ചികിത്സയിലുള്ളവരെ തെരുവിൽ തള്ളുന്നു
text_fieldsഗസ്സ: നിരപരാധികളെ കൊന്നൊടുക്കരുതെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ മുറവിളികൾക്കിടയിലും ഗസ്സയിലെ വെടിനിർത്തൽ ആവശ്യം വീണ്ടും തള്ളി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു. കൂടുതൽ സൈനികരെ രംഗത്തിറക്കി ആക്രമണം കടുപ്പിച്ച ഇസ്രായേൽ, ഗസ്സയിലെ ഏറ്റവും വലിയ ആതുരാലയമായ അൽ ശിഫയുടെ ഹൃദയചികിത്സ വിഭാഗം ബോംബിട്ട് തകർത്തു. ഗുരുതര പരിക്കേറ്റവരെ അടക്കം ഒഴിപ്പിച്ച് തെരുവിലേക്കിറക്കി വിടുകയാണ്. ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിലായതായി ആരോഗ്യ മന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ പറഞ്ഞു. ചുറ്റുപാടും വളഞ്ഞ് ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ധനവും വൈദ്യുതിയുമില്ലാതെ അൽ ഖുദ്സ് ആശുപത്രിയുടെ പ്രവർത്തനവും നിലച്ചു.
രണ്ട് ആശുപത്രികളിലുമായി നവജാത ശിശുക്കളടക്കം ആയിരങ്ങളാണ് മരണവുമായി മല്ലിടുന്നത്. യുദ്ധം ആറാംവാരത്തിലേക്ക് കടക്കുമ്പോൾ ടെലിവിഷനിലൂടെ ഇസ്രായേലികളെ അഭിസംബോധന ചെയ്യവെയാണ് ഹമാസ് പിടികൂടിയ ബന്ദികളെ വിട്ടയക്കാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചത്. ഹമാസിന്റെ തുരങ്കങ്ങളും സൈനിക കേന്ദ്രവുമുണ്ടെന്നാരോപിച്ച് അൽ ശിഫ ആശുപത്രി പരിസരത്ത് കനത്ത ആക്രമണം തുടരുകയാണ്. ആശുപത്രിയിലെ അവസാന ജനറേറ്ററും പ്രവർത്തനരഹിതമായതായും ഒരു നവജാതശിശു മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഖാൻ യൂനുസിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗസ്സയിലെ യു.എൻ കേന്ദ്രത്തിനുനേരെ നടന്ന ആക്രമണത്തിലും നിരവധി പേർ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.