ടണലിൽ പാർപ്പിച്ചു; നന്നായി പരിചരിച്ചു -വിട്ടയച്ച ഇസ്രായേൽ വനിത
text_fieldsതെൽ അവീവ്: ഹമാസ് തടവിലാക്കിയ തങ്ങളെ ഭൂഗർഭ ടണലുകളിലാണ് പാർപ്പിച്ചതെന്നും നന്നായി പരിചരിച്ചുവെന്നും വിട്ടയച്ച ബന്ദികളിലൊരാളായ ഇസ്രായേലി വനിത. 85 കാരിയായ യോചെവിദ് ലിഫ്ഷിറ്റ്സ് ആണ് ഹമാസ് വിട്ടയച്ച ബന്ദികളിലൊരാൾ. ഒക്ടോബർ ഏഴിന് അബെസാനിൽനിന്നാണ് തന്നെ ബൈക്കിൽ പിടിച്ചുകൊണ്ടുപോയതും പോകുന്ന വഴിയിൽ തനിക്ക് അടിയേറ്റിരുന്നുവെന്നും എന്നാൽ ഗസ്സയിൽ തടവിൽ കഴിഞ്ഞപ്പോൾ നല്ല പരിചരണവും പെരുമാറ്റവുമായിരുന്നുവെന്നും അവർ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ഗസ്സയിൽ ചിലന്തിവല പോലുള്ള ടണലുകളിലായിരുന്നു തങ്ങളെ പാർപ്പിച്ചിരുന്നതെന്നും ഡോക്ടർ വന്ന് പരിശോധിച്ചിരുന്നുവെന്നും അവർ പറഞ്ഞു.
‘‘25 ഓളം പേരുള്ള ഞങ്ങളുടെ സംഘത്തെ ഒരു ടണലിനുള്ളിലൂടെ കൊണ്ടുപോയി ഒരു വലിയ ഹാളിലെത്തിച്ചു. നിലത്തു വിരിച്ച കിടക്കയിലായിരുന്നു ഞങ്ങൾ കഴിഞ്ഞിരുന്നത്. ഞങ്ങളുടെ പ്രാഥമിക ആവശ്യങ്ങളെല്ലാം നിറവേറ്റാൻ സൗകര്യമുണ്ടായിരുന്നു. അവരുടെ നിരവധി വനിതകൾ അവിടെയുണ്ടായിരുന്നു. അവരാണ് ഞങ്ങളുടെ ശുചിത്വകാര്യങ്ങൾ നോക്കിയിരുന്നത്. അവർ ഞങ്ങളെ വൃത്തിയാക്കുകയും ചെയ്തിരുന്നു. രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ഒരു ഡോക്ടർ വരും.
ഒരു നഴ്സ് ഞങ്ങളെ നോക്കാൻ അവിടെയുണ്ടായിരുന്നു. ബൈക്കിൽ പിടിച്ചുകൊണ്ടുവന്നവരിൽ ഒരു ബന്ദിക്ക് സാരമായി പരിക്കേറ്റിരുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം അയാളുടെ നില മെച്ചപ്പെട്ടു. അവരുടേതായി രീതിയിൽ അവർ സൗഹാർദപരമായിരുന്നു. അവർ കഴിച്ചിരുന്ന വെള്ള പാൽക്കട്ടിയും വെള്ളരിയുമായിരുന്നു ഞങ്ങൾക്കും കഴിക്കാൻ തന്നത്’’ -യോചെവിദ് ലിഫ്ഷിറ്റ്സ് പറഞ്ഞു. ഇവരുടെ ഭർത്താവ് ഇപ്പോഴും ഹമാസ് തടവിലാണ്. അതേസമയം, ബന്ദികളുടെ കാര്യത്തിൽ ഇസ്രായേൽ സേന അനാസ്ഥ കാണിച്ചെന്നും തങ്ങളെ സേന അവഗണിച്ചെന്നും യോചെവിദ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.