കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് അവന്റെ ജന്മദിനമായിരുന്നു. ആറുവയസ്സുകാരന്റെ നിഷ്കളങ്കതയോടെ, പുഞ്ചിരിച്ചുകൊണ്ട് അവൻ ലോകത്തെ നോക്കിക്കാണുകയായിരുന്നു
‘അമ്മേ, ഞാൻ സുഖമായിരിക്കുന്നു’ വിദ്വേഷവെറിക്കിടയായി മരണത്തെ മുഖാമുഖം കാണുമ്പോഴും ആ ആറു വയസ്സുകാരന്റെ വാക്കുകളിൽ നിറയെ സ്നേഹമായിരുന്നു. വദീഅ അൽ ഫയ്യൂമി; അമേരിക്കയിൽ ഫലസ്തീൻ വെറിക്കിടയായി കൊല്ലപ്പെട്ട പിഞ്ചുബാലൻ. ഗസ്സയിൽ തുടരുന്ന സംഘർഷത്തിന്റെ തുടർച്ചയെന്നോണം മുസ്ലിം ബാലനായതിന്റെ പേരിൽ, ഫലസ്തീൻ കുടുംബമെന്നപേരിൽ 26 തവണയാണ് അക്രമി അവനെ കുത്തിമുറിവേൽപ്പിച്ചത്. വദീഅ അൽ ഫയ്യൂമിയുടെ മാതാവിനും ഗുരുതര പരിക്കേറ്റു.ആക്രമണത്തിനിരയായി കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്കു മുമ്പ് അവന്റെ ജന്മദിനമായിരുന്നു. അവന് ഏറ്റവും പ്രിയപ്പെട്ടത് അവന്റെ ജീവിതമായിരുന്നു. ഒരു ആറുവയസ്സുകാരന്റെ നിഷ്കളങ്കതയോടെ, പുഞ്ചിരിച്ചുകൊണ്ട് അവൻ ലോകത്തെ നോക്കിക്കാണുകയായിരുന്നു. അവൻ അവന്റെ സ്കൂളിനെ, സഹപാഠികളെ, അധ്യാപകരെ, അമ്മയെ ഏറ്റവുമധികം സ്നേഹിച്ചിരുന്നു - വദീഅ അൽ ഫയ്യൂമിയുടെ അടുത്ത ബന്ധുവായ യൂസുഫ് ഹനൂൻ പറയുന്നു. കുത്തേറ്റതിനുശേഷം അവൻ അവന്റെ അമ്മയോടായി പറഞ്ഞു. ‘അമ്മേ, ഞാൻ സുഖമായിരിക്കുന്നു...’ അതെ, അവൻ ഇപ്പോൾ ഈ ലോകത്തേക്കാൾ നല്ലതായ മറ്റൊരു ലോകത്തിലാണ്’ ഫയ്യൂമിയുടെ അമ്മാവൻ മഹ്മൂദ് യൂസുഫ് വിതുമ്പുന്നതിങ്ങനെ.‘അവന് എല്ലാം ഇഷ്ടമായിരുന്നു, അവന് അവന്റെ കളിപ്പാട്ടങ്ങൾ ഇഷ്ടമായിരുന്നു. ബാസ്കറ്റ്ബാൾ, സോക്കർ അങ്ങനെ പന്തുള്ള എന്തു കളിയും അവന് ഇഷ്ടമായിരുന്നു. നിറങ്ങൾ ഇഷ്ടമായിരുന്നു. ചുറ്റും കറങ്ങിനടക്കാൻ ഇഷ്ടപ്പെട്ടു. അവന് അവന്റെ മാതാപിതാക്കൾ ജീവനായിരുന്നു. കുടുംബത്തെയും സുഹൃത്തുക്കളെയും അവൻ സ്നേഹിച്ചു. അവൻ ജീവിതത്തെയും വളരെയധികം സ്നേഹിച്ചു. നീണ്ട, ആരോഗ്യകരമായ, സന്തുഷ്ടമായ ഒരു ജീവിതത്തെ അവൻ നോക്കിക്കാണുമായിരുന്നു’...‘ഞങ്ങൾ മൃഗങ്ങളല്ല, മനുഷ്യരാണ്. ഞങ്ങൾക്ക് ചുറ്റുമുള്ളവർ ഞങ്ങളെ മനുഷ്യരായി കാണണമെന്നാണ് ആഗ്രഹം. ഞങ്ങൾക്ക് മനുഷ്യരായി ജീവിക്കണം’... ബന്ധുക്കൾ കൂട്ടിച്ചേർത്തു.12 വർഷം മുമ്പ് വെസ്റ്റ്ബാങ്കിൽനിന്ന് അമേരിക്കയിലെത്തിയതാണ് ഫയ്യൂമിയുടെ കുടുംബം. യു.എസിലായിരുന്നു ഫയ്യൂമിയുടെ ജനനം. പ്ലെയ്ൻഫീൽഡ് ടൗൺഷിപ്പിൽ ഒരു വീടിന്റെ താഴത്തെ നിലയിലായിരുന്നു ഫയ്യൂമിയുടെ കുടുംബം താമസിച്ചിരുന്നത്. മുകളിലെ നിലയിൽ താമസിക്കുന്ന വീട്ടുടമസ്ഥനായ 71കാരനാണ് ഫയ്യൂമിയുടെ കൊലക്കു പിന്നിൽ. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിൽ ഓരോ 15 മിനിറ്റിലും ഒരു ഫലസ്തീനി കുട്ടി കൊല്ലപ്പെടുന്നുവെന്നാണ് കണക്കുകൾ. ഉഗ്രശേഷിയുള്ള ബോംബുകൾ സ്വന്തം വീടുകളും പരിസരങ്ങളും വിഴുങ്ങുന്നതിന്റെ ആഘാതം നിരവധി കുരുന്നുകളെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുന്നതായും പറയുന്നു.
ഫയ്യൂമിയെ അടക്കംചെയ്തിടത്ത് സമീപവാസികൾ അവനായി ഒരു സ്മാരകം ഒരുക്കിയിട്ടുണ്ട്. മൃഗങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച, സ്പൈഡർമാൻ തലയിണയും ബലൂണുകളും നിറച്ച ഒരു സ്മാരകം. അവർ അവിടെ ഇങ്ങനെ കുറിച്ചുവെച്ചു ‘അരുമയായ കുഞ്ഞേ, നീ ഇവിടെ സമാധാനത്തോടെ ഉറങ്ങുക’.