ഇസ്രായേൽ അന്ത്യശാസനം അത്യന്തം അപകടകരം -യു.എൻ സെക്രട്ടറി ജനറൽ
text_fieldsയുനൈറ്റഡ് നേഷൻസ്: യുദ്ധങ്ങൾക്കുപോലും നിയമങ്ങളുണ്ടെന്നിരിക്കെ, വടക്കൻ ഗസ്സയിലെ 11 ലക്ഷം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകണമെന്ന ഇസ്രായേലിന്റെ അന്ത്യശാസനം അത്യന്തം അപകടകരവും അസാധ്യവുമാണെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. ജനസാന്ദ്രതയുള്ള യുദ്ധമേഖലയിൽനിന്ന് ഇത്രയും പേരെ ഭക്ഷണമോ വെള്ളമോ താമസസൗകര്യമോ ഇല്ലാത്ത സ്ഥലത്തേക്ക് മാറ്റുന്നതെങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ സുരക്ഷാ കൗൺസിൽ യോഗത്തിലേക്ക് പോകും മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കൻ ഗസ്സയിലെ ആശുപത്രികൾ ഇതിനകം തന്നെ നിറഞ്ഞെന്നും വടക്കുനിന്ന് ആയിരക്കണക്കിന് പുതിയ രോഗികളെ സ്വീകരിക്കാൻ കഴിയില്ലെന്നും യു.എൻ മേധാവി ചൂണ്ടിക്കാട്ടി. സ്കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിവയുൾപ്പെടെ എല്ലാ യു.എൻ ജീവനക്കാർക്കും യു.എൻ സൗകര്യങ്ങളിൽ അഭയം പ്രാപിച്ചവർക്കും ഇസ്രായേൽ ഇതേ ഉത്തരവ് ബാധകമാക്കിയിരിക്കുകയാണ്. 11 ഹെൽത്ത് കെയർ ജീവനക്കാർ ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ടു. കഴിഞ്ഞ കുറച്ചുദിവസങ്ങളിൽ ആരോഗ്യ കേന്ദ്രങ്ങൾക്കുനേരെ 34 ആക്രമണങ്ങളുണ്ടായി. ആരോഗ്യ സംവിധാനം തകർച്ചയുടെ വക്കിലാണെന്നും മോർച്ചറികൾ നിറഞ്ഞു കവിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യങ്ങൾ തകരാറിലായതിനെത്തുടർന്ന് വൈദ്യുതി ഇല്ലാത്തതിനാൽ പ്രദേശം മുഴുവൻ ജല പ്രതിസന്ധി നേരിടുന്നു. ഇന്ധനവും ഭക്ഷണവും വെള്ളവും ലഭിക്കുന്നതിന് യു.എൻ ഇടപെടൽ അടിയന്തരമായി വേണ്ടതുണ്ട്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും മനുഷ്യാവകാശ നിയമങ്ങളും മാനിക്കപ്പെടുകയും ഉയർത്തിപ്പിടിക്കുകയും വേണം. സാധാരണക്കാരെ സംരക്ഷിക്കുകയും ഒരിക്കലും കവചങ്ങളായി ഉപയോഗിക്കാതിരിക്കുകയും വേണം. ഗസ്സയിലെ എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണം -ഗുട്ടറസ് ആവശ്യപ്പെട്ടു.
നെതന്യാഹു രാജിവെക്കണം -ബന്ദികളുടെ കുടുംബങ്ങൾ
ജറൂസലം: ഗസ്സ മുനമ്പിൽ ഹമാസ് തടവിലാക്കിയ നൂറുകണക്കിന് ഇസ്രായേലി സിവിലിയന്മാരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും കുടുംബങ്ങൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഹമാസ് ബന്ദികളാക്കിയവരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ടെൽ അവീവിലെ അൽ-കരിയ സൈനിക കമാൻഡിനും സുരക്ഷ സേവന സമുച്ചയത്തിനും മുന്നിൽ കുടുംബാംഗങ്ങൾ പ്രതിഷേധിച്ചു.
ഹമാസ് ആക്രമണം നേരിടുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും നെതന്യാഹുവിനെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും പ്രോസിക്യൂട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ ഇസ്രായേലി പതാകയും മുദ്രാവാക്യങ്ങളും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.