ഇസ്രായേൽ കസ്റ്റഡിയിലെടുത്ത സഹോദരങ്ങളായ ഫലസ്തീൻ സമര നേതാക്കളെ വിട്ടയച്ചു
text_fieldsജറൂസലം: വിശുദ്ധ ഭൂമിയായ മസ്ജിദുൽ അഖ്സയുടെ പരിസരത്തെ ശൈഖ് ജർറാഹ് പ്രദേശം കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കം ലോകശ്രദ്ധയിലെത്തിച്ച സഹോദരങ്ങളായ മുന അൽകുർദിനെയും മുഹമ്മദ് അൽകുർദിനെയും മണിക്കൂറുകളോളം തടവിലിട്ട ശേഷം ഇസ്രായേൽ പൊലീസ് മോചിപ്പിച്ചു. ഇവരെ കസ്റ്റഡിയിലെടുത്തത് ഫലസ്തീനിൽ കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. അൽജസീറ മാധ്യമ പ്രവർത്തകയെ പിടികൂടി വിട്ടയച്ചതിനു പിന്നാലെയായിരുന്നു ഭീതിയിലാക്കൽ തന്ത്രത്തിന്‍റെ ഭാഗമായി ഇരുവർക്കെതിരെയും നടപടി. ഇനിയും സമരമുഖത്ത് തുടരുമെന്ന് ഇരുവരും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
മുന അൽകുർദിയെ വീട്ടിലെത്തിയും മുഹമ്മദ് അൽകുർദിയെ സ്േറ്റഷനിലേക്ക് വിളിപ്പിച്ചുമായിരുന്നു അറസ്റ്റ്. വിവരമറിഞ്ഞ് പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തിയ ഫലസ്തീനികൾക്കു നേരെ റബർ ബുള്ളറ്റും സ്റ്റൺ ഗ്രനേഡും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളിൽ 10 ഓളം പേർക്ക് പരിക്കേറ്റിരുന്നു.
ശൈഖ് ജർറാഹിലെ പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ കഴിഞ്ഞ ദിവസമായിരുന്നു അൽജസീറ മാധ്യമ പ്രവർത്തക ഗിവാര ബുദൈരിയെ കസ്റ്റഡിയിലെടുത്തത്. ആഗോള തലത്തിൽ കടുത്ത വിമർശനമുയർന്നതോടെ ഇവരെ മണിക്കൂറുകൾക്കു ശേഷം വിട്ടയച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.