അഞ്ചുവർഷം ഹമാസ് ബന്ദിയാക്കിയ ഗിലാദ് ഷാലിത് പുതിയ ബന്ദികളുടെ കുടുംബങ്ങളെ കണ്ടു
text_fieldsതെൽഅവീവ്: 2006 മുതൽ 2011 വരെ ഹമാസ് ബന്ദിയാക്കിയിരുന്ന മുൻ ഇസ്രായേൽ സൈനികൻ ഗിലാദ് ഷാലിത് നിലവിലുള്ള ബന്ദികളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ബന്ധുക്കൾക്ക് ഗിലാദ് ഷാലിത് തന്റെ പിന്തുണ അറിയിക്കുകയും ബന്ദികൾക്ക് അതിജീവിക്കാൻ കഴിയുമെന്ന് ആശ്വസിപ്പിക്കുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
37 കാരനായ ഷാലിത്തിനെ 2006ലാണ് ഹമാസ് പിടികൂടിയത്. ഇസ്രായേൽ അന്യായമായി തടവിലിട്ട 1000 ഫലസ്തീനികളെ വിട്ടയച്ച ശേഷമാണ് ഇയാളെ 2011ൽ മോചിപ്പിച്ചത്. ഗിലാദ് ഷാലിത്തിന് പകരമായാണ് നിലവിൽ ഹമാസിന്റെ പ്രമുഖ നേതാക്കളിലൊരാളായ യഹിയ സിൻവാർ അടക്കമുള്ളവരുടെ മോചനത്തിന് വഴിതുറന്നത്.
ഗിലാദിന്റെ മോചനമാവശ്യപ്പെട്ട് വർഷങ്ങൾ നീണ്ട ജനകീയ പ്രതിഷേധത്തെത്തുടർന്നാണ് തടവുകാരുടെ കൈമാറ്റത്തിന് ഇസ്രായേൽ വഴങ്ങിയത്. ഇസ്രായേലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തടവുകാരുടെ കൈമാറ്റമായിരുന്നു അത്.
നിലവിൽ ഹമാസിന്റെ പിടിയിലുള്ള 100ലേറെ ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ തടവറയിലുള്ള 10,000ലേറെ ഫലസ്തീനികളെ മോചിപ്പിക്കണമെന്നാണ് ഹമാസ് ആവശ്യപ്പെടുന്നത്. ഗസ്സക്കെതിരായ യുദ്ധം എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഒക്ടോബർ ഏഴിന് തുടങ്ങിയ യുദ്ധത്തിൽ സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം 24000ലേറെ ഫലസ്തീനികളെ ഇതിനകം ഇസ്രായേൽ കൊലപ്പെടുത്തി. പരിക്കേറ്റവരുടെ എണ്ണം 60000 കവിഞ്ഞു.
തങ്ങളുടെ പ്രിയപ്പെട്ടവർ മടങ്ങിവരുമെന്നും സന്തുഷ്ടമായ ജീവിതം നയിക്കാനാകുമെന്നും ഒക്‌ടോബർ 7ന് തട്ടിക്കൊണ്ടുപോയവരുടെ ബന്ധുക്കേളാട് ഗിലാദ് ഷാലിത് പറഞ്ഞതായി ചാനൽ 12 റിപ്പോർട്ട് ചെയ്തു.
അതിനിടെ, ബന്ദികളെ മോചിപ്പിക്കാനോ ഹമാസിനെ ഇല്ലാതാക്കാനോ കഴിയാതെ 100 ദിവസം പിന്നിട്ട യുദ്ധത്തിൽ ഇസ്രായേൽ പരാജയപ്പെട്ടതായി ഇസ്രായേൽ മുൻ റിസർവ് ജനറൽ ഇറ്റ്സാക് ബ്രിക്ക് പറഞ്ഞു. ഇസ്രായേലിലെ ഫലസ്തീൻ തടവുകാരെ വിട്ടയച്ചും വെടിനിർത്തൽ പ്രഖ്യാപിച്ചും ബന്ദി മോചനം സാധ്യമാക്കണമെന്നും ഖാൻ യൂനിസിൽ നിന്ന് കരസേനയെ പിൻവലിക്കുന്നത് സൈനികരുടെ മരണം കുറയ്ക്കാൻ സഹായിക്കുമെന്നും ചാനൽ 13-ന് നൽകിയ അഭിമുഖത്തിൽ ഇറ്റ്സാക് ബ്രിക്ക് പറഞ്ഞു.
‘ഗസ്സക്കെതിരായ യുദ്ധത്തിന്റെ വരാനിരിക്കുന്ന ഘട്ടം ഇസ്രായേലിന് അത്യന്തം പ്രയാസകരമായിരിക്കും. വലിയ വില നൽകാതിരിക്കാൻ, ഇസ്രായേൽ അതിന്റെ യുദ്ധ തന്ത്രം മാറ്റണം. യുദ്ധത്തിന്റെ മൂന്നാം ഘട്ടത്തിൽ ഖാൻ യൂനിസിൽ നിന്നും സെൻട്രൽ ഗസ്സയിലെ ക്യാമ്പുകളിൽ നിന്നും പിന്മാറണം. ഇസ്രായേൽ ഗസ്സയെ പുറത്തുനിന്ന് ഉപരോധിക്കുകയും രഹസ്യാന്വേഷണ വിവരങ്ങളുടെ സഹായത്തോടെ ഹമാസ് സേനയിലേക്ക് നുഴഞ്ഞുകയറുകയും വേണം’ -ബ്രിക്ക് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.