ഇസ്രായേലി സൈനിക താവളത്തിന് നേരെ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം
text_fieldsഗസ്സ: ഇസ്രായേലി അധിനിവേശ സേനക്കുനേരെല ബനാനിൽനിന്ന് ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണം. 25 റോക്കറ്റുകൾ കിരിയത് ഷിമോണ നഗരത്തിൽ പതിച്ചതായും തങ്ങളുടെ സൈനികതാവളം തകർന്നതായും ഇസ്രായേൽ സേന അറിയിച്ചു.
കരയുദ്ധം ആരംഭിച്ചതു മുതൽ ഗസ്സയിൽ കൊല്ലപ്പെട്ട ഇസ്രായേലി സൈനികരുടെ എണ്ണം 66 ആയി. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഹമാസും ഇസ്രായേലുമായി ചർച്ച തുടരുകയാണ്.
അതിനിടെ, അൽശിഫ ആശുപത്രി പിടിച്ചെടുത്ത് രോഗികളെ ഒഴിപ്പിച്ചതിനു പിന്നാലെ ഗസ്സ ബൈത് ലാഹിയയിലെ ഇന്തോനേഷ്യൻ ആശുപത്രിയും ഇസ്രായേൽ അധിനിവേശ സേന വളഞ്ഞു. തിങ്കളാഴ്ച പുലർച്ചെ ഇരച്ചെത്തിയ ഇസ്രായേലി ടാങ്കുകൾ ആശുപത്രിക്കുനേരെ നടത്തിയ വെടിവെപ്പിൽ 12 പേർ കൊല്ലപ്പെട്ടു.
600ഓളം രോഗികളും 200 ജീവനക്കാരും 2000 അഭയാർഥികളുമടങ്ങുന്നവരുടെ സ്ഥിതി ആശങ്കാജനകമാണെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് അശ്റഫ് അൽ ഖുദ്റ പറഞ്ഞു. വ്യോമാക്രമണത്തിൽ ഗുരുതരമായി മുറിവേറ്റവരടക്കം ഇവിടെ ചികിത്സയിലുണ്ട്. ഇവരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ആശുപത്രിയിൽ ഹമാസ് പോരാളികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന ഇസ്രായേൽ ആരോപണം അധികൃതർ നിഷേധിച്ചിട്ടുണ്ട്.
അൽശിഫയിൽനിന്ന് ഒഴിപ്പിച്ച 31 നവജാത ശിശുക്കളിൽ 28 പേരെ വിദഗ്ധ ചികിത്സക്കായി ഈജിപ്തിലെ ആശുപത്രിയിലേക്കു മാറ്റി. അത്യാസന്നനിലയിലുള്ള 250ഓളം രോഗികൾ അൽശിഫയിൽ തുടരുന്നുണ്ട്. വേണ്ടത്ര സജ്ജീകരണങ്ങളില്ലാതെ ഇവരെ ഒഴിപ്പിക്കൽ ദുഷ്‍കരമാണ്. അതിനിടെ, അൽശിഫ ആശുപത്രിക്കടിയിൽ 10 മീറ്റർ ആഴത്തിൽ 55 മീറ്റർ നീളത്തിൽ തുരങ്കം കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലി അധിനിവേശ സൈന്യം രംഗത്തെത്തി. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം തായ്‍ലൻഡ്, നേപ്പാൾ സ്വദേശികളായ ബന്ദികളെ അൽശിഫയിൽ തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു വിഡിയോയും പുറത്തുവിട്ടു. എന്നാൽ, ആരോപണം ഹമാസ് വക്താവ് ഉസാമ ഹംദാൻ നിഷേധിച്ചു.
ഗസ്സയിലെ ആരോഗ്യമേഖല തകർന്നതിനെ തുടർന്ന് ഫീൽഡ് ആശുപത്രികൾ സജ്ജമാക്കാൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ജോർഡനിൽനിന്ന് മെഡിക്കൽ ഉപകരണങ്ങളുമായി ഈജിപ്ത് അതിർത്തി വഴി ട്രക്കുകൾ തിങ്കളാഴ്ച ഗസ്സയിലെത്തി. ഖാൻ യൂനുസിൽ 48 മണിക്കൂറിനകം ആശുപത്രി പ്രവർത്തനം തുടങ്ങുമെന്ന് ജോർഡൻ അറിയിച്ചു.
ഗസ്സക്കു പുറമെ വെസ്റ്റ്ബാങ്കിലും ഫലസ്തീനുകൾക്കുനേരെ ഇസ്രായേലി കുടിയേറ്റക്കാരുടെ അതിക്രമം വ്യാപിക്കുകയാണ്. യുദ്ധം ആരംഭിച്ചതു മുതലുണ്ടായ വെടിവെപ്പിൽ 200ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ബുറീജ് അഭയാർഥി ക്യാമ്പിലെ യു.എൻ സ്കൂളിനുനേരെ നടത്തിയ വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. വടക്കൻ ഗസ്സയിലെ അൽ കുവൈത്ത് സ്കൂളും ബോംബിട്ടുതകർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.