ഹമാസ് തുരങ്കങ്ങൾ വെള്ളം കയറ്റി തകർക്കാൻ ഇസ്രായേൽ പദ്ധതി
text_fieldsതെൽഅവീവ്: ഗസ്സ മുനമ്പിൽ ഹമാസ് പ്രവർത്തനം കേന്ദ്രീകരിച്ച തുരങ്കങ്ങൾ ജലംനിറച്ച് തകർക്കാൻ പദ്ധതിയൊരുക്കി ഇസ്രായേൽ. യു.എസ് ബുദ്ധിയുപദേശിച്ചാണ് ഇസ്രായേൽ സേന പുതിയ നീക്കം നടത്തുന്നതെന്ന് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. ആദ്യ നടപടിയെന്നോണം വടക്കൻ ഗസ്സയിൽ ശാത്വി അഭയാർഥി ക്യാമ്പിനു സമീപം അഞ്ചു കൂറ്റൻ പമ്പുകൾ കഴിഞ്ഞ മാസം സ്ഥാപിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. ആയിരക്കണക്കിന് ക്യുബിക് മീറ്റർ ജലം പമ്പുചെയ്യാൻ ഇവക്കാകുമെന്നാണ് കണക്കുകൂട്ടൽ. നൂറിലേറെ ഇസ്രായേൽ ബന്ദികളടക്കം ഹമാസ് തുരങ്കങ്ങളിലായതിനാൽ അവരുടെ മോചനത്തിനുമുമ്പ് ഇത് നടപ്പാക്കുമോയെന്ന് വ്യക്തമല്ല. സുരക്ഷിതകേന്ദ്രങ്ങളിലും തുരങ്കങ്ങളിലുമാണ് ബന്ദികളെ ഒളിപ്പിച്ചതെന്നാണ് നേരത്തേ ഹമാസ് വ്യക്തമാക്കിയിരുന്നത്.
ആയിരക്കണക്കിന് സിവിലിയന്മാരുടെ ജീവനെടുക്കുമ്പോഴും ഹമാസ് നേതൃത്വത്തെയോ സൈനികരെയോ കാര്യമായി പിടികൂടാനും നശിപ്പിക്കാനുമാകാതെ ഉഴറുന്ന ഇസ്രായേലിനു മുന്നിലെ ഏറ്റവും വലിയ കടമ്പയാണ് തുരങ്കങ്ങൾ. ഇവ പ്രവർത്തനരഹിതമാക്കുകയാണ് അടിയന്തരമായി നടപ്പാക്കേണ്ടതെന്ന് യു.എസ് വൃത്തങ്ങൾ ഇസ്രായേൽ സൈന്യത്തിന് നിർദേശം നൽകിയിരുന്നു.
എന്നാൽ, ബന്ദിമോചനത്തിൽ നടപടിയെടുക്കാതെ കനത്ത ആക്രമണത്തിന് തിടുക്കംകാട്ടുന്ന നെതന്യാഹുവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ബന്ദികളുടെ ജീവൻകൂടി അപകടത്തിലാക്കുന്ന നടപടിക്ക് ഇസ്രായേൽ സർക്കാർ മുതിരുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ബന്ദി മോചനത്തിന് അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ കടുത്ത പ്രക്ഷോഭവുമായി ഇറങ്ങുമെന്ന് നേരത്തേ അവരുടെ കുടുംബങ്ങൾ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.