ബന്ദികൾ, കര ആക്രമണം: ഇസ്രായേലിന്റെ സാധ്യതകളും പ്രതിസന്ധിയും
text_fieldsശത്രുവിന്റെ പിടിയിലാകുന്നത് സൈനികനായാലും സിവിലിയനായാലും എത്ര വലിയ വില നൽകിയും മോചിപ്പിക്കുകയാണ് ഇസ്രായേലിന്റെ എക്കാലത്തെയും നയം. അതിനായി ചതുരുപായങ്ങളും അവർ പ്രയോഗിക്കും. ശത്രുവിനെ സമ്മർദത്തിലാക്കാനുള്ള തന്ത്രങ്ങളൊന്നും വിജയിക്കുന്നില്ലെങ്കിൽ മാത്രം അവരുടെ ആവശ്യങ്ങൾ അംഗീകരിക്കും. ജീവനോടെ ഉണ്ടെന്ന് ഉറപ്പുള്ളവർക്കുവേണ്ടി മാത്രമല്ല, മൃതദേഹ ഭാഗങ്ങൾക്കുവേണ്ടി പോലും ഇത്തരം വിട്ടുവീഴ്ചകൾ ഇസ്രായേൽ നടത്തിയിട്ടുണ്ട്. ഓരോ പൗരന്റെയും ജീവന് തങ്ങൾ അത്രയും വിലമതിക്കുന്നുവെന്ന് രാഷ്ട്രത്തിനും സൈന്യത്തിനും നൽകുന്ന സന്ദേശമാണത്.
1976 ജൂലൈയിൽ തെൽഅവീവിൽനിന്ന് പാരിസിലേക്ക് പറന്ന എയർ ഫ്രാൻസിന്റെ വിമാനം പോപുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ (പി.എഫ്.എൽ.പി) എന്ന സായുധ സംഘടന ഹൈജാക് ചെയ്തു. ഈ വിമാനത്തിലെ 246 യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ഇസ്രായേലികളായിരുന്നു. ഇസ്രായേലിലും മറ്റുരാജ്യങ്ങളിലും തടവിൽ കഴിയുന്ന 40ലേറെ ഫലസ്തീൻ നേതാക്കളെ വിട്ടയക്കണമെന്നായിരുന്നു പി.എഫ്.എൽ.പിയുടെ ആവശ്യം. യുഗാണ്ടയിലെ എന്റബി വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലേക്ക് ഇസ്രായേലിന്റെ പ്രത്യേക കമാൻഡോ യൂനിറ്റ് ഇരച്ചുകയറി. മൂന്നു ബന്ദികൾ ഒഴികെ എല്ലാവരെയും രക്ഷിച്ചെടുത്തു. ഒരേയൊരു കമാൻഡോ മാത്രമാണ് ഓപറേഷനിടെ കൊല്ലപ്പെട്ടത്. 30 വയസ്സുകാരനായ യോനാതൻ. യോനാതന്റെ ഇളയ സഹോദരനെ എല്ലാവരും അറിയും -ബിന്യമിൻ നെതന്യാഹു.
ബന്ദികളിൽ അവ്യക്തത, പുകയുന്ന പ്രതിഷേധം
സഹോദരനെ നഷ്ടപ്പെട്ട എന്റബി ഓപറേഷനേക്കാളും ഇസ്രായേൽ ഇതുവരെ നേരിട്ട ഏതു ബന്ദി പ്രതിസന്ധിയെക്കാളും ദുർഘടമായ ദിവസങ്ങളാണ് നെതന്യാഹുവിനെ കാത്തിരിക്കുന്നത്. കൃത്യമായ എണ്ണം വ്യക്തമല്ലെങ്കിലും 150 ഓളം ബന്ദികൾ ഹമാസിന്റെ പിടിയിലുണ്ടെന്നാണ് സൂചന. ഇതിൽ സൈനികരും സ്ത്രീകളും വയോധികരും അടങ്ങുന്ന സിവിലിയന്മാരും അമേരിക്ക ഉൾപ്പെടെ രാജ്യങ്ങളിലെ പൗരന്മാരുമുണ്ട്. ഓരോ ബന്ദികളെയും ഏതൊക്കെ തരത്തിലാണ് പരിഗണിക്കുകയെന്ന് ഇതുവരെ ഹമാസ് വ്യക്തമാക്കിയിട്ടില്ല.
ഡസൻകണക്കിന് ബന്ദികളെ സുരക്ഷിത താവളങ്ങളിലും ടണലുകളിലും ഒളിപ്പിച്ച് പാർപ്പിച്ചിട്ടുണ്ടെന്നുമാത്രം ഹമാസ് സായുധവിഭാഗം വക്താവ് അബൂ ഉബൈദ വ്യക്തമാക്കി. ഗസ്സയിലെ ജനവാസ കേന്ദ്രങ്ങൾക്ക് കീഴിലും മറ്റുമായി കിലോമീറ്ററുകൾ നീളമുള്ള വിപുലമായ ടണൽ നെറ്റ്വർക് ഹമാസ് സംവിധാനിച്ചിട്ടുണ്ട്. തങ്ങളുടെ പിടിയിലുണ്ടായിരുന്ന നാലു ഇസ്രയേലികളും അവരുടെ കാവൽക്കാരും ഞായറാഴ്ച രാത്രി ഇസ്രായേൽ നടത്തിയ ബോംബിങ്ങിൽ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു.
ഹമാസ് ആക്രമണം ഉണ്ടായി നാലുദിവസം കഴിഞ്ഞിട്ടും ബന്ദികളെ കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്തതിൽ ഇസ്രായേൽ സർക്കാർ വലിയ പ്രതിഷേധം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിൽ കാണാതായ ബന്ധുക്കളെ കുറിച്ചുള്ള വിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ സൈന്യവും പൊലീസും സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കാണാതായവരുടെ ഫോട്ടോകളും ഡി.എൻ.എ സാമ്പിൾ കണ്ടെത്താൻ സഹായിക്കുന്ന വസ്തുക്കളുമായി സെന്ററുകളിലെത്താൻ പൗരന്മാരോട് നിർദേശിച്ചിരിക്കുന്നു.
യുദ്ധാനന്തരം ഇസ്രായേലിൽ തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുന്നതിനുള്ള വിലപേശൽ വസ്തുക്കളായി ഈ ബന്ദികളെ ഹമാസ് ഉപയോഗിക്കും. ശനിയാഴ്ച ആക്രമണം ആരംഭിക്കുകയാണെന്ന പ്രഖ്യാപനവുമായി ഹമാസ് നേതാവ് മുഹമ്മദ് ദൈഫ് പുറത്തിറക്കിയ പ്രസ്താവനയിൽ ഇസ്രായേലി ജയിലുകളിൽ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികളുടെ കാര്യം എടുത്തുപറഞ്ഞിരുന്നു.
ഇസ്രായേൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ തടവുകാരുടെ കൈമാറ്റം ഉടനുണ്ടാകില്ലെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ്യ വ്യക്തമാക്കി. യുദ്ധം അവസാനിക്കാതെ ഈ ഫയൽ തുറക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനിടെ, മുന്നറിയിപ്പില്ലാതെ ഗസ്സയിലെ വീടുകൾക്ക് നേരെ ഇടുന്ന ഓരോ ബോംബിനും പകരമായി ഓരോ സിവിലിയൻ ബന്ദികളെ വീതം വധിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിട്ടുമുണ്ട്.
ബന്ദികളുടെ ജീവനോ പകരം വീട്ടലോ?
ഹമാസിനെ തുടച്ചുനീക്കുന്ന നിലയിലുള്ള ആക്രമണം നടത്തുമെന്ന് പറയുമ്പോഴും ഇസ്രായേലിനെ തടയുന്നത് ബന്ദികളുടെ സാന്നിധ്യമാണ്. മൂന്നുലക്ഷം റിസർവ് സൈനികരെ വിളിച്ചുവരുത്തിയതിലൂടെ കരയാക്രമണത്തിന് ഒരുങ്ങുകയാണെന്ന സൂചനതന്നെയാണ് വരുന്നത്. കരയാക്രമണത്തിന്റെ മുഖ്യലക്ഷ്യം ഹമാസിനെ തകർക്കുക എന്നതാണോ ബന്ദികളുടെ മോചനമാണോ എന്നതിൽ വ്യക്തതയില്ല. ഇപ്പോൾ നേരിട്ട കൊടിയ അപമാനത്തിന് പരമാവധി പകരം വീട്ടുകയെന്നതുമാത്രമാണ് ഇസ്രായേലിന്റെ ലക്ഷ്യമെങ്കിൽ ബന്ദികളുടെ കാര്യം മറക്കേണ്ടിവരും.
അതിനിടെ, വടക്കുപടിഞ്ഞാറൻ ഗസ്സയിലെ ഹമാസിന്റെ ഭൂഗർഭ ടണലുകൾ ലക്ഷ്യമിട്ട് ‘ബങ്കർ ബസ്റ്റർ’ ബോംബുകൾ ഇസ്രായേൽ വർഷിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അത് ശരിയാണെങ്കിൽ ബന്ദികളുടെ കാര്യത്തിൽ ഇസ്രായേൽ വലിയ താൽപര്യം എടുക്കുന്നില്ലെന്ന വാദം ഉറപ്പിക്കപ്പെടും.
അതിനിടെ, ബന്ദികളെ രക്ഷപ്പെടുത്തുന്നതിനുള്ള തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇസ്രായേലിനെ സഹായിക്കാമെന്ന് പെന്റഗൺ വാഗ്ദാനം ചെയ്തതായി സൂചനയുണ്ട്. ബന്ദികളിൽ അമേരിക്കൻ പൗരന്മാരും ഉണ്ടെന്നതിനാൽ പെന്റഗണിന്റെ ഇടപെടലിന് വലിയ മാനങ്ങളുണ്ട്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ സൈനികപരമായി നേരിട്ട് ഇടപെടുന്നുവെന്നത് മാത്രമല്ല, ബന്ദി പ്രതിസന്ധികളിൽ യു.എസിനും ഇസ്രായേലിനും വ്യത്യസ്ത നയങ്ങളാണെന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.