തെക്കൻ ഗസ്സയും ചാരമാക്കുന്നു
text_fieldsഗസ്സ സിറ്റി: വടക്കൻ ഗസ്സ ചാരമാക്കിയതിനുപിറകെ ലക്ഷക്കണക്കിന് അഭയാർഥികൾ കഴിയുന്ന ദക്ഷിണ ഗസ്സയെയും ചോരയിൽമുക്കി വ്യാപക ആക്രമണവുമായി ഇസ്രായേൽ. ഖാൻയൂനുസ്, റഫ പ്രദേശങ്ങളിൽ 24 മണിക്കൂറിനിടെ നടന്ന കനത്ത ആക്രമണങ്ങളിൽ 349 പേർ കൊല്ലപ്പെട്ടു. ടാങ്കുകളും ബുൾഡോസറുകളും വൻതോതിൽ ദക്ഷിണഗസ്സയിലേക്ക് നീങ്ങുകയാണ്.
വടക്കൻ ഗസ്സയുമായി ബന്ധിപ്പിക്കുന്ന സലാഹുദ്ദീൻ റോഡ് വഴിയാണ് സൈനികവാഹനങ്ങൾ എത്തുന്നതെന്നും റോഡിലൂടെ നീങ്ങുന്ന കാറുകൾക്കും ആളുകൾക്കുംനേരെ വെടിവെപ്പ് തുടരുകയാണെന്നും എ.എഫ്.പി റിപ്പോർട്ട് ചെയ്തു. വടക്കൻ ഗസ്സയിൽനിന്നും ഗസ്സ സിറ്റിയിൽനിന്നും എത്തിയവരടക്കം 18 ലക്ഷം ഫലസ്തീനികൾ തിങ്ങിക്കഴിയുന്ന മേഖലയാണ് ദക്ഷിണ ഗസ്സ. ഇവിടെ ആക്രമണം കനപ്പിച്ച ഇസ്രായേൽ ജനങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയിട്ടുണ്ട്.
20 മേഖലകളിലാണ് തിങ്കളാഴ്ച രാവിലെ ഒഴിഞ്ഞുപോകാൻ അന്ത്യശാസനം ലഭിച്ചത്. ആക്രമണസാധ്യതയുള്ള പ്രദേശങ്ങൾ അടയാളപ്പെടുത്തിയ പ്രത്യേക ഭൂപടവും വിമാനങ്ങളിൽനിന്ന് വർഷിക്കുന്നുണ്ട്. റഫയിൽ നടന്ന ആക്രമണത്തിൽ ബാസ്കറ്റ്ബാൾ കോർട്ടിന്റെ വലുപ്പത്തിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അവശിഷ്ടങ്ങളിൽനിന്ന് പിഞ്ചുകുഞ്ഞിന്റെതെന്ന് കരുതുന്ന കാലുകളും വസ്ത്രങ്ങളും കണ്ടെടുത്തു. ഖാൻ യൂനുസിൽ കൊല്ലപ്പെട്ടവരിൽ ഏറെയും ദക്ഷിണ മേഖലയിൽനിന്നടക്കം അഭയാർഥികളായി എത്തിയവരാണ്. ഇവിടെ വരുംനാളുകളിലും വൻ ആക്രമണം തുടരുമെന്നാണ് സൂചന. ഹമാസ് നേതാവ് യഹ്യ സിൻവറിന്റെ നാടുകൂടിയാണ് ഖാൻയൂനുസ്. നിലവിൽ ഗസ്സയിലെ അഞ്ചിൽ നാലുപേരും വീടുവിട്ടൊഴിയാൻ നിർബന്ധിതരായെന്നാണ് റിപ്പോർട്ട്.
അതിനിടെ, ഹമാസ് തടവിൽ പാർപ്പിച്ചിരുന്ന ആറ് തായ്ലൻഡ് സ്വദേശികളായ ബന്ദികളെകൂടി ഞായറാഴ്ച വിട്ടയച്ചു. വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സേന നടത്തിയ റെയ്ഡിൽ 60 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തു. ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ 15,899 പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.