വ്യക്തതയില്ലാതെ ഇസ്രായേൽ; ഗസ്സയിൽ ലക്ഷ്യമിടുന്നതെന്ത് ?
text_fieldsമൂന്നര ലക്ഷത്തോളം സൈനികരെ ഗസ്സക്ക് സമീപം വിന്യസിച്ച് ഉത്തരവിന് കാത്തുനിൽക്കുമ്പോഴും എന്താണ് തങ്ങളുടെ യഥാർഥ ലക്ഷ്യമെന്നതിൽ വ്യക്തതയില്ലാതെ ഇസ്രായേൽ. ഹമാസ് നേതൃത്വത്തെ ഉന്മൂലനം ചെയ്ത് സംഘടനയെ ആകെത്തന്നെ ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതെങ്ങനെ സാധിക്കുമെന്ന് വിശദീകരിക്കാൻ അവർക്ക് കഴിയുന്നില്ല.
നിലവിൽ ഗസ്സയിൽ ഹമാസിനെ നയിക്കുന്ന യഹ്യ സിൻവറിനെയും സായുധ വിഭാഗം മേധാവി മുഹമ്മദ് ദൈഫിനെയുമാണ് പ്രധാനമായും ലക്ഷ്യംവെക്കുന്നതെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനൊപ്പം ഹമാസിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കളും ഹിറ്റ്ലിസ്റ്റിലുണ്ട്.
ഇതിൽ ചിലരെ ഇതിനകം വ്യോമാക്രമണത്തിലൂടെ വധിച്ചു. ഏതാനും നേതാക്കളെ വധിക്കുകയും സായുധ സംവിധാനങ്ങൾ നശിപ്പിക്കുകയും ചെയ്താലും ഹമാസ് ഇല്ലാതാകുമോ എന്നതാണ് ‘മില്യൻ ഡോളർ’ ചോദ്യം. ഇതിനുള്ള മറുപടി ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പി.എൽ.ഒ) മുൻ ഭാരവാഹി ഹനൻ അശ്റാവി നൽകിയിട്ടുണ്ട്.
ഹമാസ് എന്നത് ഗസ്സയുടെ സാമൂഹിക വ്യവസ്ഥയുടെ ഭാഗമാണെന്നും അവർ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നവരാണെന്നും മനുഷ്യരെ കൊന്നൊടുക്കി പ്രസ്ഥാനത്തെ ഇല്ലാതാക്കാനാകില്ലെന്നുമാണ് ബ്രിട്ടീഷ് ചാനലായ സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞത്. രാഷ്ട്രീയമായി ഹമാസിന്റെ എതിർചേരിയിലാണ് ഹനൻ അശ്റാവി നിലകൊള്ളുന്നതെന്നത് ശ്രദ്ധേയമാണ്.
ഈ സാഹചര്യത്തിൽ യുദ്ധം തുടങ്ങുന്നതിനപ്പുറം അത് എങ്ങനെ അവസാനിപ്പിക്കണം എന്ന സന്ദേഹമാണ് ഇസ്രായേലിനെ നിലവിൽ ഭരിക്കുന്നത്. കൃത്യമായി ‘എക്സിറ്റ് സ്ട്രാറ്റജി’ ഇല്ലെങ്കിൽ 2006ലെ ലബനാൻ ആക്രമണം പോലെ തിരിച്ചടിയാകുമെന്നും ഭയമുണ്ട്. ലക്ഷ്യങ്ങളിൽ ഇസ്രായേലിന് വ്യക്തതയില്ലാത്തത് യു.എസിനും തലവേദനയാണ്. എങ്ങനെയാണ് കരയുദ്ധം നടത്താൻ പോകുന്നത് എന്നതിനെ കുറിച്ച് കൃത്യമായ പദ്ധതിവേണമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റിനോട് കഴിഞ്ഞ ദിവസം ഫോണിൽ സംസാരിക്കവെ യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നിർദേശിച്ചിട്ടുണ്ട്.
2016-17 കാലത്ത് ഇറാഖിലെ മൂസ്സിൽ ഇസ്ലാമിക് സ്റ്റേറ്റിനെതിരെ നടന്ന സൈനിക നീക്കത്തെ കുറിച്ച് ഓസ്റ്റിൻ സൂചിപ്പിച്ചു. അന്ന് യു.എസ് സെൻട്രൽ കമാൻഡിന്റെ മേധാവിയായിരുന്നു ഓസ്റ്റിൻ. ‘അതി ദുഷ്കരമാണ് നഗരയുദ്ധമെന്നതാണ് എല്ലാവരും അറിഞ്ഞിരിക്കേണ്ടതും എല്ലാവർക്കും അറിയാവുന്നതുമായ ആദ്യ വസ്തുത’യെന്ന് പിന്നീട് ചാനൽ അഭിമുഖത്തിൽ ഓസ്റ്റിൻ വ്യക്തമാക്കുകയും ചെയ്തു.
ഹമാസിന്റെ സങ്കീർണവും ദുർഘടവുമായ ടണൽ സംവിധാനമാണ് പ്രധാനമായും ഐ.ഡി.എഫിനെ ആശങ്കയിലാഴ്ത്തുന്നത്. 2021 വരെയുള്ള ടണലുകളുടെ ഏകദേശ രൂപം കൈവശമുണ്ടെന്ന് അവർ പറയുന്നുണ്ടെങ്കിലും അതൊന്നും സമ്പൂർണ വിവരങ്ങളല്ല. എന്നുമാത്രമല്ല, അതിന് ശേഷം ഹമാസ് വലിയ സന്നാഹങ്ങളൊരുക്കിയ കഴിഞ്ഞ രണ്ടുവർഷത്തെ കാര്യത്തിൽ ഒരു സൂചനയുമില്ല.
തങ്ങളുടെ ഭൂഗർഭ സംവിധാനങ്ങളെ കുറിച്ച് പ്രോപഗണ്ട വീഡിയോകളിലൂടെ ഹമാസ് ഐ.ഡി.എഫിന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ആക്രമണത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുന്നത്. ഗസ്സക്കുള്ളിലുണ്ടായ ആക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഐ.ഡി.എഫ് ഞായറാഴ്ച രാത്രി വൈകി അറിയിച്ചിരുന്നു.
ഏതുസാഹചര്യത്തിലാണ് ആക്രമണമെന്നും യഥാർഥത്തിൽ ഗസ്സയിലേക്ക് കരയുദ്ധത്തിന് ശ്രമിക്കുകയാണോ ചെയ്തതെന്നും വ്യക്തതയുണ്ടായിരുന്നില്ല. ഹമാസാകട്ടെ, അതിർത്തി കടക്കാനുള്ള ഐ.ഡി.എഫിന്റെ നീക്കത്തെ ചെറുത്തു തോല്പിച്ചുവെന്ന മട്ടിലാണ് പ്രതികരിച്ചത്. ഈ വിഷയത്തിൽ ഇരുപക്ഷവും പിന്നീട് അധികം വിശദാംശങ്ങൾ പുറത്തുവിട്ടില്ല.
ഗസ്സയിൽ സൈന്യത്തിന് കൃത്യമായ ഒരു പദ്ധതിയും ഉണ്ടെന്ന് തോന്നുന്നില്ലെന്ന് വിഖ്യാത ഇസ്രായേലി മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ഗിഡിയോൺ ലെവി അഭിപ്രായപ്പെട്ടു. ‘സൈന്യത്തിലുള്ള വിശ്വാസം വളരെ താഴ്ന്നനിലയിലാണ് ഇപ്പോൾ. അതുകൊണ്ടു തന്നെ അവർക്കൊരു വിജയം ആവശ്യമാണ്. പക്ഷേ, ഈ സൈന്യത്തിന്റെ യഥാർഥ ശേഷി എന്താണെന്ന് ആർക്കുമറിയില്ല. കഴിഞ്ഞ 50 വർഷമായി നബ്ലുസിലെ പിള്ളേരെ ഓടിക്കുകയും ചെക്പോയന്റിൽ കാവൽ നിൽക്കുകയുമാണ് അവർ ചെയ്യുന്നത്. ഇങ്ങനെയല്ല ഒരു സൈന്യത്തെ പരിശീലിപ്പിക്കേണ്ടത്.
എന്താണ് ചെയ്യേണ്ടതെന്ന് അവർക്ക് ഒരുധാരണയുമില്ല. അമേരിക്കക്കും അത് മനസ്സിലായിട്ടുണ്ട്. ‘ഹമാസിനെ തകർക്കും’, ‘ഹമാസിനെ തരിപ്പണമാക്കും’ എന്നിങ്ങനെയുള്ള പൊള്ളയായ മുദ്രാവാക്യങ്ങളാണ് കേൾക്കുന്നത്. എന്താണ് ഇതിന്റെ ഫലമെന്ന് കാലം തെളിയിക്കും. ഇസ്രായേലിന്റെ അഹങ്കാരത്തിന് ഇത് അന്ത്യം കുറിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.’- മിഡിലീസ്റ്റ് ഐ ചാനലിന് നൽകിയ അഭിമുഖത്തിൽ ഗിഡിയോൺ ലെവി സൂചിപ്പിച്ചു.
കരയുദ്ധത്തെ ഇപ്പോഴും അനുകൂലിക്കുമ്പോഴും അതെങ്ങനെ നടത്തണമെന്നതിൽ മാത്രമാണ് യു.എസിന് നേരിയ എതിരഭിപ്രായമുള്ളത്. ഗസ്സയിലെ നഗരയുദ്ധത്തിൽ ഹമാസിൽ നിന്ന് ഐ.ഡി.എഫ് കാര്യമായ വെല്ലുവിളി നേരിടാൻ സാധ്യതയുള്ളത് പരിഗണിച്ച് ലെഫ്. ജനറൽ ജെയിംസ് ഗ്ലിൻ എന്ന ഉന്നത സൈനിക ഉദ്യോഗസ്ഥനെ ഉപദേശങ്ങൾക്കായി പെന്റഗൺ ഇസ്രായേലിലേക്ക് നിയോഗിച്ചിട്ടുണ്ട്.
ഗസ്സയിലെ കരയുദ്ധത്തിൽ നേരിട്ട് പങ്കെടുക്കില്ലെങ്കിലും നിർണായക തീരുമാനങ്ങളിൽ ഗ്ലിൻ വലിയ പങ്കുവഹിക്കും. ഹമാസ് നേതാക്കളെ വധിക്കാൻ സർജിക്കൽ വ്യോമാക്രമണങ്ങളും സ്പെഷൽ ഓപറേഷൻസ് കമാൻഡോകളെ ഉപയോഗിച്ചുള്ള മിന്നൽ റെയ്ഡുകളും പരിഗണിക്കാമെന്നും അമേരിക്കൻ സൈനിക നേതൃത്വം ഇസ്രായേലിനെ ഉപദേശിക്കുന്നുണ്ട്. കരയുദ്ധമെന്നത് ഐ.ഡി.എഫിന് കനത്ത ക്ഷതമേൽപിക്കുമെന്ന ആശങ്കയിലാണ് ഇത്തരം ബദൽ നിർദേശങ്ങൾ ഉയരുന്നത്.
ഗസ്സയിലെ കരയുദ്ധത്തിൽ ഇസ്രായേലിന് ആശങ്കകളുണ്ടെന്ന സംശയം കനപ്പിക്കുന്ന പ്രസ്താവനയാണ് ഐ.ഡി.എഫ് മേധാവി ലെഫ്. ജനറൽ ഹെർസി ഹലേവിയിൽനിന്ന് ചൊവ്വാഴ്ച ഉണ്ടായത്. ‘യുദ്ധതന്ത്രപരമായ പരിഗണനകൾ’ കാരണമാണ് കരയുദ്ധം വൈകിപ്പിക്കുന്നതെന്ന് ഗസ്സ അതിർത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ സജ്ജരാണ്. ഐ.ഡി.എഫും സതേൺ കമാൻഡും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. ഭരണനേതൃത്വവുമായി ആലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളും’- ഹലേവി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.