ഹിസ്ബുല്ല ആക്രമണത്തിൽ പകച്ച് ഇസ്രായേൽ
text_fieldsബൈറൂത്: ഇസ്രായേൽ -ഹമാസ് യുദ്ധം ഒരു വർഷത്തിലേക്ക് അടുക്കുമ്പോൾ പശ്ചിമേഷ്യ യുദ്ധ വ്യാപന ഭീതിയിൽ. പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ തുടരുന്നതിനിടയിലാണ് ലബനാൻ -ഇസ്രായേൽ അതിർത്തിയിൽ സംഘർഷാവസ്ഥ ശക്തമാകുന്നത്. ഇതുവരെയുണ്ടായതിൽ ഏറ്റവും ശക്തമായ ആക്രമണമാണ് ഹിസ്ബുല്ല ഞായറാഴ്ച ഇസ്രായേലിൽ നടത്തിയത്. സൈനിക, രഹസ്യാന്വേഷണ കേന്ദ്രങ്ങളെയാണ് ഹിസ്ബുല്ല ലക്ഷ്യം വെച്ചത്.
പകരം വീട്ടാൻ ലബനാനിലെ ജനവാസ കേന്ദ്രങ്ങളെ ആക്രമിച്ചാൽ ഇനിയുള്ള തിരിച്ചടിയും ആ രീതിയിലാകുമെന്ന് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഞായറാഴ്ചത്തെ ആക്രമണം ഇസ്രായേലിൽ ഭീതി പരത്തിയിട്ടുണ്ട്. മന്ത്രിമാരെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും ബങ്കറുകളിലേക്ക് മാറ്റിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനങ്ങൾക്ക് ജാഗ്രത നിർദേശം നൽകി. പുലർച്ച മുതൽ മുന്നറിയിപ്പ് സൈറൺ നിലക്കാതെ ശബ്ദിച്ചുകൊണ്ടിരുന്നു. ജനം ഭീതിയിൽ നെട്ടോട്ടമോടി. വിവിധയിടങ്ങളിൽ റോക്കറ്റ് പതിച്ച് തീ പടരുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. അയൺ ഡോം പ്രതിരോധ സംവിധാനത്തെ ഹിസ്ബുല്ല നിഷ്പ്രയാസം മറികടക്കുന്നത് ഇസ്രായേലിന് ആശങ്ക നൽകുന്നു. സ്വയം പ്രതിരോധത്തിന് ആവശ്യമായതെല്ലാം ചെയ്യുമെന്ന് പറഞ്ഞ ഇസ്രായേൽ സൈനിക നേതൃത്വം ഹിസ്ബുല്ലയുമായി ഇപ്പോൾ യുദ്ധത്തിന് താൽപര്യപ്പെടുന്നില്ലെന്ന് ഇതോടൊപ്പം ചേർത്തുപറയുന്നു.
ഹിസ്ബുല്ല കേന്ദ്രങ്ങളിൽ മുൻകൂർ ആക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടെങ്കിലും തങ്ങൾക്കൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഹിസ്ബുല്ല പ്രതികരണം. ഒന്നും ഇവിടെ അവസാനിക്കുന്നില്ലെന്നും വടക്കൻ അതിർത്തിയിലെ സാഹചര്യങ്ങൾ മാറ്റാനും സുരക്ഷ ഉറപ്പുവരുത്താനും നടപടികൾ ഉണ്ടാകുമെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. ഇതും സംഘർഷ വ്യാപനത്തിലേക്കാണ് സൂചന നൽകുന്നത്.
ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മൂന്നുപേർ കൊല്ലപ്പെട്ടു. ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യ തെഹ്റാനിൽ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഇറാൻ ഇസ്രായേലിനെ ആക്രമിക്കുമെന്ന ഭീഷണി നിലനിൽക്കുന്നുണ്ട്. തിരിച്ചടി ഉറപ്പാണെന്നും ഉചിതമായ സമയവും ലക്ഷ്യകേന്ദ്രങ്ങളും തങ്ങൾ നിശ്ചയിക്കുമെന്നുമാണ് ഇറാൻ ഉറപ്പിച്ചു പറയുന്നത്.
മേഖലയിൽ യുദ്ധവ്യാപനത്തിന് തന്നെയാണ് കൂടുതൽ സാധ്യതയെന്നാണ് ഇക്കാര്യങ്ങൾ അടിവരയിടുന്നത്. ഇസ്രായേലിന് അമേരിക്ക പൂർണ പിന്തുണയും ആയുധ സഹായവും നൽകുമ്പോൾ ഇറാന് റഷ്യയുടെ പിന്തുണയുണ്ട്. റഷ്യയിൽനിന്ന് കഴിഞ്ഞ ആഴ്ചകളിൽ ഇറാനിലേക്ക് വൻതോതിൽ ആയുധം എത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചൈനയും ഇറാന് വാക്കാൽ പിന്തുണ നൽകിയിട്ടുണ്ട്. ബഹുരാഷ്ട്ര യുദ്ധത്തിലേക്കുവരെ നീങ്ങാൻ സാധ്യതയുള്ളതാണ് പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷം. ഫലസ്തീൻ പ്രശ്നം പരിഹരിക്കാതെ പശ്ചിമേഷ്യയിൽ സമാധാനം സാധ്യമല്ലെന്ന വിലയിരുത്തലാണ് പൊതുവെയുള്ളത്. ഗസ്സ യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ച ഈജിപ്തിലെ കൈറോയിൽ പുരോഗമിക്കുകയാണ്. മധ്യസ്ഥ രാജ്യങ്ങൾ പ്രതീക്ഷ പങ്കുവെക്കുന്നുണ്ടെങ്കിലും സമവായത്തിന്റെ ലക്ഷണമൊന്നും കാണുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.