ഗസ്സ: 21ാം നൂറ്റാണ്ടിൽ ഏറ്റവും കൂടുതൽ പ്രതിദിന മനുഷ്യക്കുരുതി നടക്കുന്ന യുദ്ധമെന്ന് ഓക്സ്ഫാം
text_fieldsലണ്ടൻ: 21ാം നൂറ്റാണ്ടിലെ യുദ്ധങ്ങളിൽ ഏറ്റവും കൂടുതൽ പേർ ദിവസവും കൊല്ലപ്പെട്ടത് ഗസ്സയിലാണെന്ന് ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രമുഖ സന്നദ്ധ സംഘടന ഓക്സ്ഫാം. സമീപകാല ചരിത്രത്തിൽ അഭൂതപൂർവമായ തോതിലാണ് ഗസ്സയിൽ സിവിലിയൻമാരെ കൊലപ്പെടുത്തുന്നതെന്ന് മൂന്ന് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിലെ കൂട്ടക്കൊലകൾ വിശകലനം ചെയ്ത് ഓക്സ്ഫാം നിരീക്ഷിച്ചു.
“ഇസ്രായേൽ സൈന്യം ഒരു ദിവസം ശരാശരി 250 പേർ എന്ന നിരക്കിൽ ഫലസ്തീനികളെ കൊല്ലുന്നു. ഇത് 21ാം നൂറ്റാണ്ടിലെ മറ്റേതൊരു യുദ്ധത്തിലെയും ദൈനംദിന മരണസംഖ്യയെക്കാൾ കൂടുതലാണ്. അതിജീവിച്ചവരാകട്ടെ, തുടരുന്ന ഇസ്രായേൽ ബോംബാക്രമണത്തിന് പുറമേ വിശപ്പ്, രോഗം, തണുപ്പ് എന്നിവ മൂലവും കടുത്തയാതനയിലാണ്’ -ഓക്സ്ഫാം പ്രസ്താവനയിൽ പറഞ്ഞു.
സിറിയ, സുഡാൻ, ഇറാഖ്, യുക്രെയ്ൻ, അഫ്ഗാനിസ്ഥാൻ, യെമൻ തുടങ്ങി ഈ നൂറ്റാണ്ടിൽ നടന്ന യുദ്ധങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണവുമായി താരതമ്യം ചെയ്താണ് ഓക്സ്ഫാമിന്റെ നിരീക്ഷണം. സിറിയയിൽ 96.5 പേരും സുഡാനിൽ 51.6 പേരും ഇറാഖിൽ 50.8 പേരുമാണ് പ്രതിദിനം ശരാശരി കൊല്ലെപ്പട്ടത്. യുക്രെയ്നിൽ 43.9, അഫ്ഗാനിസ്ഥാനിൽ 23.8, യെമനിൽ 15.8 എന്നിങ്ങനെയാണ് മരണക്കണക്ക്.
അതേസമയം, ഈ രാജ്യങ്ങൾ ഒന്നും അഭിമുഖീകരിക്കാത്ത ഉപരോധമെന്ന മറ്റൊരു പ്രതിസന്ധികൂടി ഗസ്സ നേരിടുന്നുണ്ടെന്നും ഓക്സ്ഫാം ചൂണ്ടിക്കാട്ടി. കുടിവെള്ളമടക്കമുള്ള മാനുഷിക സഹായം എത്തിക്കുന്നതിന് ഇസ്രായേൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് പ്രതിസന്ധിയെ കൂടുതൽ സങ്കീർണ്ണമാക്കുന്നത്. ആവശ്യമായ ഭക്ഷണ സഹായത്തിന്റെ 10 ശതമാനം മാത്രമേ ലഭിക്കുന്നുള്ളൂ. ഇത് നിരന്തര ബോംബാക്രമണത്തെ അതിജീവിച്ചവരെ പോലും പട്ടിണിയിലൂടെ ഗുരുതരമായ അപകടസാധ്യതയിലേക്ക് തള്ളിവിടുന്നു.
യുനൈറ്റഡ് സ്റ്റേറ്റ്സ് ആസ്ഥാനമായ മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്‌സ് വാച്ച് (എച്ച്.ആർ.ഡബ്ല്യു) ഇന്നലെ പുറത്തിറക്കിയ ‘വേൾഡ് റിപ്പോർട്ട് 2024’ലും ഇക്കാര്യം ചൂണ്ടിക്കാട്ടുന്നുണ്ട്. ഗസ്സയിലെ സാധാരണക്കാർ കഴിഞ്ഞ ഒരു വർഷമായി സമീപകാല ചരിത്രത്തിൽ സാമ്യതയില്ലാത്ത വിധം കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നുവെന്ന് എച്ച്.ആർ.ഡബ്ല്യു റിപ്പോർട്ടിൽ പറയുന്നു.
ഒക്‌ടോബർ 7 മുതൽ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 23,469 ഫലസ്തീനികൾ കൊല്ലപ്പെടുകയും 59,604 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇസ്രായേൽ സൈന്യം 112പേരെ കൊലപ്പെടുത്തുകയും 194 പേരെ പരിക്കേൽപ്പിക്കുകയും ചെയ്തു. 10 കൂട്ടക്കൊലകളാണ് ഈ സമയത്ത് നടത്തിയത്. ഇസ്രായേൽ ഗസ്സയിൽ ഫലസ്തീനികൾക്ക് നേരെ വംശഹത്യ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക നൽകിയ പരാതിയിൽ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വാദം കേൾക്കൽ തുടങ്ങിയ വ്യാഴാഴ്ചയാണ് ഈ കൂട്ടക്കുരുതി. 7,000 ത്തോളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായും ഇവർ മരണപ്പെട്ടിരിക്കാമെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.