ചിതറിയ കുഞ്ഞുടലുകൾ, അഴുകിയ മൃതദേഹങ്ങൾ... ഇസ്രായേൽ ഭീകരതയുടെ ശേഷിപ്പായി അൽശിഫ ആശുപത്രി; ദൃശ്യങ്ങൾ പുറത്ത്
text_fieldsഗസ്സ സിറ്റി: ഗസ്സയിലെ ഏറ്റവും വലിയ, തലയെടുപ്പുള്ള ആതുരാലയമാണ് അൽശിഫ ആശുപത്രി. ലക്ഷക്കണക്കിന് മനുഷ്യർക്ക് ചികിത്സ നൽകി ജീവിതത്തിലേക്ക് തിരികെ നടത്തിച്ച മഹിത ചരിത്രമുള്ള ഈ ആശുപത്രി ഇന്ന്, ഒടിഞ്ഞുതകർന്ന അസ്ഥികൂടം പോലെ കോൺക്രീറ്റ് ബീമുകളും സ്ലാബുകളും പുറത്തേക്ക് തുറിച്ച് തള്ളി നിൽക്കുന്നു. ഐ.സി.യുവും ഓപറേഷൻ തിയറ്ററും ശിശുരോഗവിഭാഗവും പ്രേതഭവനം കണക്കെ കത്തിക്കരിഞ്ഞ് വെറും കോൺക്രീറ്റ് അവശിഷ്ടം. മനുഷ്യത്വമില്ലാത്ത ഇസ്രായേലിന്റെ സൈനികർ രണ്ടാഴ്ച ഇവിടെ സംഹാരതാണ്ഡവമാടിയതിന്റെ ബാക്കിപത്രമാണിത്.
തീർന്നില്ല, ഇപ്പോൾ മരണത്തിന്റെ മണമാണിവിടെയെങ്ങും. ഇന്നലെ സന്നദ്ധപ്രവർത്തകരും യു.എൻ ഉദ്യോഗസ്ഥരും ഫലസ്തീൻ സിവിൽ ഡിഫൻസും ആശുപത്രിയിൽ എത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഇസ്രായേൽ കൊലപ്പെടുത്തിയ പിഞ്ചുകുഞ്ഞുങ്ങളുടെ ഉടലുകൾ വരെ ആശുപത്രിയിലും മുറ്റത്തും ചിതറിക്കിടക്കുന്നു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽനിന്ന് മൃതദേഹങ്ങൾ ചീഞ്ഞളിഞ്ഞതിന്റെ ദുർഗന്ധം വമിക്കുന്നു... സ്ത്രീകളും കുഞ്ഞുങ്ങളും മുതിർന്നവരുമടക്കമുള്ളവരുടെ കൈകാലുകളും ശരീരഭാഗങ്ങളും പലയിടത്തുമായി കിടക്കുന്നു. ആശുപത്രിമുറ്റത്ത് കൂട്ടക്കുഴിയെടുത്ത് ഒരുമിച്ച് തള്ളിയ മൃതശരീരങ്ങൾ വേറെ.. മുമ്പ് കൊല്ലപ്പെട്ടവർക്ക് ആശുപത്രി വളപ്പിലൊരുക്കിയ ഖബറുകൾ ഇസ്രായേൽ ബുൾഡോസറുകൾ മാന്തിപ്പൊളിച്ച് പുറത്തിട്ട മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും അങ്ങിങ്ങായി കിടക്കുന്നു.
Footage of interior of Gaza's largest hospital Al Shifa released by WHO.
— Sky News (@SkyNews) April 7, 2024
WHO chief Tedros Ghebreyesus said that the hospital had been reduced to ashes, leaving it an "empty shell with human graves". https://t.co/tCA167J9Sr pic.twitter.com/r2wkvz1Mgi
ചികിത്സ തേടിയെത്തിയവരും ആരോഗ്യപ്രവർത്തകരും അഭയം തേടിയവരുമടക്കം 300ഓളം പേരെയാണ് ഈ ആശുപത്രിക്കകത്ത് ഇസ്രായേൽ വെടിവെച്ചും പട്ടിണിക്കിട്ടും മർദിച്ചും രണ്ടാഴ്ചകൊണ്ട് കൂട്ടക്കൊല ചെയ്തത്. അവരുടെ മൃതദേഹങ്ങളോട് പോലും കൊടുംക്രൂരതയാണ് സൈനികർ കാണിച്ചത്. മരിച്ചവരുടെ ദേഹത്തുകൂടി ടാങ്കുകൾ ഓടിച്ചുകയറ്റിയെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തിയിരുന്നു.
ആശുപത്രിയിലേക്കുള്ള വഴിപോലും ബുൾഡോസർ ഉപയോഗിച്ച് കിളച്ചുമറിച്ചു. ആശുപത്രി സമുച്ചയവും പരിസരത്തെ കെട്ടിടങ്ങളും തകർത്തുതരിപ്പണമാക്കിയാണ് ഇസ്രായേൽ സേന ഇവിടെ നിന്ന് പിന്മാറിയത്. കവചിത വാഹനങ്ങളുടെ അകമ്പടിയിൽ രണ്ടാഴ്ച നീണ്ട സൈനിക താണ്ഡവത്തിനിടെ ചികിത്സ മുടങ്ങി നിരവധി രോഗികൾ മരിച്ചിരുന്നു. കൂട്ടിരിപ്പുകാരായും അഭയാർഥികളായും അകത്തുണ്ടായിരുന്നവരെ കൊലപ്പെടുത്തി നൂറുകണക്കിന് പേരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്തു. കെട്ടിടങ്ങൾക്ക് തീയിടുകയും ബോംബിട്ട് കോൺക്രീറ്റ് കൂനകളാക്കുകയും ചെയ്തു. കഴിഞ്ഞ നവംബർ മുതൽ നാലുതവണയാണ് ഇസ്രായേൽ സേന ഈ ആശുപത്രിയിൽ ഇരച്ചുകയറി അതിക്രമം അഴിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.