ഹിസ്ബുല്ല സ്മാർട് ആണെന്ന് ട്രംപ്; ലജ്ജാകരമെന്ന് നെതന്യാഹു, വടിയെടുത്ത് വൈറ്റ്ഹൗസും
text_fieldsവാഷിംഗ്ടണ്‍: ലബനാനിലെ സായുധസേനയായ ഹിസ്ബുല്ലയെ മിടുക്കൻമാർ എന്ന് വിശേഷിപ്പിച്ച് യു.എസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇസ്രായേലിന്‍റെ ബദ്ധശത്രുക്കളായ ഹിസ്ബുല്ലയെയാണ് ട്രംപ് സ്മാർട് എന്ന് വിളിച്ചത്. ഇത് ഇസ്രായേലിനെ അടക്കം പ്രകോപിപ്പിച്ചിട്ടുണ്ട്. ഇസ്രായേലിനെതിരായ ആക്രമണത്തില്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് വലിയ പങ്കുണ്ടെന്നും അദ്ദേഹവും ഇസ്രായേലും ഒട്ടും സജ്ജമായിരുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. താനായിരുന്നു പ്രസിഡന്റ് എങ്കിൽ ഇസ്രായേലിലെ ഭീകരാക്രമണം കണ്ടെത്തി തടയുമായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു.
ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ ബൈഡന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തിയ ട്രംപ് ബൈഡനെ ദുര്‍ബലനായി കണക്കാക്കുന്നതിനാലാണ് ആക്രമിക്കാന്‍ ഹമാസ് ധൈര്യപ്പെട്ടതെന്നാണ് പറഞ്ഞത്. ഇസ്രായേലിന്‍റെ ബലഹീനതകൾ വെളിപ്പെടുത്തിയതിന് ഇസ്രായേലി, യു.എസ് സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയ ട്രംപ് ഇത് ഹിസ്ബുല്ലയുടെ ആക്രമണത്തെ പ്രകോപിപ്പിച്ചുവെന്നും പറഞ്ഞു.
ട്രംപിന്റെ ഹിസ്ബുല്ല അനുകൂല പരാമർശം ലജ്ജാകരവും അവിശ്വസനീയവുമെന്നാണ് നെതന്യാഹു വിമർശിച്ചത്. ഒരു മുൻ യു.എസ് പ്രസിഡന്റിന്റെ വായിൽ നിന്ന് ഇത്തരം പ്രസ്താവനകൾ വരുന്നത് അംഗീകരിക്കാനാവില്ല. ഇസ്രായേൽ സൈനികരുടെയും പൗരൻമാരുടെയും പോരാട്ട വീര്യം കെടുത്തിക്കളയുമത്.-ഇസ്രായേൽ കമ്മൂണിക്കേഷൻ മന്ത്രി ശ്ലോമോ ആരോപിച്ചു.
ട്രംപിന്‍റെ പരാമർശം അപകടകരവും അനാവശ്യവുമാണെന്ന് വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി ആൻഡ്രൂ ബേറ്റ്‌സ് പ്രതികരിച്ചു. ഇസ്രായേലിനൊപ്പം അമേരിക്ക നിലകൊള്ളുന്നതിനപ്പുറം ഏതെങ്കിലും മുൻ പ്രസിഡന്‍റോ മറ്റേതെങ്കിലും അമേരിക്കൻ നേതാവോ എന്തെങ്കിലും സന്ദേശം അയക്കേണ്ട സമയമല്ല ഇതെന്ന് മുന്‍ വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സ് പറഞ്ഞു. ട്രംപിനെതിരെ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി റോൺ ഡിസാന്റിസും രംഗത്തുവന്നിട്ടുണ്ട്. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആരായാലും നമ്മുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഇസ്രായേലിനെ അധിക്ഷേപിക്കുന്നത് തികച്ചും അസംബന്ധമാണെന്ന് ഡിസാന്‍റിസ് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
വെസ്റ്റ് പാം ബീച്ചിലെ റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിന്റെ ഹിസ്ബുല്ല അനുകൂല പരാമർശം. 2024ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ട്രംപ് മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.