മരിച്ചിട്ടും ക്രൂരത! പിഞ്ചുമൃതദേഹങ്ങളടക്കം ആശുപത്രിയിൽ അഴുകുന്നു; ഖബറടക്കാൻ വിടാതെ ഇസ്രായേൽ
text_fieldsഗസ്സ: ഫലസ്തീനിന്റെ അഭിമാനമായിരുന്ന അൽശിഫ ആശുപത്രി ഇപ്പോൾ അക്ഷരാർഥത്തിൽ മരണക്കളമാണ്. എവിടെയും മൃതദേഹങ്ങൾ. ഐ.സി.യുവും നവജാത ശിശു വിഭാഗവും ഹൃദ്രോഗ വിഭാഗവും എല്ലാം ഇസ്രായേലിന്റെ ചോരക്കൊതിയിൽ മരണമുറികളായി മാറി. ജീവനോടെ ആശുപത്രിയിൽ ഉള്ള രോഗികളും ജീവനക്കാരും അഭയാർഥികളുമാകട്ടെ ഏതുസമയവും മരണത്തെ പ്രതീക്ഷിച്ചിരിക്കുന്നു.
അതിനിടെയാണ് ഹൃദയംനുറുങ്ങുന്ന മറ്റൊരു വിവരം പുറത്തുവരുന്നത്. വൈദ്യുതി നിലച്ചതോടെ അൽശിഫയിലെ മോർച്ചറിയിൽ ഉണ്ടായിരുന്ന പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ളവരുടെ നൂറുകണക്കിന് മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയതായാണ് അധികൃതർ അറിയിക്കുന്നത്. ഈ മൃതദേഹങ്ങൾ ഖബറടക്കാനോ ആശുപത്രിയിൽ കുമിഞ്ഞുകൂടുന്ന മെഡിക്കൽ മാലിന്യങ്ങൾ തള്ളാനോ കഴിയാതെ ദുരിതത്തിലാണ് ജീവനക്കാർ. ആശുപത്രി ഇസ്രായേൽ സൈനികർ വളഞ്ഞതിനാൽ മൃതദേഹങ്ങൾ ഖബറടക്കാൻ പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. അങ്ങനെ ഇറങ്ങുന്നവരെ ഇസ്രയേലി ഷൂട്ടർമാർ വെടിവെച്ചിട്ടതായി റിപ്പോർട്ടുകൾ പറയുന്നു.
ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ ഓരോ ദിവസവും ശരാശരി 320 പേരാണ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരന്തര ബോംബാക്രമണത്തെത്തുടർന്ന് കഴിഞ്ഞ ദിവസങ്ങളിലായി കൊല്ലപ്പെട്ട നൂറുകണക്കിന് മൃതദേഹങ്ങൾ സംസ്കരിക്കാൻ അൽ-ശിഫ ആശുപത്രിയിലെ ആശുപത്രി ജീവനക്കാർ പാടുപെടുകയാണെന്ന് ഗസ്സ ആരോഗ്യമന്ത്രി മയി അൽ കൈല വാർത്ത ഏജൻസിയായ വഫയോട് പറഞ്ഞു. ആശുപത്രി കോംപ്ലക്‌സിൽ മെഡിക്കൽ മാലിന്യം കുമിഞ്ഞുകൂടുന്നത് ജീവനക്കാരുടെ ആരോഗ്യത്തെ അപകടത്തിലാക്കുന്നുണ്ടെന്നും അവർ പറഞ്ഞു. നിലവിൽ ഹോസ്പിറ്റലിൽ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.