ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ ഇലോൺ മസ്ക്: അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണി
text_fieldsസാൻഫ്രാൻസിസ്കോ: ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്കെതിരെ സമൂഹമാധ്യമമായ ‘എക്സി’ന്റെ ഉടമ ഇലോൺ മസ്ക്. ഫലസ്തീൻ വിമോചനത്തെ പിന്തുണക്കുന്നവർ ഉപയോഗിക്കുന്ന ‘ഫ്രം ദി റിവർ ടു ദി സീ’ (നദിയിൽ നിന്ന് കടലിലേക്ക്), അപകോളനിവത്കരണം (ഡികോളനൈസേഷൻ) തുടങ്ങിയ പ്രയോഗങ്ങൾ വംശഹത്യയെ സൂചിപ്പിക്കുന്നുവെന്നാണ് മസ്കിന്റെ വാദം. ഇത്തരം വാക്കുകൾ ഉപയോഗിക്കുന്ന എക്സിലെ അക്കൗണ്ടുകൾ സസ്പെൻഡ് ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. എക്സ് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
എന്നാൽ, ഫലസ്തീൻ അനുകൂല മുദ്രാവാക്യമായ ‘നദിയിൽ നിന്ന് കടലിലേക്ക്’ എന്നതിന്റെ അർഥം ജോർദാൻ നദി മുതൽ മെഡിറ്ററേനിയൻ കടൽ വരെ എന്നാണെന്നും അത് സ്വാതന്ത്ര്യാഹ്വാനമാണെന്നും മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഗസ്സയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണത്തിനെതിരെ ലോകത്ത് രോഷം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ഫലസ്തീൻ അനുകൂല ശബ്ദങ്ങളെ ക്രിമിനൽവത്കരിക്കാനും അഭിപ്രായ സ്വാതന്ത്ര്യം അവസാനിപ്പിക്കാനുമുള്ള നീക്കത്തിന്റെ ഭാഗമാണ് ഇലോൺ മസ്കിന്റെ നീക്കമെന്ന് അവർ ചൂണ്ടിക്കാണിക്കുന്നു.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് നേരത്തെ വീമ്പിളക്കിയ മസ്‌ക്, ഇപ്പോൾ മലക്കംമറിഞ്ഞതും വിമർശിക്കപ്പെടുന്നുണ്ട്. എക്‌സിൽ തങ്ങൾ നൽകുന്ന പരസ്യം തീവ്ര വലതുപക്ഷ ഉള്ളടക്കത്തിനൊപ്പം നൽകിയതിനാൽ താൽക്കാലികമായി അവ നിർത്താൻ ആപ്പിൾ പദ്ധതിയിടുന്നുവെന്ന വിവരം പുറത്തുവന്ന ദിവസമാണ് മസ്കിന്റെ പുതിയ പോസ്റ്റ്.
ഇസ്രായേൽ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്ന് ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്ന ഗസ്സയിൽ സാറ്റലൈറ്റ് വഴിയുള്ള സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് ഗസ്സയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്ന് ഇലോണ്‍ മസ്‌ക് നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, എല്ലാ അർത്ഥത്തിലും മസ്‌കിന്റെ നീക്കത്തെ എതിർക്കുമെന്ന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഷ്‌ലോമോ കാർഹി ഭീഷണിപ്പെടുത്തിയിരുന്നു. ‘ഗസയിലെ അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍ക്കായുള്ള കണക്ടിവിറ്റിക്ക് സ്റ്റാര്‍ ലിങ്ക് പിന്തുണയ്ക്കും,’ എന്ന് എക്‌സ് അക്കൗണ്ടിലൂടെയാണ് മസ്‌ക് അറിയിച്ചത്. റഷ്യൻ അധിനിവേശ സമയത്ത് യുക്രൈനിലും മസ്ക് സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കിയിരുന്നു. ഇന്റർനെറ്റ് ലഭ്യമാക്കിയാൽ സ്റ്റാർലിങ്കുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുമെന്നായിരുന്നു ഇസ്രായേൽ വിദേശകാര്യമന്ത്രിയുടെ ഭീഷണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.