ടോക്യോയിലെ ഇസ്രായേൽ എംബസിക്ക് നേരെ കാർ ഓടിച്ചുകയറ്റി
text_fieldsടോക്യോ: ജപ്പാനിലെ ടോക്യോയിൽ ഇസ്രായേൽ എംബസിക്ക് നേരെ കാർ ഓടിച്ചുകയറ്റി. എംബസിയുടെ കവാടത്തിൽ നിന്ന് ഏകദേശം 60 മീറ്റർ അകലെ ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. വാഹനത്തിൽ മറ്റുയാത്രക്കാർ ഉണ്ടായിരുന്നില്ല.
വ്യാഴാഴ്ച രാവിലെ എംബസിക്ക് സമീപമുള്ള ബാരിക്കേഡുകൾക്കിടയിലൂടെ കാർ ഇടിച്ചുകയറ്റുകയായിരുന്നു. എംബസി റോഡിന്റെ കവലയിൽ സ്ഥാപിച്ച താൽക്കാലിക ബാരിക്കേഡ് തകർത്ത് മുന്നോട്ടുനീങ്ങിയ കാർ നടപ്പാതയിലെ വേലിയിൽ ഇടിച്ചു നിന്നു. ഇവിടെ കാവൽ നിന്ന 20 വയസ്സുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്.
സംഭവത്തിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് കാർ ഡ്രൈവർ ഷിനോബു സെക്കിഗുച്ചിയെ (53) അറസ്റ്റ് ചെയ്തു. ഇയാൾ തെറ്റ് സമ്മതിക്കുകയും പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റതിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
ഇസ്രായേൽ ഗസ്സക്ക് നേരെ നടത്തുന്ന വംശഹത്യ ആക്രമണങ്ങൾക്കെതിരെ എംബസിക്ക് സമീപം നിരവധി പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു. തുടർന്ന് മേഖലയിൽ മെട്രോപൊളിറ്റൻ പൊലീസ് സുരക്ഷ ശക്തമാക്കിയതിനിടെയാണ് കാർ ഇടിച്ചുകയറ്റിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.