100 ഇടങ്ങളിൽ ഇസ്രായേൽ ആക്രമണം: 4137 മരണം, 1661 കുട്ടികൾ
text_fieldsഗസ്സ സിറ്റി: 24 മണിക്കൂറിനിടെ 100 ഇടങ്ങളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇതോടെ ഗസ്സയിൽ മൊത്തം മരണം 4137 ആയി. 1661 പേർ കുട്ടികളാണ്. 13,260 പേർക്ക് പരിക്കേറ്റു.
ക്രൈസ്തവ വിശ്വാസികളടക്കം അഭയം തേടിയ ഗസ്സ സിറ്റിയിലെ അതിപുരാതന ക്രിസ്ത്യൻ ദേവാലയത്തിൽ ബോംബിട്ടതിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 18 ആയതായി അൽജസീറ റിേപ്പാർട്ട് ചെയ്തു. ഏഴാം നൂറ്റാണ്ടിൽ പണിത മുസ്‍ലിം പള്ളിയും തകർത്തു.
1150ൽ സ്ഥാപിതമായ ഗ്രീക് ഓർത്തഡോക്സ് സെന്റ് പോർഫിറിയോസ് ചർച്ചും ചരിത്രപ്രാധാന്യമുള്ള അൽ ഉമരി പള്ളിയുമാണ് വ്യാഴാഴ്ച രാത്രി ആക്രമിച്ച് തകർത്തത്. സമീപ പ്രദേശത്തെ ആക്രമണത്തിൽനിന്ന് രക്ഷതേടി 500ഓളം ക്രിസ്ത്യാനികളും മുസ്‍ലിംകളും ക്രിസ്ത്യൻ ദേവാലയത്തിലുണ്ടായിരുന്നു. ആക്രമണത്തിൽ ഞെട്ടൽ പ്രകടിപ്പിച്ച ജറൂസലം ഓർത്തഡോക്സ് പാത്രിയാർക്ക്, ഇസ്രായേൽ ചെയ്തിയെ അപലപിച്ചു.
കഴിഞ്ഞദിവസം നൂർ ശംസിലെ അഭയാർഥി ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 13 ആയി. ഇതിൽ ഏഴും കുട്ടികളാണ്. ലബനാനിൽനിന്ന് ഹിസ്ബുല്ല ആക്രമണം കടുപ്പിച്ചതിനെ തുടർന്ന് അതിർത്തി ഗ്രാമത്തിൽനിന്ന് 20,000ത്തോളം പേരെ ഇസ്രായേൽ സേന ഒഴിപ്പിച്ചു.
വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ അഭയാർഥി ക്യാമ്പുകളിലടക്കം ലക്ഷങ്ങൾ വൻ ദുരന്തത്തിന്റെ വക്കിലാണെന്ന് ലോകാരോഗ്യസംഘടനയടക്കം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും സഹായവഴി തുറക്കാൻ അനുവദിക്കാതെയാണ് ഇസ്രായേൽ ബോംബിങ് ക്രൂരത തുടരുന്നത്. വിവിധ രാജ്യങ്ങളിൽനിന്നും യു.എന്നിൽ നിന്നുമുള്ള സഹായം എത്തിക്കാൻ ഈജിപ്തുമായുള്ള റഫ അതിർത്തി തുറക്കുന്നതിന് ഇതുവരെ ഇസ്രായേൽ അനുവദിച്ചിട്ടില്ല.
വൈദ്യുതി ക്ഷാമം: ഏഴു ആശുപത്രികളുടെ പ്രവർത്തനം അവസാനിപ്പിച്ചു
വൈദ്യുതി ക്ഷാമത്തെ തുടർന്ന് ഗസ്സയിലെ ഏഴു പ്രധാന ആശുപത്രികളുടെയും 21 ഹെൽത്ത് സെന്ററുകളുടെയും പ്രവർത്തനം അവസാനിപ്പിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഗസ്സയുടെ എല്ലാ ഭാഗത്തും സഹായ വസ്തുക്കൾ ലഭിക്കുമെന്ന് ഉറപ്പുവരുത്താൻ ഇടപെടൽ നടത്തുന്നുണ്ടെന്ന്, റഫ അതിർത്തി സന്ദർശിച്ച ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണം
ഗസ്സ ആക്രമണത്തിൽ പ്രതിഷേധിച്ച് മുസ്‍ലിം രാജ്യങ്ങളിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം പ്രകടനങ്ങൾ നടന്നു. അടിയന്തര വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും സഹായമെത്തിക്കണമെന്നും ജി.സി.സി, ആസിയാൻ രാജ്യങ്ങൾ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ കൈറോയിൽ ശനിയാഴ്ച ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കം ലോക നേതാക്കൾ പങ്കെടുക്കുന്ന സമാധാന ഉച്ചകോടി നടക്കും. ബഹ്റൈൻ, സൈപ്രസ്, ഈജിപ്ത്, ജർമനി, ഇറ്റലി, ജപ്പാൻ, കുവൈത്ത്, ദക്ഷിണാഫ്രിക്ക രാജ്യത്തലവന്മാരും യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കലും പങ്കെടുക്കും.
അൽ അഹ്‍ലി അറബ് ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് യു.എൻ മനുഷ്യാവകാശ ഓഫിസ് ആവശ്യപ്പെട്ടു. ഗസ്സയിൽ ഉടൻ വെടിനിർത്തൽ വേണമെന്ന് സ്വീഡിഷ് ആക്ടിവിസ്റ്റ് ഗ്രെറ്റ തുൻബെർഗ് ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.