മധ്യസ്ഥരുടെ എല്ലാ നിർദേശങ്ങളും ഇസ്രായേൽ നിരസിച്ചു -ഹമാസ്
text_fieldsഗസ്സ: വെടിനിർത്തൽ നീട്ടാനുള്ള എല്ലാ ശ്രമങ്ങളെയും ഇസ്രായേൽ തുരങ്കം വെക്കുന്നതായി ഹമാസിന്റെ മുതിർന്ന നേതാവ് ഉസാമ ഹംദാൻ. ‘താൽക്കാലിക വെടിനിർത്തൽ നീട്ടാൻ ഇന്നലെ രാത്രി മധ്യസ്ഥർ നിർദേശിച്ച എല്ലാ വ്യവസ്ഥകളും ഞങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ, ഇസ്രായേൽ നിരസിച്ചു. താത്കാലിക വെടിനിർത്തൽ നടപ്പാക്കിയ ഏഴ് ദിവസവും മുഴുവൻ സന്ധി സാധ്യതകളെയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇസ്രായേൽ പ്രവർത്തിച്ചത്” -ഹംദാൻ അൽ ജസീറയോട് പറഞ്ഞു.
എല്ലാ ശ്രമങ്ങളെയും തങ്ങൾ പോസിറ്റീവായാണ് കാണുന്നതെന്നും എന്നാൽ, ഇസ്രായേൽ അതെല്ലാം നിരസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, ഗസ്സയിൽ അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ വ്യോമാക്രമണം പുനരാരംഭിച്ചതെന്ന് ഹിസ്ബുല്ല ആരോപിച്ചു. ‘ഫലസ്തീൻ ജനതക്കെതിരെ തുടക്കം മുതൽ അമേരിക്ക നയിച്ച യുദ്ധമായിരുന്നു ഇത്. അമേരിക്കയുടെ തീരുമാനപ്രകാരമാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം പുനരാരംഭിച്ചത്. ഗസ്സ ആക്രമണത്തിൽ അമേരിക്ക ഒരു പങ്കാളി മാത്രമല്ല, ആസൂത്രകൻ കൂടിയാണെന്നാണ് സംഭവങ്ങളുടെ ഗതിയും അമേരിക്കൻ നിലപാടുകളും സൂചിപ്പിക്കുന്നത്” -ഹിസ്ബുല്ല എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ അലി ദാമുഷ് പറഞ്ഞു. അമേരിക്കയുടെ തീരുമാനം നടപ്പിലാക്കുന്ന ഉപകരണങ്ങളാണ് ഇസ്രായേലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ യുദ്ധത്തിൽ ഇസ്രായേലിനും അമേരിക്കക്കും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനോ മേൽക്കൈ നേടാനോ ചെറുത്തുനിൽപ്പ് സംഘങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കൻ ഗസർക്കാറിന്റെ തുടർച്ചയായ പിന്തുണയിലാണ് ഇസ്രായേൽ ഗസ്സയിൽ വീണ്ടും കൂട്ടക്കൊല തുടങ്ങിയതെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് നാസർ കനാനി പറഞ്ഞു. ഗസ്സയിൽ വ്യോമാക്രമണവും കൂട്ടക്കൊലയും പുനരാരംഭിച്ചതിന്റെ രാഷ്ട്രീയവും നിയമപരവുമായ ഉത്തരവാദിത്തം ഇസ്രായേലിനും യു.എസിനുമാണെന്നും അദ്ദേഹം എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.