സ്ഫോടകവസ്തു ഒളിപ്പിച്ചത് 5000 പേജറുകളിൽ; പരിക്കേറ്റ ഇറാൻ അംബാസഡറുടെ കണ്ണ് നഷ്ടമായി
text_fieldsലബനാൻ: ഹിസ്ബുല്ല ഉപയോഗിക്കുന്ന 5,000 പേജറുകളിൽ ഇസ്രായേൽ സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ചിരുന്നതായി റോയിട്ടേഴ്സ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. ചൊവ്വാഴ്ച ലബനാനിൽ നടന്ന വ്യാപക സ്ഫോടനങ്ങളിൽ ഇതിലുള്ള 3000ത്തോളം പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഗോൾഡ് അപ്പോളോ എന്ന തായ്‍വാൻ ബ്രാൻഡിലുള്ള ഉപകരണങ്ങളാണ് പൊട്ടിത്തെറിച്ചത്. എന്നാൽ, ഇത് തങ്ങൾ നിർമിച്ചതല്ലെന്നും തങ്ങളുടെ ബ്രാൻഡ് ട്രേഡ് മാർക്ക് ഉപയോഗിക്കാൻ അനുവാദമുള്ള യൂറോപ്പിലെ ബി.എ.സി എന്ന കമ്പനി നിർമിച്ചവയാണെന്നും തായ്‍വാൻ കമ്പനി അധികൃതർ അറിയിച്ചു.
ഈ വർഷം ആദ്യം ഹിസ്ബുല്ല ഇറക്കുമതി ചെയ്ത പേജറുകൾ പുതുതായി നിർമിച്ചവയാണ്. ഉൽപാദന വേളയിൽ തന്നെ ഇസ്രായേലിന്റെ ചാര ഏജൻസിയായ മൊസാദ് ഏജന്റുമാർ ബാറ്ററിക്ക് സമീപം സ്ഫോടക വസ്തു തിരുകിക്കയറ്റിയിരുന്നുവെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് ഗ്രാം വരെ സ്ഫോടകവസ്തുക്കളാണ് ഓരോന്നിലും ഒളിപ്പിച്ചത്. കോഡ് സന്ദേശം ലഭിച്ചാൽ സ്ഫോടനം നടക്കാൻ ശേഷിയുള്ള വളരെ സൂക്ഷ്മമായ വസ്തുക്കളാണ് ഇതിനുപയോഗിച്ചത്. എന്നാൽ, സ്കാനറോ മറ്റോ ഉപയോഗിച്ചാൽ പോലും ഇത് കണ്ടെത്തുന്നത് പ്രയാസകരമായിരുന്നു. കോഡ് ചെയ്ത സന്ദേശം അയച്ചപ്പോൾ 3,000 പേജറുകൾ ഒരേസമയം പൊട്ടിത്തെറിച്ചതായും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ പരിക്കേറ്റ ഇറാൻ അംബാസഡർ മുജ്തബ അമിനിയുടെ ഒരു കണ്ണ് നഷ്ടമായതായും മറ്റൊരു കണ്ണിന് സാരമായി പരിക്കേറ്റതായും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
“പൊട്ടിത്തെറിക്കുന്നതിന് മുമ്പ് ഏകദേശം 10 സെക്കൻഡ് നേരം പേജറുകൾ ബീപ്പ് ചെയ്‌തിരുന്നു. സാധാരണ മെസേജ് വരുമ്പോഴുള്ള ശബ്ദമാണിത്. മെസേജാണെന്ന് കരുതി പലരും വായിക്കാൻ മുഖത്തോട് ചേർത്തുപിടിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. അതുകൊണ്ട് തന്നെ കണ്ണിന് പലർക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്” -റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.