കരയുദ്ധത്തിൽ തിരിച്ചടി; കനത്ത വ്യോമാക്രമണവുമായി ഇസ്രായേൽ
text_fieldsബൈറൂത്: കരയുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ട ഇസ്രായേൽ ഗസ്സയിലെയും ലബനാനിലെയും വെസ്റ്റ് ബാങ്കിലെയും ജനവാസ മേഖലയിൽ മാരക വ്യോമാക്രമണം നടത്തി. അധിനിവേശ വെസ്റ്റ് ബാങ്കിലെ തൂൽകറം അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ 20 വർഷത്തിനിടെ ഏറ്റവും വലിയ വ്യോമാക്രമണമാണ് വെള്ളിയാഴ്ച പുലർച്ചെ നടന്നത്. ദരിദ്രരായ അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിലായിരുന്നു ആക്രമണം.
ക്യാമ്പിൽ 21,000ത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. ലബനാനിലെ വിവിധ കേന്ദ്രങ്ങളിലും ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി. ഗസ്സയിലെ ഖാൻ യൂനുസിലും ദൈർ അൽബലാഹിലും നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 14 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികൾ 41,802 ആയി. 96,844 പേർക്ക് പരിക്കേറ്റു. അതേസമയം, ലബനാനിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഇസ്രായേൽ സൈന്യത്തിന് ശക്തമായ തിരിച്ചടി നേരിട്ടു. ഒരാഴ്ചക്കിടെ 15ലേറെ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയും ഉന്നത സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേലിലെ തുറമുഖ നഗരമായ ഹൈഫയെ ലക്ഷ്യംവെച്ച് ഹിസ്ബുല്ല നിരവധി റോക്കറ്റുകൾ തൊടുത്തു. ലബനാനിലുള്ള യു.എൻ സമാധാന സേന അതിർത്തി പ്രദേശത്തുനിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ സൈന്യം ഉത്തരവിട്ടു.
ഇസ്രായേൽ ബോംബാക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ ലക്ഷക്കണക്കിന് ലബനാനുകാർ ഉപയോഗിച്ചിരുന്ന അതിർത്തി റോഡ് ഇസ്രായേൽ തകർത്തതായി ലബനാൻ ഗതാഗത മന്ത്രി അലി ഹാമി പറഞ്ഞു. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി ഹ്രസ്വ സന്ദർശനത്തിനായി ലബനാനിലെത്തി. പ്രധാനമന്ത്രി നജീബ് മീകാതി ഉൾപ്പെടെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം മേഖലയിലെ രാജ്യങ്ങൾ ലബനാന് പിന്തുണ നൽകണമെന്ന് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.