ഫലസ്തീനി കവി മുസ്അബ് അബൂത്വാഹയെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: ജനപ്രിയ ഫലസ്തീനി കവിയും ഗ്രന്ഥകാരനുമായിരുന്ന മുസ്അബ് അബൂ ത്വാഹയെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ. റഫ അതിർത്തി കടക്കാൻ കുടുംബസമേതം വടക്കൻ ഗസ്സയിൽനിന്ന് പുറപ്പെട്ട അദ്ദേഹത്തെ ചെക്പോയിന്റിൽ മറ്റു നിരവധി പേർക്കൊപ്പം ഇസ്രായേൽ സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.
മുസ്അബിന്റെ മക്കളിലൊരാൾക്ക് അമേരിക്കൻ പൗരത്വമുള്ളതിനാൽ യു.എസ് എംബസി നേരിട്ട് ഇടപെട്ട് റഫ അതിർത്തി കടക്കാൻ രേഖകൾ ശരിയാക്കിയതായിരുന്നു. അറസ്റ്റിലായ മുസ്അബിനെക്കുറിച്ച് പിന്നീട് വിവരമില്ലെന്ന് സഹോദരൻ അറിയിച്ചു.
അമേരിക്കൻ ബുക്ക് അവാർഡ് ജേതാവായ അദ്ദേഹത്തിന്റെ കവിത സമാഹാരം നാഷനൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ അവാർഡ് അവസാന പട്ടികയിലും ഇടംപിടിച്ചിരുന്നു. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് അബൂ ത്വാഹ ന്യൂയോർക്കർ ഉൾപ്പെടെ അമേരിക്കൻ മാധ്യമങ്ങളിൽ എഴുതിയിരുന്നു.
മാനുഷിക ഇടവേളയെ പിന്തുണച്ച് ഇന്ത്യ
യുനൈറ്റഡ് നേഷൻസ്: ഗസ്സയിൽ യുദ്ധത്തിന് മാനുഷിക ഇടവേള നൽകി സഹായമെത്തിക്കാനുള്ള ശ്രമങ്ങളെ ഐക്യരാഷ്ട്രസഭയിൽ പിന്തുണച്ച് ഇന്ത്യ. സംഘർഷങ്ങൾ ഒഴിവാക്കാനും ഫലസ്തീൻ ജനതക്ക് അടിയന്തര സഹായമെത്തിക്കാനുമുള്ള എല്ലാ നീക്കങ്ങളെയും ഇന്ത്യൻ ഭരണനേതൃത്വം സ്വാഗതം ചെയ്യുകയാണെന്ന് യു.എൻ പൊതുസഭയുടെ അനൗദ്യോഗിക പ്ലീനറി സെഷനിൽ സംസാരിക്കവെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കംബോജ് പറഞ്ഞു. ഇസ്രായേലുമായി സമാധാനപരമായി അതിർത്തി പങ്കിടുന്ന സ്വതന്ത്ര, പരമാധികാര ഫലസ്തീൻ രാജ്യത്തെ ഇന്ത്യ എന്നും പിന്തുണച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഫലസ്തീൻ അഭയാർഥികൾക്കായുള്ള യു.എൻ ഏജൻസിക്ക് ഇന്ത്യ 25 ലക്ഷം ഡോളർ (ഏകദേശം 21.80 കോടി രൂപ)സംഭാവന ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.