ഫലസ്തീൻ-ഇസ്രായേൽ സംഘർഷം: ദ്വിരാഷ്ട്ര പരിഹാരം മാത്രമേ ശാശ്വത സമാധാനവും സ്ഥിരതയും നൽകൂവെന്ന് മോദി
text_fieldsന്യൂയോർക്ക്: പശ്ചിമേഷ്യ സംഘർഷം അതി രൂക്ഷമാകുന്നതിനിടെ ന്യൂയോർക്കിൽ നടക്കുന്ന യു.എൻ ഭാവി ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി. ദ്വിരാഷ്ട്ര പരിഹാരം മാത്രമേ മേഖലയിൽ ശാശ്വതമായ സമാധാനവും സ്ഥിരതയും നൽകൂവെന്ന് പറഞ്ഞ മോദി ഫലസ്തീനെ ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് അനുസ്മരിച്ചു.
സെപ്റ്റംബർ 21 മുതൽ 23 വരെ യു.എസ് സന്ദർശനത്തിനെത്തിയ മോദി, ഇസ്രായേൽ-ഫലസ്തീൻ വിഷയത്തിൽ ഇന്ത്യയുടെ തത്വാധിഷ്ഠിത നിലപാട് ആവർത്തിച്ചു. വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കാനും സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും പാതയിലേക്ക് മടങ്ങാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ഗസ്സയിലെ പ്രതിസന്ധിയിലും മേഖലയിലെ വഷളായ സുരക്ഷാ സാഹചര്യത്തിലും പ്രധാനമന്ത്രി അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുകയും ഫലസ്തീനിലെ ജനങ്ങൾക്ക് ഇന്ത്യയുടെ അചഞ്ചലമായ പിന്തുണ വീണ്ടും ഉറപ്പിക്കുകയും ചെയ്തതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യു.എന്നിൽ ഫലസ്തീൻ അംഗത്വത്തിന് ഇന്ത്യയുടെ പിന്തുണ അറിയിക്കുകയും ചെയ്തു. വിദ്യാഭ്യാസമടക്കം മേഖലകളിൽ ഫലസ്തീന് ഇന്ത്യ നൽകുന്ന സഹായവും പിന്തുണയും ആവർത്തിച്ച മോദി ഇന്ത്യ-ഫലസ്തീൻ ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചും മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി.
യു.എൻ യോഗത്തോടനുബന്ധിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലിയുമായും മോദി കൂടിക്കാഴ്ച നടത്തി. കുവൈത്ത് കിരീടാവകാശി ശൈഖ് ഖാലിദ് അസ്സബാഹുമായും മോദി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.