വെടിനിർത്തൽ ഇസ്രായേൽ അംഗീകരിച്ചു; നടപ്പാകാൻ ഇനിയും കടമ്പകൾ
text_fieldsഗസ്സ: ഒന്നരമാസമായി തുടരുന്ന ഗസ്സയിലെ നരനായാട്ടിന് താൽക്കാലിക അറുതിയാകുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാറിനെ ഇസ്രായേൽ പിന്തുണച്ചു. നിരവധി ചർച്ചകൾക്ക് ശേഷമാണ് എതിർപ്പുകൾ പരിഹരിച്ച് ഇസ്രായേൽ മന്ത്രിസഭാ കരാറിനെ പിന്തുണക്കാൻ തീരുമാനിച്ചത്.
നാല് ദിവസത്തെ വെടിനിർത്തൽ, സ്ത്രീകളും കുട്ടികളുമടക്കമുള്ള 50 ഇസ്രായേലി തടവുകാരുടെ മോചനം, സ്ത്രീകളും കുട്ടികളുമടക്കമുള്ള 140 ഫലസ്തീൻ തടവുകാരുടെ മോചനം എന്നിവയാണ് പ്രധാന വ്യവസ്ഥയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറും ഈജിപ്തും ഇന്ന് കരാർ വ്യവസ്ഥകൾ പരസ്യപ്പെടുത്തിയേക്കും.
കരാർ യുദ്ധം അവസാനിപ്പിക്കാനല്ലെന്നും ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. ഗസ്സയിലേക്ക് കൂടുതൽ സഹായം എത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ കരാറിന്റെ ഭാഗമാകില്ലെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.
കരാർ പ്രാബല്യത്തിൽ വരുന്നതിന് ഇനിയും കടമ്പകൾ കടക്കാനുണ്ട്. അതിന് ശേഷമേ ഗസ്സയിൽ ഇസ്രായേൽ വെടിനിർത്തലും ബന്ദികൈമാറ്റവും നടക്കുകയുള്ളൂ. ഇസ്രായേൽ മന്ത്രിസഭ വെടിനിർത്തൽ കരാറിന് അനുകൂലമായി വോട്ട് ചെയ്ത വിവരം ഖത്തറിനെ ഔദ്യോഗികമായി അറിയിക്കണം. അതിന് ശേഷം കരാറിന്റെ ഔദ്യോഗിക പ്രഖ്യാപനം ഖത്തർ നിർവഹിക്കും. കരാറിൽ എതിർപ്പുള്ള ഏതൊരു ഇസ്രായേലിക്കും 24 മണിക്കൂറിനുള്ളിൽ ഈ തീരുമാനത്തിനെതിരെ ഇസ്രായേൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാം. ഈ കാലയളവിൽ ഗസ്സയിലെ തടവുകാരെയോ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻ തടവുകാരെയോ മോചിപ്പിക്കില്ല.
അപ്പീൽ കാലാവധി കഴിഞ്ഞാൽ എതിർപ്പുകൾ ഒന്നും ഇല്ലെങ്കിൽ തടവുകാരുടെ ആദ്യ കൈമാറ്റം നാളെയോ മറ്റന്നാളോ നടന്നേക്കും. അതിനിടെ, വടക്കൻ ഗസ്സയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ വെടിനിർത്തൽ കാലത്ത് തങ്ങളുടെ വസതികളിലേക്ക് മടങ്ങാൻ അനുവദിക്കില്ലെന്ന് ഇസ്രായേലിലെ രാഷ്ട്രീയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.