ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു; നോർവേ, സ്പെയിൻ, അയർലൻഡ് രാജ്യങ്ങളിലെ അംബാസഡർമാരെ തിരിച്ചുവിളിച്ച് ഇസ്രായേൽ
text_fieldsതെൽഅവീവ്: നോർവേയും അയർലൻഡും സ്പെയിനും ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിൽ പ്രതിഷേധിച്ച് ഇസ്രായേൽ മൂന്ന് രാഷ്ട്രങ്ങളിൽ നിന്നുമുള്ള അംബാസഡർമാരെ തിരിച്ചുവിളിച്ചു. അയർലൻഡിൽ നിന്നും ഉടൻ അംബാസഡറെ തിരിച്ചുവിളിക്കുമെന്നാണ് കരുതുന്നത്. തീവ്രവാദത്തെ അംഗീകരിക്കുന്നുവെന്നാണ് അയർലൻഡും നോർവേയും സ്പെയിനും ലോകത്തിന് നൽകിയ സംഭാവനയെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാത്സ് പ്രതികരിച്ചു.
ഗസ്സ കൂട്ടക്കുരുതിയിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും പ്രതിരോധ മന്ത്രിക്കുമെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മൂന്ന് രാഷ്ട്രങ്ങളും ഫലസ്തീന് പിന്തുണയുമായി രംഗത്തുവന്നത്. നോർവേ, സ്പെയിൻ, അയർലൻഡ് രാജ്യങ്ങളുടെ പ്രഖ്യാപനം ഫലസ്തീൻ സ്വാഗതം ചെയ്തു. മേയ് 28നാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. ഇതോടെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന 140ൽ പരം രാജ്യങ്ങളുടെ കൂട്ടത്തിൽ നോർവേയും സ്പെയിനും അയർലൻഡും ഉൾപ്പെടും. യു.എസും ബ്രിട്ടനും ഉൾപ്പെടെ ഐക്യരാഷ്ട്ര സഭയുടെ മൂന്നിൽ രണ്ട് രാഷ്ട്രങ്ങളും ഇസ്രായേലിനൊപ്പം തന്നെ ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ ഗസ്സയിലെ വെടിനിർത്തലും ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കുന്നതും അനന്തമായി നീളുമെന്നും വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കാനാണ് തീരുമാനമെങ്കിൽ അംബാസഡറെ പിൻവലിക്കുമെന്ന് സ്പെയിനിനും ഇസ്രായേൽ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ സമാധാനം പുലരണമെങ്കിൽ ഫലസ്തീന് രാഷ്ട്രമായി അംഗീകാരം വേണമെന്ന് കഴിഞ്ഞ ദിവസം നോർവേ പ്രധാനമന്ത്രി ജോനസ് ഗഹ്ർ സ്റ്റോർ പ്രസ്താവിച്ചിരുന്നു. നേഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നതോടെ പശ്ചിമേഷ്യൻ സമാധാന പദ്ധതിയെ കൂടിയാണ് പിന്തുണക്കുന്നതെന്ന് നോർവേ വ്യക്തമാക്കി.
ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ സൂചന നൽകിയിരുന്നു. പശ്ചിമേഷ്യൻ മേഖലയിൽ ശാശ്വത സമാധാനത്തിന് ദ്വിരാഷ്ട്ര പരിഹാരം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്നാണവർ ചൂണ്ടിക്കാട്ടിയത്.
നോർവേ യൂറോപ്യൻ യൂനിയൻ രാജ്യമല്ല. ഫലസ്തീന് സ്വതന്ത്രരാഷ്ട്രമാകാനുള്ള അവകാശമുണ്ടെന്നും ഗസ്സയിലെ ഹമാസും മറ്റ് സായുധ സംഘങ്ങളും ദ്വിരാഷ്ട്ര പരിഹാര ഫോർമുലയെ പിന്തുണക്കുന്നില്ലെന്നും നോർവേ സർക്കാർ അറിയിച്ചു. ഓസ്ലോ ഉടമ്പടി ഒപ്പുവെച്ച് 30 വർഷത്തിനു ശേഷമാണ് നോർവേ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.