അൽശിഫ ആശുപത്രിക്ക് നേരെ ആക്രമണം: ആറുപേർ കൊല്ലപ്പെട്ടു
text_fieldsഗസ്സ: ഇസ്രായേൽ ആക്രമണത്തിൽ സാരമായി പരിക്കേറ്റ നിരവധി പേർ ചികിത്സയിൽ കഴിയുന്ന അൽശിഫ ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്രായേൽ വ്യോമാക്രമണം. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെട്ടതായി ആശുപത്രി ഡയറക്ടർ അറിയിച്ചു.
ഗസ്സയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽശിഫക്ക് ചുറ്റും ഇസ്രായേൽ ബോംബാക്രമണം തുടരുകയാണെന്ന് ഡയറക്ടർ ജനറൽ അബു സാൽമിയ അൽ ജസീറ അറബിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായ ആയിരക്കണക്കിന് ഫലസ്തീനികൾ അഭയം പ്രാപിച്ച ഇടം കൂടിയാണ് ഈ ആശുപത്രി.
ഹോസ്പിറ്റലിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ ഭീകരദൃശ്യങ്ങൾ ഫലസ്തീൻ ആക്ടിവിസ്റ്റ് സലാഹ് അൽ ജഫറാവി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ഇതാണ് ഇപ്പോൾ അൽശിഫ ഹോസ്പിറ്റലിനു ചുറ്റും നടക്കുന്നത്. പ്രതിരോധ സേനയും അധിനിവേശ സേനയും തമ്മിൽ തീവ്രമായ ഏറ്റുമുട്ടൽ നടക്കുന്നു. ഇന്ന് രാത്രി മാത്രം അധിനിവേശ സേന 3 തവണ ആശുപത്രിയെ ലക്ഷ്യമാക്കി മിസൈൽ ആക്രമണം നടത്തി. ഏതുസമയത്തും ഞങ്ങൾ ടാർഗെറ്റുചെയ്യപ്പെട്ടേക്കാം. സ്ഥിതി വളരെ ദുഷ്‌കരമാണ്. ഈ രാത്രിയിൽ സംഭവിച്ചതുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ 34 ദിവസമായി സംഭവിച്ചത് ഒന്നുമല്ല...’ എന്ന കുറിപ്പോടെയാണ് സലാഹ് വിഡിയോ പോസ്റ്റ് ചെയ്തത്.
അൽശിഫക്ക് പുറമേ അൽ-ഖുദ്‌സ് ആശുപത്രി, പേഷ്യന്റ്സ് ഫ്രണ്ട്സ് ആശുപത്രി, അൽ-അവ്ദ ആശുപത്രി എന്നിവക്കുനേരെയും ഇസ്രായേൽ ബോംബ് വർഷിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് താൽ അൽ-ഹവായിലെ അൽ-ഖുദ്‌സ് ആശുപത്രിക്ക് സമീപം ഇസ്രായേൽ സൈന്യം ബോംബാക്രമണം നടത്തിയതെന്ന് ഫലസ്തീൻ റെഡ് ക്രസന്റ് സൊൈസറ്റി അറിയിച്ചു. “ആശുപത്രി ജീവനക്കാരുടെയും ചികിത്സയിലുള്ള രോഗികളുടെയും വീടുകൾ നശിപ്പിച്ചതിനെ തുടർന്ന് പലായനം ചെയ്ത് ആശുപത്രിയിൽ അഭയം തേടിയ 14000ത്തിലധികം പേരുടെയും സുരക്ഷയോർത്ത് ഞങ്ങൾ ആശങ്കയിലാണ്’ -റെഡ് ക്രസന്റ് സൊൈസറ്റി പ്രസ്താവനയിൽ പറഞ്ഞു.
ഗസ്സയിലെ പേഷ്യന്റ്സ് ഫ്രണ്ട്സ് ആശുപത്രിയുടെ പരിസരം ഇസ്രായേൽ ആക്രമണത്തിൽ തകർന്നു. ആളപായത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ഗസ്സ മുനമ്പിന് വടക്ക് താൽ അൽ സതറിലെ അൽ-അവ്ദ ആശുപത്രിക്ക് സമീപവും ആക്രമണം അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.