന്റെ അലകൾ അനേകം തീരങ്ങളിലെത്തുമെന്ന് സൂചന. അറബ് രാഷ്ട്രങ്ങളുമായും അമേരിക്കയുമായും ബന്ധം മെച്ചപ്പെടുത്തിവരുന്ന ഇറാനിലേക്കും ഇസ്രായേലുമായി അടുക്കാനുള്ള പശ്ചിമേഷ്യൻ രാഷ്ട്രങ്ങളുടെ പദ്ധതിയിലേക്കും ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിലേക്കുംവരെ അത് ചെന്നെത്തും?
ആരാണിവിടെ യജമാനൻ?
ഹമാസിനു പിന്നിലെ കരങ്ങൾ ഇറാന്റേതാണെന്ന മട്ടിൽ ഇസ്രായേലിൽനിന്നുതന്നെ പ്രതികരണങ്ങൾ വന്നുതുടങ്ങി. ഇത്രയും മാരകമായ ആക്രമണം നേരിട്ടശേഷം കേവലം ഗസ്സയിലേക്ക് അധിനിവേശം നടത്തുന്നതോ ഹമാസിന്റെ ഉന്നതനേതൃത്വത്തെയും സംവിധാനങ്ങളെയും തുടച്ചുനീക്കുന്നതോകൊണ്ട് ഇസ്രായേലിന് നഷ്ടപ്പെട്ട സൈനിക വിശ്വാസ്യത തിരിച്ചുപിടിക്കാനാകില്ല.
തക്കം പാർത്തിരിക്കുന്ന എതിരാളികളിൽനിന്ന് ഇസ്രായേലിന് സുരക്ഷിതത്വം നൽകുന്നത് അവരുടെ അജയ്യമെന്ന് കരുതപ്പെടുന്ന സൈനിക, ഇൻറലിജൻസ് ശേഷിയാണ്. ആ വിശ്വാസത്തിന് മങ്ങലേൽക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിന് ഗുണംചെയ്യില്ല.
2006ൽ ഹിസ്ബുല്ലയുമായി കോർത്തശേഷം വടക്കൻ മേഖലയിൽ വലിയതോതിലുള്ള പ്രകോപനത്തിന് ഇസ്രായേൽ മുതിർന്നിട്ടില്ല. അവിടെ പരസ്പരം മാനിച്ചുള്ള സംയമനം ഇരുകൂട്ടരും പാലിക്കുന്നു. ഇടക്കിടെയുണ്ടാകുന്ന ആക്രമണങ്ങൾ ഒരുപരിധിക്കപ്പുറം കൈവിട്ടുപോകാതിരിക്കാനുള്ള ജാഗ്രതയും കാണിക്കുന്നുണ്ട്. ആ സംയമനം ഫലസ്തീൻ സംഘങ്ങളോട് ഇസ്രായേൽ കാണിക്കാറില്ല.
ഹമാസിന്റെ ഏതു ചെറിയ പ്രകോപനത്തെയും ഉരുക്കുമുഷ്ടിയോടെയാണ് ഇസ്രായേൽ നേരിടുക. രണ്ടുവർഷം കൂടുമ്പോൾ ഗസ്സക്കു നേരെയുണ്ടാകുന്ന വ്യോമാക്രമണങ്ങൾ ഹമാസിനുള്ള സന്ദേശമാണ്. തങ്ങളാണ് ഇവിടെ യജമാനൻ എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ ഈ അവസരം ഇസ്രായേൽ ഉപയോഗപ്പെടുത്തുന്നു. സൈന്യം സദാസജ്ജമാണെന്ന സുരക്ഷിതത്വബോധം സ്വന്തം ജനതക്ക് നൽകാനും ഇതുവഴി അവർ ശ്രമിക്കുന്നു.
ഈ അധീശഭാവത്തിനേറ്റ പ്രഹരമായിരുന്നു ഹമാസിന്റെ ഇത്തവണത്തെ നീക്കം. ചെറിയ മറുപടിയൊന്നും ഇതിന് പോരാതെ വരുന്നത് അതുകൊണ്ടാണ്. ഹമാസിനുമപ്പുറം നിതാന്തശത്രുവായ ഇറാനുനേരെ അമേരിക്കയെ കൂട്ടുപിടിച്ചുള്ള നീക്കത്തിന് ഇസ്രായേൽ ഇതുവഴി ശ്രമിക്കുമെന്ന പ്രചാരണങ്ങൾ ഉയർന്നുതുടങ്ങിയിട്ടുണ്ട്.
ഗസ്സ വഴി ഇറാനിലേക്ക്?
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ പലതവണ ഇറാനെതിരെ ഓങ്ങിയെങ്കിലും അമേരിക്കയുടെ മേലൊപ്പ് കിട്ടാത്തതുകൊണ്ടു മാത്രമാണ് എല്ലാം പകുതിയിൽ ഉപേക്ഷിക്കേണ്ടിവന്നത്. 2007ൽ ഏതുനിമിഷവും ഇറാന്റെ ആണവനിലയങ്ങൾക്കുനേരെ ആക്രമണമുണ്ടാകുമെന്ന പ്രതീതി ജനിച്ചിരുന്നു.
2012ൽ യു.എൻ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ഇറാന്റെ ആണവപദ്ധതിയുടെ ഗ്രാഫിക്കൽ രൂപരേഖയുമായി നടത്തിയ പ്രസംഗത്തിന്റെ ഉന്നവും ആത്യന്തികമായി ആക്രമണമായിരുന്നു. പക്ഷേ, പല പല കാരണങ്ങളാൽ അമേരിക്ക ഒഴിഞ്ഞുമാറി. ആണവകേന്ദ്രങ്ങളിലേക്കുള്ള ആക്രമണം പൂർണയുദ്ധത്തിലേക്കു വഴിമാറുമെന്നും മേഖലയിൽ അമേരിക്കയുടെ താൽപര്യങ്ങൾക്ക് അത് ഗുണംചെയ്യില്ലെന്നും യു.എസ് കണക്കുകൂട്ടി.
അതുകൊണ്ടുതന്നെ ഇറാന്റെ ആണവശാസ്ത്രജ്ഞരെ ഉന്മൂലനംചെയ്യാനുള്ള സൂക്ഷ്മപദ്ധതിയിലേക്ക് ഇസ്രായേലിന് ചുവടുമാറ്റേണ്ടിവന്നു. കാലങ്ങളോളം തങ്ങൾക്ക് തലവേദനയായിരുന്ന ഇറാന്റെ സൈനിക മേധാവി ഖാസിം സുലൈമാനിയെ യു.എസ് വധിച്ചത് ഇസ്രായേലിന് ആശ്വാസം പകർന്നിരുന്നു.
ഡോണൾഡ് ട്രംപിന്റെ കാലത്ത് എംബസി ജറൂസലമിലേക്ക് മാറ്റുന്നതുൾപ്പെടെ നിരവധി സഹായങ്ങൾ ഇസ്രായേലിന് ലഭിച്ചെങ്കിലും ഇറാൻ ആക്രമണത്തിനുള്ള പിന്തുണ മാത്രം അകന്നുനിന്നു. ഈ പശ്ചാത്തലത്തിൽ ഹമാസ് ആക്രമണത്തിന് ഇറാൻ ബന്ധം കണ്ടെത്താനായാൽ അന്തരീക്ഷം മാറിയേക്കാമെന്ന് ഇസ്രായേൽ ഭരണകൂടത്തിലെ ഒരുവിഭാഗം കണക്കുകൂട്ടുന്നു. ആത്യന്തികമായി അത്തരമൊരു വിശാല സൈനികനീക്കത്തിലൂടെ മാത്രമേ നഷ്ടപ്പെട്ട പ്രതിച്ഛായ സ്വന്തം ജനതക്കു മുന്നിലും ശത്രുക്കൾക്കു മുന്നിലും തിരിച്ചുപിടിക്കാൻ ഇസ്രായേൽ സൈന്യത്തിന് കഴിയുകയുള്ളൂ.
സെപ്റ്റംബർ 11 ആക്രമണം പിന്നീട് അഫ്ഗാൻ, ഇറാഖ് അധിനിവേശങ്ങൾക്ക് വഴിമരുന്നിട്ടതുപോലെ, അത്രയും വ്യാപ്തിയില്ലെങ്കിലും പരിമിതമായ തോതിലെങ്കിലും ഇറാനെ വേദനിപ്പിക്കാൻ അമേരിക്ക കൂട്ടുനിന്നാൽ മേഖലയുടെ ചിത്രം മാറും.
നെതന്യാഹുവിന്റെ ഭാവി?
ഇസ്രായേലിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ അതികായനായി രണ്ടരപതിറ്റാണ്ടിലേറെ വാണ നെതന്യാഹുവിന്റെ പ്രതിച്ഛായകൂടിയാണ് ശനിയാഴ്ച തകർന്നുവീണത്. വിവിധ കോടതികേസുകളിലും നഷ്ടപ്പെട്ട ജനപിന്തുണയിലും വലഞ്ഞ നെതന്യാഹു വല്ലവിധേനയുമാണ് അടുത്തിടെ വീണ്ടും അധികാരത്തിലെത്തിയത്.
പ്രതിപക്ഷത്തിന്റെ കടുത്ത വിയോജിപ്പുകളോടെയായിരുന്നു ഭരണവും. ജുഡീഷ്യൽ സംവിധാനത്തിലെ പരിഷ്കാരത്തിനുള്ള ശ്രമം ജനങ്ങളെയും നിരത്തിലിറക്കി. രാജ്യമെങ്ങും പ്രതിഷേധപ്രകടനങ്ങളുണ്ടായി. ഭരണകൂടത്തോടുള്ള ഭിന്നത സൈന്യത്തെയും ബാധിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സൈന്യത്തിന്റെ മനോധൈര്യം എക്കാലത്തെയും താഴ്ന്ന നിലയിൽ തുടരുന്നതിനിടെയാണ് ഈ ദുരന്തം സംഭവിച്ചിരിക്കുന്നത്.
ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ബാല്യം നെതന്യാഹുവിന് ബാക്കിയുണ്ടോ എന്ന് കാലം തീരുമാനിക്കും. എന്തായാലും രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇൻറലിജൻസ് പരാജയം ഏറ്റുവാങ്ങിയ ഭരണാധികാരി എന്ന ദുഷ്പേര് നെതന്യാഹുവിനൊപ്പം എന്നുമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.