ലബനാനിൽ കരയുദ്ധത്തിനൊരുങ്ങി ഇസ്രായേൽ; തെൽ അവീവിലേക്ക് മിസൈൽ തൊടുത്ത് ഹിസ്ബുല്ല
text_fieldsബൈറൂത്: ദക്ഷിണ ലബനാനിലെ കൂട്ടക്കുരുതിക്കു പിന്നാലെ, ഉത്തര ഭാഗത്തേക്കുകൂടി വ്യോമാക്രമണം വ്യാപിപ്പിച്ച ഇസ്രായേൽ കരയുദ്ധത്തിനും ഒരുങ്ങുന്നു. കരയുദ്ധത്തിന്റെ സാധ്യത പരിശോധിക്കാൻ പ്രതിരോധ മന്ത്രി യൊആവ് ഗാലന്റ് സൈനിക മേധാവികളുമായി കൂടിക്കാഴ്ച നടത്തിയതായി ഇസ്രായേലി മാധ്യമത്തെ ഉദ്ധരിച്ച് ‘അൽ ജസീറ’ റിപ്പോർട്ട് ചെയ്തു. എന്നാൽ, ഇസ്രായേൽ സൈന്യം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അതേസമയം, ബുധനാഴ്ചയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 51 പേർ കൊല്ലപ്പെട്ടതായും 223 പേർക്ക് പരിക്കേറ്റെന്നും ലബനാൽ ആരോഗ്യമന്ത്രി അറിയിച്ചു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 569 പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് തിരിച്ചടിയായി ഇസ്രായേലിനെ ഞെട്ടിച്ച് തെൽ അവീവിലേക്ക് ഹിസ്ബുല്ല മിസൈൽ തൊടുത്തു.
ഇസ്രായേൽ ചാരസംഘടനയായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് തൊടുത്ത ‘ഖദർ 1’ മിസൈൽ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇതാദ്യമായാണ് ലബനാനിൽനിന്ന് തൊടുത്ത മിസൈൽ ഇസ്രായേൽ തലസ്ഥാനത്തെത്തുന്നത്. ഇതിനു പുറമെ, 40 ഓളം ചെറു മിസൈലുകളും ഇസ്രായേലിലേക്ക് ഹിസ്ബുല്ല വിക്ഷേപിച്ചു. സിറിയൻ ഭാഗത്തുനിന്ന് ഡ്രോൺ ആക്രമണവുമുണ്ടായി. രണ്ടുപേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ചത്തെ ആക്രമണത്തിൽ മുതിർന്ന കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചു. ബുധനാഴ്ച നടത്തിയ വ്യോമാക്രമണത്തിലും നവജാത ശിശു ഉൾപ്പെടെ നിരവധിപേർ കൊല്ലപ്പെട്ടു. സുരക്ഷിത സ്ഥാനം തേടി ദക്ഷിണ ലബനാനിൽനിന്ന് ജനങ്ങളുടെ പലായനം തുടരുകയാണ്.
ഇസ്രായേലിന്റെ ലബനാൻ ആക്രമണത്തെ ഈജിപ്ത്, ഇറാഖ്, ജോർഡൻ വിദേശകാര്യ മന്ത്രിമാർ അപലപിച്ചു. മേഖലയെ ഒന്നാകെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ഇസ്രായേലെന്ന് അവർ കുറ്റപ്പെടുത്തി. ഹിസ്ബുല്ലക്ക് പിന്തുണയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ രംഗത്തെത്തി. ഗസ്സക്കുവേണ്ടിയുള്ള യുദ്ധത്തിൽ ഹിസ്ബുല്ല വിജയം വരിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ലബനാനിലേക്ക് സംഘർഷം വ്യാപിച്ചതിലും നിരപരാധികൾ മരിച്ചുവീഴുന്നതിലും ഫ്രാൻസിസ് മാർപാപ്പ ദുഃഖം രേഖപ്പെടുത്തി. യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ബ്രിട്ടനും റഷ്യയുമടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് ലബനാനിൽനിന്ന് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.