ഇസ്രായേലിനെതിരെ നിയമയുദ്ധം: ദക്ഷിണാഫ്രിക്കക്ക് സമാധാന നൊബേൽ നൽകണമെന്ന് കൊളംബിയ
text_fieldsബാഗോട്ട: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിയമയുദ്ധം നയിച്ച ദക്ഷിണാഫ്രിക്കക്ക് സമാധാന നൊബേൽ നൽകണമെന്ന് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ദക്ഷിണാഫ്രിക്ക നടത്തുന്ന കേസിന് ആവർത്തിച്ച് പിന്തുണ പ്രഖ്യാപിച്ച ഗുസ്താവോ, ഗസ്സക്കെതിരെ ഇസ്രായേൽ നടത്തുന്നത് വംശഹത്യയാണെന്ന് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
‘ഇന്ന് ആരെങ്കിലും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് അർഹരാണെങ്കിൽ, അത് ഫലസ്തീൻ ജനതയുടെ സംരക്ഷണത്തിനായി നെതന്യാഹുവിനെതിരെ വംശഹത്യക്കുറ്റത്തിന് പരാതി നൽകിയ ദക്ഷിണാഫ്രിക്കൻ നിയമസംഘമായിരിക്കും’ -അദ്ദേഹം എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. അർജന്റീന, ബൊളീവിയ, ചിലി, പെറു എന്നീ രാജ്യങ്ങളും ഇസ്രായേലിന്റെ ഗസ്സ കൂട്ടക്കുരുതിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ഗസ്സയിൽ ഇസ്രായേൽ വംശഹത്യ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഐക്യരാഷ്ട്രസഭക്ക് കീഴിലെ ഹേഗ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ (ഐ.സി.ജെ) ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായിരുന്നു കോടതി വാദം കേട്ടത്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയും വെള്ളിയാഴ്ച ഇസ്രായേലും തങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിച്ചു.
ഗസ്സയിൽ ഇസ്രായേൽ തുടരുന്നത് വംശഹത്യ തന്നെയെന്നതിന് ദക്ഷിണാഫ്രിക്ക തെളിവുകൾ നിരത്തി. നേരത്തേ ആസൂത്രണംചെയ്ത് നിശ്ചയിച്ചുറപ്പിച്ച വംശഹത്യയാണ് ഗസ്സയിൽ നടക്കുന്നതെന്ന് ദക്ഷിണാഫ്രിക്കക്കുവേണ്ടി ഹാജരായ അഭിഭാഷക ആദില ഹാശിം ചൂണ്ടിക്കാട്ടി.
ഗസ്സയിൽ മാരകമായ കൂട്ട നശീകരണായുധങ്ങളാണ് ഇസ്രായേൽ പ്രയോഗിക്കുന്നത്. സിവിലിയന്മാരെ വലിയതോതിൽ കൊലപ്പെടുത്തി. ബോംബുകൾ വർഷിച്ച് ഫലസ്തീനികളെ വീട് വിടാൻ പ്രേരിപ്പിച്ചശേഷം സുരക്ഷിത കേന്ദ്രമെന്നു പറഞ്ഞ് അഭയാർഥി ക്യാമ്പുകളിലെത്തിച്ച് കൂട്ടക്കൊല ചെയ്തു. ഭക്ഷണം, വെള്ളം, ആരോഗ്യപരിപാലനം, ഇന്ധനം, ശുചിത്വം, വാർത്താവിനിമയംപോലുള്ള അടിസ്ഥാന ആവശ്യങ്ങൾ നിരസിച്ചു.
വീടുകൾ, സ്കൂളുകൾ, മുസ്‍ലിം പള്ളികൾ, ചർച്ചുകൾ, ആശുപത്രികൾ എന്നിവ ബോംബിട്ടു തകർത്തു. കുട്ടികളെ വൻതോതിൽ കൊലപ്പെടുത്തുകയും പരിക്കേൽപിക്കുകയും അനാഥരാക്കുകയുംചെയ്തു. വംശഹത്യകൾ ഒരിക്കലും മുൻകൂട്ടി പ്രഖ്യാപിച്ച് നടപ്പാക്കുന്നതല്ല. എന്നാൽ, 13 ആഴ്ചയായി ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണെന്ന് ഇത്തരം സംഭവങ്ങൾ വിശകലനംചെയ്യുമ്പോൾ കോടതിക്ക് വ്യക്തമാകുമെന്ന് ആദില ബോധിപ്പിച്ചു.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ്, പ്രസിഡന്റ് ഐസക് ഹെർസോഗ് എന്നിവരുടെ പ്രസ്താവനകൾ വംശഹത്യക്ക് തെളിവാണെന്ന് മറ്റൊരു അഭിഭാഷകൻ തെംബെക കുകൈതോബി ചൂണ്ടിക്കാട്ടി. ‘ഒക്ടോബർ ഏഴ് ആക്രമണത്തിന് ആ രാജ്യം മുഴുവൻ ഉത്തരവാദികളാണ്’ എന്ന ഐസക് ഹെർസോഗിന്റെ പ്രസ്താവന അദ്ദേഹം എടുത്തുപറഞ്ഞു.
‘അമാലേക്യരെ ആക്രമിക്കുകയും അവരുമായി ബന്ധപ്പെട്ട എല്ലാം നശിപ്പിക്കുകയും ചെയ്യുക’ എന്ന വേദപുസ്തകത്തിലെ വാക്യം ചൊല്ലി ഇസ്രായേൽ സൈനികർ ഗസ്സയിൽ ആഹ്ലാദപൂർവം ഗാനം ആലപിക്കുന്ന ദൃശ്യവും കോടതിയിൽ പ്രദർശിപ്പിച്ചു. അമാലേക്യൻ സമൂഹത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മൃഗങ്ങളെയും കൊന്നുകളയാനുള്ള ഇസ്രായേലിന്റെ ഒന്നാമത്തെ രാജാവായ ശൗലിന്റെ കൽപനയെക്കുറിച്ച് പ്രധാനമന്ത്രി നെതന്യാഹു ഇസ്രായേൽ ജനതയെ ഓർമിപ്പിക്കുന്ന വിഡിയോയും തെളിവായി ഹാജരാക്കി. ഫലസ്തീൻ ജനതയെ ഒന്നടങ്കം നശിപ്പിക്കുകയെന്ന വ്യക്തമായ പദ്ധതിയോടെയാണ് ഇസ്രായേൽ മുന്നോട്ടുപോകുന്നതെന്ന് ഇതുവരെയുള്ള സംഭവങ്ങൾ വിശകലനം ചെയ്യുമ്പോൾ വ്യക്തമാകുന്നതായും തെംബെക വിശദീകരിച്ചു.
തങ്ങൾ വംശഹത്യയാണ് ചെയ്യുന്നതെന്ന് ഏതെങ്കിലും രാജ്യം സമ്മതിക്കുമോയെന്ന് അദ്ദേഹം ചോദിച്ചു. ഇസ്രായേൽ എന്ന രാജ്യത്തെമ്പാടും മുഴങ്ങുന്നത് വംശഹത്യയെ പ്രോത്സാഹിപ്പിക്കുന്ന പ്രസംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, ദക്ഷിണാഫ്രിക്കയുടെ ആരോപണം അന്താരാഷ്ട്ര കോടതിയിൽ ഇസ്രായേൽ നിഷേധിച്ചു. ഗസ്സയിലെ സൈനിക നടപടി ഇസ്രായേൽ ഉടനടി അവസാനിപ്പിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യം ആശ്ചര്യപ്പെടുത്തുന്നതാണെന്ന് ഇസ്രായേലിനുവേണ്ടി ഹാജരായ അഭിഭാഷകൻ ക്രിസ്റ്റഫർ സ്റ്റേക്കർ പറഞ്ഞു. വംശഹത്യ അവസാനിപ്പിക്കാൻ അന്താരാഷ്ട്ര കോടതി ഇടക്കാല നടപടി സ്വീകരിക്കണമെന്ന ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തെ അദ്ദേഹം എതിർത്തു.
ഇസ്രായേലിനെയും പൗരൻമാരെയും ലക്ഷ്യമിട്ട് ഹമാസ് ആക്രമണം തുടരുമ്പോൾ സംയമനം പാലിക്കണമെന്ന തരത്തിലുള്ള നിർദേശത്തിന് പ്രസക്തിയില്ലെന്ന് ക്രിസ്റ്റഫർ സ്റ്റേക്കർ പറഞ്ഞു. സൈനികനടപടി നിർത്തിവെച്ചാൽ ഹമാസിന് കൂടുതൽ ആക്രമണം നടത്താനുള്ള ശക്തി സംഭരിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടക്കാല ഉത്തരവ് വേണമെന്ന ആവശ്യം ന്യായീകരിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ ദക്ഷിണാഫ്രിക്കക്ക് കഴിഞ്ഞിട്ടില്ലെന്ന് ഇസ്രായേലിെന്റ ഡെപ്യൂട്ടി അറ്റോണി പറഞ്ഞു. ഗസ്സയിൽ മാനുഷിക സഹായങ്ങൾ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും വെള്ളത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലെന്നും ഇസ്രായേലിനുവേണ്ടി ഹാജരായ മറ്റൊരു അഭിഭാഷകൻ ഓംറി സെൻഡർ പറഞ്ഞു. ഭക്ഷണ ട്രക്കുകൾക്ക് ഗസ്സ മുനമ്പിൽ എത്താൻ കഴിയുന്നുണ്ട്. രോഗികൾക്കും പരിക്കേറ്റവർക്കും ചികിത്സക്കായി ഈജിപ്തിലേക്ക് പോകാൻ അനുമതിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ആക്രമണമാണ് ഇസ്രായേലിനെ സ്വയം പ്രതിരോധത്തിന് നിർബന്ധിതരാക്കിയതെന്ന് മറ്റൊരു അഭിഭാഷകൻ മാൽക്കം ഷാ പറഞ്ഞു.
കേസിൽ കോടതിയുടെ തീരുമാനം വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര കോടതി പ്രസിഡന്റ് ജൊവാൻ ഡൊണോഗ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.