കൂട്ട പലായനം; മരുപ്പറമ്പായി വടക്കൻ ഗസ്സ
text_fieldsവടക്കൻ ഗസ്സയിൽനിന്ന് പലായനം ചെയ്യുന്ന ഫലസ്തീനികൾ
ഗസ്സ സിറ്റി: കര, നാവിക, വ്യോമാക്രമണം ശക്തമായി തുടരുന്ന വടക്കൻ ഗസ്സയിൽനിന്ന് കൂട്ട പലായനം. തിങ്കളാഴ്ചമാത്രം പലായനം ചെയ്തത് 15,000 ഫലസ്തീനികൾ. ഞായറാഴ്ച 2,000ഉം തിങ്കളാഴ്ച 5,000ഉമായിരുന്നതാണ് അനേക ഇരട്ടികളായി ഉയർന്നത്. 10 ലക്ഷത്തിലേറെ പേർ താമസിച്ചിരുന്ന വടക്കൻ മേഖലയിൽ ഏകദേശം ഒരു ലക്ഷം പേരൊഴികെ എല്ലാവരും പലായനം ചെയ്തിട്ടുണ്ട്.
അവശേഷിച്ചവർകൂടി വിട്ടുപോകാൻ ഒരു മണിക്കൂർ അധിക സമയം അനുവദിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു. ദിവസവും നാലു മണിക്കൂർ നേരമാണ് സിവിലിയൻ പലായനത്തിന് വടക്കൻ ഗസ്സയിൽ ഇസ്രായേൽ ഇടവേള അനുവദിക്കുന്നത്. ഈ സമയം ഉപയോഗപ്പെടുത്തിയാണ് ആയിരങ്ങൾ കാൽനടയായി കൂട്ടപലായനം നടത്തുന്നത്.
ഇന്ധനം മുടങ്ങിയതിനാൽ കാറുകളും മറ്റു വാഹനങ്ങളുമില്ലാതെ കാൽനടയായും കഴുതപ്പുറത്തേറിയുമാണ് പലായനം. 23 ലക്ഷം ഫലസ്തീനികളിൽ 15 ലക്ഷത്തിലേറെയും ഇതിനകം അഭയാർഥികളായിട്ടുണ്ട്.
വടക്കൻ ഗസ്സയിൽ കുടിവെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയെല്ലാം പൂർണമായി വിലക്കപ്പെട്ടതോടെ ഭക്ഷണ വിതരണകേന്ദ്രങ്ങളൊന്നും തുറന്നുപ്രവർത്തിക്കുന്നില്ല. ഇത് കടുത്ത ഭക്ഷ്യ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. റൊട്ടിയുണ്ടാക്കാൻ ഗോതമ്പ് പൊടിയും ലഭ്യമല്ലാതായിട്ടുണ്ട്.
അഭയാർഥി ക്യാമ്പുകളിലും ഭക്ഷണമില്ലാത്തത് ദുരന്തം ഇരട്ടിയാക്കിയിട്ടുണ്ട്. ലക്ഷങ്ങൾ അഭയം തേടിയെത്തിയ തെക്കൻ മേഖലയിലെ സ്ഥിതിയും ഭിന്നമല്ല. ഭക്ഷ്യവസ്തുക്കൾക്ക് പുറമെ കുടിവെള്ളത്തിനും നേരിടുന്ന ക്ഷാമം ഏറ്റവും വലിയ വെല്ലുവിളിയാകുകയാണ്.
അതിനിടെ, വടക്കൻ ഗസ്സയിലെ പ്രധാന ആശുപത്രികളിലൊന്നായ അൽഖുദ്സിന്റെ ചുറ്റുപാടും ഇസ്രായേൽ കനത്ത ആക്രമണം തുടരുകയാണ്. പരിസരത്തെ കെട്ടിടങ്ങളേറെയും പൂർണമായി തകർന്നിട്ടുണ്ട്. ഓരോ മണിക്കൂറിലും ആശുപത്രിക്ക് കൂടുതൽ അടുത്തായി ബോംബുകൾ പതിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇവിടേക്കുള്ള എല്ലാ വഴികളും ഇസ്രായേൽ തകർത്തിട്ടുണ്ട്.
ഏതുനിമിഷവും ആശുപത്രി ആക്രമിക്കപ്പെടാമെന്ന് ഫലസ്തീൻ റെഡ്ക്രസന്റ് വക്താവ് നെബാൽ ഫർസഖ് പറഞ്ഞു. ഇന്ധനം പൂർണമായി നിലച്ച് ആശുപത്രി പ്രവർത്തനം നിർത്തിവെക്കേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് കനത്ത ബോംബിങ്.
500ലേറെ രോഗികൾ ചികിത്സയിലുള്ള ആശുപത്രിയാണിത്. നേരത്തെ മരുന്നും മെഡിക്കൽ അവശ്യവസ്തുക്കളും മുടക്കിയിരുന്നു. ഇവിടെ ശസ്ത്രക്രിയ വിഭാഗം കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു. ഗസ്സയിൽ പകുതിയിലേറെ കെട്ടിടങ്ങളും തകർന്നുകിടക്കുന്നതിനാൽ അവശേഷിച്ചവക്കു മേലുള്ള ബോംബുവർഷം മരണനിരക്ക് കുത്തനെ ഉയർത്തുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. നിരവധി പേരാണ് ഓരോ വീട്ടിലും അഭയം തേടിയത്.
വടക്കൻ ഗസ്സയിൽ അധിനിവേശം സമ്പൂർണമാക്കിയെന്ന് അവകാശപ്പെടുന്ന ഇസ്രായേൽ മറ്റിടങ്ങളിലും ക്രൂരത തുടരുന്നു. നുസൈറാത്ത് അഭയാർഥി ക്യാമ്പിൽ ബുധനാഴ്ച കനത്ത ബോംബിങ്ങിൽ ഏഴു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കുണ്ട്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരുമെന്നാണ് സൂചന. വടക്കൻ ഗസ്സ ഒഴിപ്പിച്ചതിനെ തുടർന്ന് അഭയാർഥികളായെത്തിയ നിരവധി പേരാണ് ഇവിടെ ക്യാമ്പിലുണ്ടായിരുന്നത്. ഇവർക്കു നേരെയായിരുന്നു ആക്രമണം. ഖാൻ യൂനിസിൽ അൽനാസർ ആശുപത്രിയിലും വൻ ബോംബാക്രമണമുണ്ടായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.