ഭാവി ഫലസ്തീൻ സൈനികമുക്തമാകണമെന്ന് ഈജിപ്ത്: ‘നാറ്റോ, യു.എസ്, യു.എൻ, അറബ് സേനകളുടെ സുരക്ഷയാകാം’
text_fieldsകെയ്റോ: ഭാവി ഫലസ്തീൻ രാഷ്ട്രം സൈനികമുക്തമാക്കപ്പെടണമെന്ന് ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസി. ഇസ്രായേലിന്റെയും ഫലസ്തീന്റെയും സുരക്ഷ മുൻനിർത്തി വേണമെങ്കിൽ യു.എസ്, നാറ്റോ, ഐക്യരാഷ്ട്ര സഭ, അറബ് തുടങ്ങിയ സേനകളെ വിന്യസിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ബെൽജിയൻ പ്രധാനമന്ത്രി അലക്സാണ്ടർ ഡി ക്രൂ എന്നിവരോടൊപ്പം കെയ്‌റോയിൽ നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അൽ സിസി.
ഖത്തറിന്റെയും ഈജിപ്തിന്റെ മധ്യസ്ഥതയിലാണ് ഗസ്സയിൽ താൽകാലിക വെടിനിർത്തലിന് കളമൊരുങ്ങിയത്. ഇതിന് മുൻകൈയെടുത്ത ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിക്കും ഈജിപ്ത് പ്രസിഡൻറ് അബ്ദുൽ ഫത്താഹ് അൽസിസിക്കും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നന്ദി പറഞ്ഞിരുന്നു.
നാല് ദിവസത്തെ വെടിനിർത്തലിനാണ് ഇസ്രയേലും ഹമാസും ധാരണയിലായത്. 150 ഫലസ്തീൻ തടവുകാർക്കു പകരം ഹമാസ് പിടിയിലുള്ള ബന്ദികളിൽ 50 സ്ത്രീകളെയും കുട്ടികളെയും കൈമാറാനാണ് കരാർ വ്യവസ്ഥ. ഇതിന്റെ ഭാഗമായി സ്ത്രീകളും കുട്ടികളുമടക്കം 12 തായ്‍ലാൻഡുകാരെയും 13 ഇസ്രായേലികളെയും ഹമാസ് വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഒന്നരമാസം നീണ്ട ഇസ്രയേൽ അതിക്രമത്തിന് താൽകാല വിരാമം നൽകി നാല് ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏഴുമുതലാണ് പ്രാബല്യത്തിലായത്. തുടർന്ന് ഈജിപ്തിൽനിന്നുള്ള സഹായ ട്രക്കുകൾ ഗസ്സയിലേക്ക് പ്രവേശിച്ചിരുന്നു. ഗസ്സക്ക് പ്രതിദിനം 1,30,000 ലിറ്റർ ഡീസൽ നൽകുമെന്നും ഈജിപ്ത് അറിയിച്ചിട്ടുണ്ട്. ദിവസേന 200 ട്രക്ക് സഹായങ്ങൾ ഗസ്സയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.