പുലർച്ചെ നരഹത്യ: ഗസ്സയിൽ 30 പേരെ കൂടി ഇസ്രായേൽ കൊലപ്പെടുത്തി; ആകെ മരണം 4,137
text_fieldsഗസ്സ: ഇന്ന് പുലർച്ചെ ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുപ്പതോളം പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. തെക്കൻ റഫ സിറ്റിയിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണത്തിൽ കുറഞ്ഞത് 14 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. അവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേരെ കാണാതായിട്ടുണ്ട്. ജബലിയ നഗരത്തിൽ 14 പേരും കൊല്ലപ്പെട്ടതായി വഫ റിപ്പോർട്ട് ചെയ്യുന്നു.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരഹത്യ 14ാം ദിവസത്തിലേക്ക് കടന്നപ്പോൾ മരണസംഖ്യ 4,137 ആയെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു. മരിച്ചവരിൽ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 352 പേരാണ് കൊല്ലപ്പെട്ടത്. 1,000-ത്തിലധികം ആളുകളെ കാണാതായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇസ്രായേൽ തകർത്ത വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾക്കിടയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം.
ഗസ്സയിൽ ഏകദേശം 14 ലക്ഷം ആളുകളാണ് ഇതിനകം കുടിയൊഴിപ്പിക്കപ്പെട്ടത്. 5,44,000ത്തിലധികം ആളുകൾ യുഎൻ നിയന്ത്രണത്തിലുള്ള 147 എമർജൻസി ഷെൽട്ടറുകളിൽ അഭയം പ്രാപിച്ചു. ഗസ്സയിലെ പാർപ്പിട മന്ത്രാലയം റിപ്പോർട്ടനുസരിച്ച് ഇതുവരെ ഗസ്സ മുനമ്പിലെ കുറഞ്ഞത് 30 ശതമാനം വീടുകൾ ഇസ്രായേൽ മുഴുവനായോ ഭാഗികമായോ തകർത്തിട്ടുണ്ട്.
അധിനിവേശ വെസ്റ്റ്ബാങ്കിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ സൈന്യം മൂന്ന് ഫലസ്തീൻ കുട്ടികളെ കൊലപ്പെടുത്തി. ഇതോടെ, ഒക്ടോബർ 7 മുതൽ ഇസ്രായേൽ സേനയും കുടിയേറ്റക്കാരും ചേർന്ന് അധിനിവേശ വെസ്റ്റ്ബാങ്കിൽ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 82 ആയി. ഇതിൽ 25 പേരും കുട്ടികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.