എല്ലാം അടഞ്ഞ് ഗസ്സ
text_fieldsഗസ്സ: വാർത്താവിനിമയ ബന്ധങ്ങളില്ല, വീടുകൾക്കകത്തോ പുറത്ത് തെരുവിലോ നിൽക്കാനാവില്ല. ആശുപത്രിയാകട്ടെ, യു.എൻ സ്കൂളുകളാകട്ടെ എവിടെയും സുരക്ഷിതമല്ല. ഗസ്സയിൽ സുരക്ഷിതമായ ഒരിടം പോലുമില്ല. ഗസ്സയുടെ ഏക ജീവനാഡിയായ റഫ ക്രോസിങ്ങടക്കം ഇസ്രായേൽ ലക്ഷ്യമിട്ടതോടെ ഈ ജനത കിളിവാതിലുകളില്ലാത്ത ഒരു പെട്ടിക്കകത്ത് കുടുങ്ങിയ പോലാണ്. ‘‘എന്തിനാണ് നിരപരാധികളായ കുഞ്ഞുങ്ങളും അമ്മമാരും അഭയം തേടിയ സ്കൂളുകളും ക്യാമ്പുകളും ബോംബിട്ടു തകർക്കുന്നത്’’ -ഗസ്സ നിവാസി അസീൽ ചോദിക്കുന്നു.
വെള്ളവും ഭക്ഷണവും വൈദ്യുതിയും ഇന്ധനവും അടക്കം വിലക്കുന്ന, സമ്പൂർണ ഉപരോധം ഇസ്രായേൽ പ്രഖ്യാപിച്ചതോടെ ഗസ്സ മാനുഷിക ദുരന്തത്തിലേക്ക് നീങ്ങുകയാണ്. ശനിയാഴ്ച മുതൽതന്നെ ഗസ്സയിലേക്ക് സഹായമടക്കമുള്ള ചരക്കുനീക്കം ഇസ്രായേൽ തടഞ്ഞിട്ടുണ്ട്. നേരത്തെതന്നെ കരയും തീരവും ആകാശവുമെല്ലാം ഇസ്രായേൽ നിയന്ത്രിക്കുന്നതിനാൽ ഇക്കാര്യം തീരുമാനിക്കേണ്ടതും അവർതന്നെയാണ്.
ഏഴ് ആരോഗ്യ കേന്ദ്രങ്ങൾ തകർക്കപ്പെടുകയും നിരവധി ആരോഗ്യപ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തതായി യു.എൻ വക്താവ് അറിയിച്ചു. വൈദ്യുതിക്കായി ഇപ്പോഴുള്ള ഏക ആശ്രയമായ ഗസ്സ വൈദ്യുതി പ്ലാൻറ്, ഏതാനും ദിവസത്തേക്കുകൂടിയുള്ള ഇന്ധനം തീരുന്നതോടെ നിലക്കും. നിയന്ത്രണങ്ങൾ കാരണം നേരത്തെ തന്നെ ഭക്ഷ്യസുരക്ഷിതത്വമില്ലാത്ത ഗസ്സയിൽ ലോക ഭക്ഷ്യപദ്ധതിയുടെ ഭാഗമായി ദിവസേന ഒരു ലക്ഷം പേർക്കുള്ള ഭക്ഷണം വിതരണം ചെയ്തുവരുന്നുണ്ട്. അതിന്റെ ഭാവിയും അനിശ്ചിതത്വത്തിലാണ്.
മൃഗങ്ങളുമായാണ് ഞങ്ങൾ പോരാടുന്നതെന്നും അതിനനുസരിച്ചായിരിക്കും ഞങ്ങളുടെ പ്രവർത്തനമെന്നും പറഞ്ഞാണ്, ഇസ്രായേൽ പ്രതിരോധമന്ത്രി യൊആവ് ഗാലൻഡ് ഉപരോധപ്രഖ്യാപനം നടത്തിയത്. ആശുപത്രികളെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞുകഴിഞ്ഞു. മരുന്നും തീരുന്നു. ആക്രമണം തുടർന്നാൽ എന്താണുണ്ടാവുകയെന്ന് ചിന്തിക്കാൻപോലും കഴിയില്ലെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ആശുപത്രിപോലുള്ള അടിയന്തര ആവശ്യങ്ങൾക്ക് വൈദ്യുതി അനുവദിക്കാനും അടിയന്തര മരുന്നുവിതരണം സാധ്യമാക്കാനും അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തെ തുടർന്ന് 1,87,000 പേർ ഭവനരഹിതരായിട്ടുണ്ട്. ഇറാന്റെ പങ്കിന് വ്യക്തമായ തെളിവൊന്നും തങ്ങളുടെ പക്കലില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. യുദ്ധത്തിൽ രണ്ട് റഷ്യൻ പൗരന്മാർ കൊല്ലപ്പെട്ടതായും നാലുപേരെ കാണാതായതായും റഷ്യ അറിയിച്ചു. മരിച്ച ഫ്രഞ്ച് പൗരന്മാരുടെ എണ്ണം നാലായി. ലബനാൻ അതിർത്തി കടന്ന് ഇസ്രായേലിലെത്തിയ രണ്ടു പോരാളികളും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.