‘അൽ ശിഫ ഇപ്പോൾ ആശുപത്രിയല്ല, വലിയ ജയിലും കൂട്ടശവക്കുഴിയും’
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫ ഹോസ്പിറ്റൽ ഇപ്പോൾ വലിയ ജയിലും കൂട്ടശവക്കുഴിയുമാണെന്ന് ഡയറക്ടർ മുഹമ്മദ് അബൂ സാൽമിയ. ആശുപത്രി കോമ്പൗണ്ടിൽ നിലവിൽ രോഗികളും അഭയാർഥികളുമടക്കം 7,000 പേരുണ്ടെന്നും ജീവനക്കാർ ഇപ്പോഴും രോഗികളെ തങ്ങളാലാവും വിധം പരിചരിക്കുന്നുണ്ടെന്നും അദ്ദേഹം അൽ ജസീറയോട് പറഞ്ഞു. എന്നാൽ, തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്നവരെല്ലാം ഇസ്രായേൽ ക്രൂരതയിൽ കൊല്ലപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
“നമ്മുടെ കൈയിൽ ഒന്നുമില്ല. വൈദ്യുതിയില്ല, ഭക്ഷണമില്ല, വെള്ളമില്ല. ഓരോ നിമിഷം കഴിയുന്തോറും ഓരോ ജീവൻ നഷ്ടപ്പെടുന്നു. ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് 22 പേരെ നഷ്ടപ്പെട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രി ഉപരോധത്തിലാണ്. ആശുപത്രിയിൽനിന്ന് പോകാൻ ഇസ്രായേൽ അധിനിവേശ സേനയോട് ജീവനക്കാർ അഭ്യർഥിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല’ -സാൽമിയ പറഞ്ഞു. “ഇതൊരു യുദ്ധക്കുറ്റമാണ്. പൂർണാർഥത്തിലുള്ള യുദ്ധക്കുറ്റം” -അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധം തുടങ്ങിയത് മുതൽ തുടർച്ചയായി ഉൗണും ഉറക്കവുമില്ലാതെ ജോലിയെടുക്കുന്ന ഡോക്ടർമാരും നഴ്സുമാരുമാണ് അൽശിഫയിലുള്ളത്. എന്നാൽ, ഇപ്പോൾ ഇസ്രായേലിെൻറ തോക്കിൻമുനയിൽ ശ്മശാന മൂകതയിലാണ് ഇവിടം. വൈദ്യുതിയില്ലാത്തതിനാൽ ഐ.സി.യുവിലും നവജാത ശിശു വിഭാഗത്തിലും നൂറുകണക്കിന് പേരാണ് മരിച്ചുവീണത്. ഇതിനുപുറമേയാണ് ഇസ്രായേൽ കൊലപ്പെടുത്തിയവരുടെ എണ്ണം. ഇവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്യാൻ പോലും ഇസ്രായേൽ സൈന്യം അനുവദിക്കുന്നില്ല.
ഗസ്സയിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ആശുപത്രിയുടെ കോമ്പൗണ്ടിലേക്ക് ആരെയും കടക്കാൻ അനുവദിക്കാതെ കഴിഞ്ഞ ബുധനാഴ്ച മുതൽ സൈന്യം ഉപരോധിക്കുകയാണ്. ആശുപത്രിയിൽ ഹമാസ് പോരാളികളുടെ കമാൻഡ് സെന്റർ ഉണ്ടെന്ന വ്യാജോരോപണം ഉന്നയിച്ചാണ് ഇസ്രായേൽ സൈന്യം ക്രൂരമായ ആക്രമണവും റെയ്ഡും നടത്തിയത്. എന്നാൽ, ഈ ആേരാപണം തീർത്തും അടിസ്ഥാനരഹിതമാണെന്നും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ലോകരാഷ്ട്രങ്ങളുടെ പ്രതിനിധികൾക്ക് ആശുപത്രിയിൽ പരിശോധന നടത്തി വസ്തുത ബോധ്യപ്പെടാമെന്നും ഹമാസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇതൊക്കെ നിഷ്കരുണം തള്ളിക്കളഞ്ഞാണ് ചികിത്സയിലുള്ളവരെയടക്കം കൊന്നൊടുക്കി ആതുരാലയം നശിപ്പിക്കാൻ ഇസ്രായേൽ മുന്നിട്ടിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.