‘നിന്റെ വീട് ബോംബിട്ട് തകർക്കാൻ പോകുന്നു, ഉടൻ ഒഴിയണം’ -അൽ ജസീറ ലേഖകന് ഇസ്രായേൽ ഫോൺ കോൾ
text_fieldsഗസ്സ: ഇസ്രായേൽ ഗസ്സ സിറ്റിയിൽ നടത്തുന്ന മനുഷ്യക്കുരുതിയെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്ന മാധ്യമപ്രവർത്തകരിൽ ഒരാളാണ് മുഹമ്മദ് റഫീഖ് മെഹാവിഷ്. പ്രമുഖ ചാനലായ അൽജസീറയുടെ ലേഖകൻ. ഇന്ന് ഉച്ചക്ക് 1.30ന് അദ്ദേഹത്തിന് ഒരു ഫോൺകോൾ വന്നു: ‘നിന്റെ വീട് ബോംബിട്ട് തകർക്കാൻ പോകുകയാണ്. 20 മിനിറ്റിനുള്ളിൽ സാമഗ്രികളെല്ലാം എടുത്ത് ഒഴിയണം. ഇനിയൊരിക്കലും നീ നിന്റെ വീട്ടിലേക്ക് മടങ്ങരുത്’ എന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്.
ഇസ്രായേൽ സൈനിക ഉദ്യോഗസ്ഥൻ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് അയാൾ വിളിച്ചത്. മുമ്പ് പലകുറി സൈന്യത്തിൽ നിന്ന് ഇത്തരം ഭീഷണി കോളുകൾ വന്നിരുന്നു. അവയെല്ലാം നേരത്തെ റെക്കോർഡ് ചെയ്തുവെച്ച സന്ദേശങ്ങളാണ് കേൾപ്പിച്ചിരുന്നത്. പ്രദേശത്ത് ബോംബിടാൻ പോവുകയാണ്, ഉടൻ ഒഴിഞ്ഞുപോകണം എന്നതായിരുന്നു ഉള്ളടക്കം. തെക്കൻ ഗസ്സയിലേക്ക് പോകാൻ ഗസ്സ മുനമ്പിന്റെ മധ്യഭാഗത്തും വടക്കുഭാഗത്തുമുള്ളവരെ അഭിസംബോധന ചെയ്യുന്നവയായിരുന്നു അവ. എന്നാൽ, ഇന്ന് ഒരാൾ നേരിട്ട് വിളിക്കുകയായിരുന്നു. തന്റെ പേര് എടുത്തു വിളിച്ചുകൊണ്ടായിരുന്നു സംസാരം തുടങ്ങിയതെന്ന് മെഹാവിഷ് പറഞ്ഞു.
30 ഓളം അംഗങ്ങളാണ് മെഹാവിഷിന്റെ കുടുംബത്തിലുള്ളത്. ഇവരുമായി വീട് ഒഴിയാൻ 20 മിനിറ്റ് സമയമാണ് ആകെ അനുവദിച്ചത്. ഗസ്സ സിറ്റിയിൽ നിന്ന് അൽ ജസീറയ്‌ക്കുവേണ്ടി റിപ്പോർട്ട് ചെയ്യുന്ന മെഹാവിഷിനെ ഭയപ്പെടുത്താനും നിശ്ശബ്ദമാക്കാനും ഉദ്ദേശിച്ചുള്ളതാണ് ഇസ്രായേൽ നീക്കമെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.