ഞങ്ങൾ മരിക്കുന്നത് വരെ രോഗികളെ ശുശ്രൂഷിക്കും -അൽശിഫയിലെ ഡോക്ടർമാർ
text_fieldsഗസ്സ: വംശവെറി മൂത്ത് ആതുരാലയത്തിൽ വരെ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ ക്രൂരതക്ക് മുന്നിൽ പതറാതെ അൽശിഫ ആശുപത്രിയിലെ ഡോക്ടർമാർ. ആശുപത്രിയിൽ ചികിത്സതേടിയെത്തിയ രോഗികളെ തങ്ങളുടെ അന്ത്യശ്വാസം വരെ പരിചരിക്കുമെന്ന് അൽശിഫയിലെ ഡോക്ടർമാർ പ്രതിജ്ഞയെടുത്തതായി ഗസ്സയിലെ ആശുപത്രികളുടെ ജനറൽ ഡയറക്ടർ ഡോ. മുനീർ അൽ ബുർഷ് പറഞ്ഞു. ഒഴിഞ്ഞുപോകണമെന്ന് ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയതിനുപിന്നാലെയാണ് ഡോക്ടർമാർ തങ്ങളുടെ തീരുമാനം വ്യക്തമാക്കിയത്.
ഇസ്രായേൽ അധിനിവേശ സേന ഇപ്പോഴും ആശുപത്രിക്കുള്ളിൽ സർവനാശം വിതച്ച് അഴിഞ്ഞാടുകയാണ്. ‘അവർ (ഇസ്രായേൽ സേന) ഇപ്പോഴും ഇവിടെയുണ്ട്. രോഗികളും സ്ത്രീകളും കുട്ടികളും ഭയചകിതരാണ്. രോഗികളെ തങ്ങളുടെ അന്ത്യശ്വാസം വരെ പരിചരിക്കുമെന്ന് അൽശിഫയിലെ ഡോക്ടർമാർ പ്രതിജ്ഞയെടുത്തിട്ടുണ്ട്’ -ഡോ. മുനീർ പറഞ്ഞു. രോഗികൾക്കും ജീവനക്കാർക്കും ആശുപത്രിയിൽ അഭയം തേടിയ കുടുംബങ്ങൾക്കും പുറത്തുപോകാൻ സുരക്ഷിതമായ ഇടനാഴി ഉറപ്പാക്കാൻ അദ്ദേഹം ഐക്യരാഷ്ട്രസഭയോടും റെഡ് ക്രോസ് ഇന്റർനാഷണൽ കമ്മിറ്റിയോടും ആവശ്യപ്പെട്ടു.
കുറഞ്ഞത് 2,300 രോഗികളും ജീവനക്കാരും സാധാരണക്കാരും ആശുപത്രയിൽ ഇപ്പോഴും ഉണ്ടെന്നാണ് ഐക്യരാഷ്ട്ര സഭ കണക്കാക്കുന്നത്. ആശുപത്രിയിൽ കയറിയ ഇസ്രായേൽ സൈന്യം രോഗികളുടെയും ആശുപത്രി ജീവനക്കാരുടെയും കൺമുന്നിൽ അതിക്രമം അഴിച്ചുവിടുകയാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിലെ മരുന്നുകളുടെയും മെഡിക്കൽ ഉപകരണങ്ങളുടെയും സംഭരണശാല ഇസ്രായേൽ സൈന്യം തകർത്തു.
ആശുപത്രിയിൽ അഭയം തേടിയ നിരവധി പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പുറത്തേക്ക് കൊണ്ടുപോയ 30 ഓളം പേരെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി കണ്ണുകൾ മൂടിക്കെട്ടി ആശുപത്രി മുറ്റത്ത് നിർത്തി. ആശുപത്രിക്കുള്ളിലെ ആക്രമണത്തെ തുടർന്ന് പുറത്തേക്ക് ഓടുമ്പോൾ, പുറത്ത് കാത്തുനിന്നും ജനത്തിനുനേർക്ക് വെടിവെപ്പ് നടത്തുകയാണ്. എല്ലാ ദിശകളിൽ നിന്നും ഇസ്രായേൽ സൈനിക ടാങ്കുകൾ അൽ ശിഫ ആശുപത്രിയെ വളഞ്ഞിരിക്കുകയാണ്. തീവ്രമായ ഷെല്ലാക്രമണവും നടത്തുന്നുണ്ട്.
രോഗികളെ തെരുവുകളിലേക്ക് ഇറക്കി വിടില്ലെന്ന് ആശുപത്രി അഡ്മിനിസ്ട്രേഷൻ അറിയിച്ചു. സുരക്ഷിതമായ മാനുഷിക ഇടനാഴിയിലൂടെ രോഗികളുടെ ആരോഗ്യം പരിഗണിച്ച് മാത്രമേ ഒഴിപ്പിക്കൽ നടത്തൂവെന്ന് ആശുപത്രി ഡയറക്ടർ അറിയിച്ചതായി ഗസ്സ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.