‘താമിറേ, പൊന്നു ചങ്ങാതീ! നീ എവിടെ? നമുക്ക് ഫുട്ബാൾ കളിക്കാൻ പോകണ്ടേ?’ -കൊല്ലപ്പെട്ട കളിക്കൂട്ടുകാരന് ദിവസവും കത്തെഴുതി ഏഴുവയസ്സുകാരൻ
text_fieldsഗസ്സ: സുഹ്ദി അബു അൽ-റൂസിന് വയസ്സ് ഏഴ്. അവന് ഫുട്ബാൾ കളിക്കണം. എന്നും കൂടെ കളിച്ചിരുന്ന പ്രിയചങ്ങാതി താമിർ അൽ തവീലിനൊപ്പം തന്നെ ഫുട്ബാൾ കളിക്കണം. പക്ഷേ, ഇനി ഒരിക്കലും അത് കഴിയില്ല. ഇനി ഈ ഭൂമിയിൽ താമിറിനൊപ്പം കളിക്കാൻ സുഹ്ദിക്കാവില്ല.
കാരണം, താമിർ ഇനി ഇല്ല. മുരൾച്ചയോടെ പറന്നെത്തിയ ഇസ്രായേലി മരണവിമാനത്തിൽനിന്ന് തുപ്പിയ തീബോംബ് അവന്റെ കുഞ്ഞുജീവൻ പറിച്ചെടുത്തിരിക്കുന്നു. താമിർ ഇനി ഉപരോധവും യുദ്ധവുമില്ലാത്ത സ്വർഗത്തിലെ ഗസ്സയിൽ മാലാഖക്കുഞ്ഞുങ്ങൾക്കൊപ്പം പറന്നു കളിക്കുകയാവും.
പക്ഷേ, സുഹൃത്തിന്റെ മരണം സുഹ്ദിക്ക് വിശ്വസിക്കാനായിട്ടില്ല. താമിർ മരിച്ചെന്ന് പറയുന്നത് പോലും അവന് കേൾക്കാനിഷ്ടമല്ല. അത് കൊണ്ട് അവൻ താമിറിനെ ദിവസവും വിളിക്കും, കളിക്കാൻ കൂടെ വരാൻ. കഴിഞ്ഞ ഖത്തർ ഫുട്ബാൾ ലോകകപ്പ് ഒരുമിച്ച് ടി.വിയിൽ കണ്ട അവർ, അടുത്ത ലോകകപ്പിന് ഒരുമിച്ച് പോകാൻ പ്ലാൻ ചെയ്തിരുന്നു. അത് സുഹ്ദി ഓർമിപ്പിച്ച് കൊണ്ടിരിക്കുന്നു, ഇപ്പോഴും.
എല്ലാ ദിവസവും രാവിലെ എഴുന്നേറ്റാൽ സുഹ്ദി ഒരു കീറക്കടലാസ് എടുത്ത് കത്തെഴുതും, തന്റെ പ്രിയപ്പെട്ട താമിർ വായിച്ചറിയുവാൻ. ഏറ്റവും ഒടുവിൽ അവൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസം അവന്റെ വാപ്പ ഫലസ്തീൻ ക്രോണിക്കിളിന് കാണിച്ചുകൊടുത്തു:
‘സുഹ്ദി എഴുതുന്ന കത്ത്. താമിറേ, നീ എവിടെയാണ്? എനിക്ക് നിന്റെ കൂടെ കളിക്കണം. നിന്നോടൊപ്പം ഒരുമിച്ച് ലോകകപ്പിന് പോകാൻ ഞാൻ ആഗ്രഹിച്ചതല്ലേ? ദൈവം നിന്നോട് കരുണ കാണിക്കട്ടെ, താമിർ!” എന്നായിരുന്നു അറബിയിൽ എഴുതിയ ആ നാലുവരി കുറിപ്പിൽ ഉണ്ടായിരുന്നത്.
കളിക്കൂട്ടുകാരന്റെ മരണം സുഹ്ദിയുടെ കുഞ്ഞുമനസ്സിൽ ആഴത്തിൽ മുറിവേൽപിച്ചതായി പിതാവ് പലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു. അവന്റെ മാനസികാരോഗ്യത്തെ ആ വേർപാട് വല്ലാതെ ബാധിച്ചിരിക്കുന്നു. “തന്റെ സുഹൃത്ത് താമിർ അൽ-തവീൽ കൊല്ലപ്പെട്ട ശേഷം സുഹ്ദി ഒരുപാട് മാറിയിരിക്കുന്നു” -അദ്ദേഹം പറഞ്ഞു.
‘ബുൾഡോസറുകളുടെ ശബ്ദം കേട്ടാണ് സുഹ്ദി എല്ലാ ദിവസവും ഉണരുന്നത്. വൈകുന്നേരം അവ നിർത്തുമ്പോൾ മാത്രമേ അവൻ ഉറങ്ങുകയുള്ളൂ. തന്റെ സുഹൃത്ത് ജീവനോടെ പുറത്തുവരാൻ കാത്തിരിക്കുന്നതുപോലെ അവൻ വാതിലിനരികിൽ തന്നെ ഇരിക്കും. താമിർ മരിച്ചെന്നും അവനെ ഖബറടക്കിയെന്നും ഉള്ള യാഥാർത്ഥ്യം അംഗീകരിക്കാൻ സുഹ്ദിക്ക് കഴിയുന്നില്ല’ -പിതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.