ഇറാനെതിരെ ഇസ്രായേൽ വൻ ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsതെൽ അവീവ്: ഇറാനെതിരെ ഇസ്രായേൽ വൻ ആക്രമണത്തിന് തയാറെടുക്കുന്നതായി റിപ്പോർട്ട്. ഒക്ടോബർ ഒന്നിലെ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിന് ഉടൻ ഇസ്രായേൽ മറുപടി നൽകുമെന്നാണ് റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.
പ്രതിരോധരംഗത്ത് ആക്രമണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. അതേസമയം, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇറാൻ ആക്രമണത്തിന് പിന്നാലെ ഉടൻ ഇസ്രായേൽ തിരിച്ചടിയുണ്ടാവുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതുണ്ടായില്ല.ആക്രമണം നടത്തുന്നത് സംബന്ധിച്ച ഇസ്രായേൽ യു.എസുമായി നിരന്തരം ചർച്ച നടത്തുന്നുണ്ട്.
നേരത്തെ ഇറാനെ ആക്രമിക്കാനുള്ള ഇസ്രായേലിന്റെ പദ്ധതി യു.എസിൽ നിന്നും ചോർന്നുവെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. യു.എസ് രഹസ്യാന്വേഷണ വിഭാഗത്തിൽനിന്നാണ് രേഖകൾ ചോർന്നത്. ഇതുസംബന്ധിച്ച് യു.എസ് അന്വേഷണം ആരംഭിച്ചുവെന്നും സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ചോർന്ന വിവരങ്ങളുടെ ആധികാരികത സ്ഥിരീകരിച്ചിട്ടുണ്ടെന്നും സംഭവം ഏറെ ആശങ്കയുള്ളതാണെന്നും യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
ഒക്ടോബർ 15, 16 തീയതികളിൽ തയാറാക്കിയ രേഖകളാണ് ചോർന്നത്. വെള്ളിയാഴ്ച മുതൽ ഈ രേഖകൾ ടെലിഗ്രാമിലൂടെ പുറത്തുവിട്ടിരുന്നു. മിഡിൽ ഈസ്റ്റ് സ്പെക്ടേറ്റർ എന്ന അക്കൗണ്ടിലൂടെയാണ് രേഖകൾ ചോർന്നത്. അതിരഹസ്യ സ്വഭാവമുള്ള രേഖകളെന്ന് പറയുന്ന വിവരങ്ങളാണ് ചോർന്നത്. യു.എസിന് പുറമെ സഖ്യകക്ഷികളായ ആസ്ട്രേലിയ, കാനഡ, ന്യൂസിലൻഡ്, യു.കെ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമേ രേഖകളെക്കുറിച്ച് വിവരമുള്ളൂവെന്ന സൂചനകളും വന്നിരുന്നു.
നേരത്തെ യു.എസ് ഇസ്രായേലിൽ താഡ് എയർ ഡിഫൻസ് സിസ്റ്റം വിന്യസിച്ചിരുന്നു. രാജ്യത്തിന് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായാണ് എയർ ഡിഫൻസ് സിസ്റ്റം വിന്യസിച്ചത്. അതേസമയം, ഇറാന്റെ എണ്ണ, ആണവശാലകളെ ഇസ്രായേൽ ലക്ഷ്യമിടുമെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അങ്ങനെയുണ്ടായാൽ അത് മേഖലയെയാകെ ബാധിക്കുന്ന യുദ്ധമായി മാറിയേക്കുമെന്നും ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.