ഇസ്രായേലിലേക്കുള്ള എല്ലാ കപ്പലുകളും തടയുമെന്ന് ഹൂതികൾ
text_fieldsസൻആ: ചെങ്കടൽ, അറബിക്കടൽ എന്നിവയിലൂടെ ഇസ്രായേലിലേക്കു പോകുന്ന എല്ലാ കപ്പലുകളും തടയുമെന്ന് യമനിൽ ഭരണം നിയന്ത്രിക്കുന്ന ഹൂതികൾ. ഇസ്രായേലികളുടെ നിയന്ത്രണത്തിലോ ഉടമസ്ഥതയിലോ ഉള്ള കപ്പലുകൾ ആക്രമിക്കുമെന്ന് നേരത്തേ ഹൂതികൾ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 25 ജീവനക്കാരുമായി കഴിഞ്ഞ മാസം റാഞ്ചിയ ഗാലക്സി ലീഡർ എന്ന ചരക്കുകപ്പൽ ഇപ്പോഴും ഹൂതികളുടെ പിടിയിലാണ്.
ജീവനക്കാരിൽ ആരും ഇസ്രായേലികളല്ലെങ്കിലും സർവിസ് നടത്തുന്നത് ഇസ്രായേലി വ്യവസായിയാണ്. ഗസ്സയിലെ ഭീകരമായ കൂട്ടക്കുരുതികളിൽ പ്രതിഷേധിച്ചാണ് കപ്പലുകൾ തടയാനുള്ള തീരുമാനമെന്ന് ഹൂതി സൈനിക വക്താവ് യഹ്യ സരിയ പറഞ്ഞു. ഗസ്സയിലേക്ക് ഭക്ഷണവുമായി പോകുന്നതൊഴിച്ച് എല്ലാ കപ്പലുകളും തടയാനാണ് നീക്കം. എന്നാൽ, ഇത് എത്രകണ്ട് വിജയിക്കുമെന്ന് വ്യക്തമല്ല.
നവംബറിൽ ഗാലക്സി ലീഡർ റാഞ്ചിയതൊഴിച്ചാൽ സമാനമായ നീക്കങ്ങളൊന്നും വിജയംകണ്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരവധി മിസൈലുകളും ഡ്രോണുകളും ഇസ്രായേൽ ലക്ഷ്യമിട്ട് പറന്നതും വിജയംകണ്ടിട്ടില്ല. ഇതിനിടെയാണ് പുതിയ പ്രഖ്യാപനം.
2014ൽ യമൻ തലസ്ഥാനമായ സൻആ പിടിച്ച ഹൂതികൾ ഇപ്പോഴും രാജ്യത്ത് നിയന്ത്രണം തുടരുകയാണ്. ലബനാനിൽ ഹിസ്ബുല്ലക്കെന്നപോലെ യമനിൽ ഹൂതികൾക്കും ഇറാൻ സഹായമുണ്ടെന്ന് അമേരിക്ക ആരോപിക്കുന്നു.
അതേസമയം, ഹൂതികളെ നിയന്ത്രിക്കുന്നതിൽ ലോക രാജ്യങ്ങൾ പരാജയപ്പെട്ടാൽ ഒറ്റക്ക് വിഷയം ഏറ്റെടുക്കുമെന്ന് ഇസ്രായേൽ പ്രഖ്യാപിച്ചു. നിലവിൽ ഗസ്സക്കു പുറമെ ലബനാനിലും ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.