Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലി കപ്പലുകൾക്ക്...

ഇസ്രായേലി കപ്പലുകൾക്ക് നിരോധനമേർപ്പെടുത്തി മലേഷ്യ

text_fields
bookmark_border
ഇസ്രായേലി കപ്പലുകൾക്ക് നിരോധനമേർപ്പെടുത്തി മലേഷ്യ
cancel
camera_alt

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

ക്വാലാലംപുർ: ഗസ്സയി​ലെ നരനായാട്ടിൽ പ്രതിഷേധിച്ച് ഇസ്രായേലി കപ്പലുകൾക്ക് പ്രവേശനം നിരോധിച്ച് മലേഷ്യ. ഫലസ്തീനികൾക്കെതിരായ ഇസ്രയേലിന്റെ നടപടികളോടുള്ള പ്രതികരണമായാണ് നിരോധന​മെന്ന് പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ കൂട്ടക്കൊലയും ക്രൂരതയും നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേൽ പതാക ഘടിപ്പിച്ച കപ്പലുകൾ ഇനി മുതൽ രാജ്യത്തെ തുറമുഖങ്ങളിൽ പ്രവേശിപ്പിക്കില്ല. ഇസ്രായേലിലേക്കുള്ള കപ്പലുകളിൽ മലേഷ്യൻ തുറമുഖങ്ങളിൽനിന്ന് ചരക്ക് കയറ്റുന്നതിനും നിരോധനം ബാധകമാണ്. ഈ നിയന്ത്രണങ്ങൾ ഉടനടി പ്രാബല്യത്തിൽ വരുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ, ചെങ്കടൽവഴി ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകൾ യമനിലെ ഹൂതി സംഘം ആക്രമിക്കുന്നത് തുടരുകയാണ്. തുടർച്ചയായുള്ള ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിവിധ ഷിപ്പിങ് കമ്പനികൾ ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം താൽക്കാലികമായി നിർത്തിവെച്ചു.

ഇതുവഴിയുള്ള കപ്പലുകളുടെ സംരക്ഷണത്തിന് പുതിയ സേന രൂപവത്കരിക്കാനുള്ള നീക്കത്തിലാണ് അമേരിക്കയും മറ്റ് രാജ്യങ്ങളും. ഹൂതി വിമതർ ചരക്കുകപ്പലുകൾക്കുനേരെ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ ഇടപെടലെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.

കൂട്ടായ നടപടി ആവശ്യമായ അന്താരാഷ്ട്ര വെല്ലുവിളിയാണ് ഇപ്പോൾ നേരിടുന്നതെന്ന് ഓസ്റ്റിൻ പറഞ്ഞു. അതിനാൽ, ‘ഓപറേഷൻ പ്രോസ്പെരിറ്റി ഗാർഡിയൻ’ എന്ന സേനക്ക് രൂപം നൽകുകയാണെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. യു.കെ, ബഹ്റൈൻ, കാനഡ, ഫ്രാൻസ്, ഇറ്റലി, നെതർലൻഡ്സ്, നോർവേ, സീഷെൽസ്, സ്പെയിൻ എന്നിവയാണ് സഖ്യത്തിൽ ചേരുന്ന രാജ്യങ്ങൾ. കൂട്ടായ്മയിലെ ചില രാജ്യങ്ങൾ ചെങ്കടലിലും ഏഡൻ ഉൾക്കടലിലും സംയുക്ത പട്രോളിങ് നടത്തും. മറ്റ് രാജ്യങ്ങൾ ആവശ്യമായ ഇന്റലിജൻസ് പിന്തുണ നൽകും.

ചെങ്കടലിലെ സുരക്ഷ വർധിപ്പിക്കാൻ 2022 ഏപ്രിലിൽ രൂപംനൽകിയ കംബൈൻഡ് ടാസ്ക് ഫോഴ്സ് 153 ആയിരിക്കും ദൗത്യം ഏകോപിപ്പിക്കുക. കംബൈൻഡ് ടാസ്ക് ഫോഴ്സിൽ 39 രാജ്യങ്ങളാണുള്ളത്. ഹൂതി ആക്രമണം നേരിടാൻ അമേരിക്കൻ യുദ്ധക്കപ്പലുകളായ യു.എസ്.എസ് കാർണി, യു.എസ്.എസ് സ്റ്റെതം, യു.എസ്.എസ് മാസൺ എന്നിവ ചെങ്കടലിൽ പട്രോളിങ് നടത്തുന്നുണ്ട്.

എന്നാൽ, ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതുവരെ ഇസ്രായേൽ ബന്ധമുള്ള കപ്പലുകൾക്കുനേരെ നടത്തുന്ന ആക്രമണം നിർത്തില്ലെന്ന് യമനിലെ ഹൂതി വിമതർ അറിയിച്ചു. അമേരിക്ക പുതിയ സേന പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഹൂതികളുടെ പ്രതികരണം.

മുഴുവൻ രാജ്യങ്ങളെയും അണിനിരത്തുന്നതിൽ അമേരിക്ക വിജയിച്ചാലും തങ്ങളുടെ സൈനിക നടപടി നിർത്തില്ലെന്ന് മുതിർന്ന ഹൂതി പ്രതിനിധിയായ മുഹമ്മദ് അൽ ബുഖാരി പറഞ്ഞു. എന്ത് വിലകൊടുക്കേണ്ടിവന്നാലും ഇതിൽ മാറ്റമില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ഗസ്സയിലെ ഇസ്രായേൽ കുറ്റകൃത്യങ്ങൾ അവസാനിപ്പിക്കുകയും മരുന്നും ഭക്ഷണവും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ദുരിതത്തിൽ കഴിയുന്ന ജനങ്ങൾക്ക് ലഭിക്കുകയും ചെയ്താൽ മാത്രമേ തങ്ങൾ ആക്രമണം നിർത്തുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസങ്ങളിൽ 12ലധികം ചരക്ക് കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malaysiaIsrael Palestine Conflictanwar ibrahim
News Summary - Israel Palestine Conflict: Malaysia bans entry of Israeli shipping vessels over Gaza invasion
Next Story