ബന്ദികളിൽ ഒരാൾ കൊല്ലപ്പെട്ടെന്ന് ഇസ്രായേൽ; മരിച്ചത് ജർമൻ-ഇസ്രായേൽ വംശജ
text_fieldsതെൽഅവീവ്: ഇസ്രായേലിൽനിന്ന് ഹമാസ് ബന്ദികളാക്കിയവരിൽ ഒരാൾ കൊല്ലപ്പെട്ടതായി ഇസ്രായേൽ. ജർമൻ-ഇസ്രായേൽ വംശജയായ ഷാനി നിക്കോൾ ലൂക്ക് ആണ് മരിച്ചത്. ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന സംഗീതോത്സവത്തിൽ നിന്ന് ബന്ദിയാക്കപ്പെട്ട ഷാനിയുടെ മരണവിവരം ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗാണ് സ്ഥിരീകരിച്ചത്.
അതേസമയം, എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് അൽജസീറ ചാനൽ റിപ്പോർട്ട് ചെയ്തു. നേരത്തെ, തങ്ങൾ ബന്ദിയാക്കിയവരിൽ 50 ഓളം പേർ ഗസ്സയിൽ ഇസ്രായേൽ നടത്തിയ വ്യാപക വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചിരുന്നു. ഹമാസിന്റെ സായുധവിഭാഗമായ ഖസ്സാം ബ്രിഗേഡ് ടെലിഗ്രാം അക്കൗണ്ടിലെ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഹമാസ് 224 പേരെ ബന്ദികളാക്കിയതായി കഴിഞ്ഞ ദിവസം ഇസ്രായേൽ സൈന്യം വ്യക്തമാക്കിയിരുന്നു.
“ഷാനി നിക്കോൾ ലൂക്ക് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച വാർത്ത ഞങ്ങൾക്ക് ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ എനിക്ക് അതിയായ ഖേദമുണ്ട്” -ഇസ്രായേൽ പ്രസിഡന്റ് ഐസക് ഹെർസോഗ് ജർമനിയിലെ ബിൽഡ് പത്രത്തോട് പറഞ്ഞു. തങ്ങളുടെ ഒരു പൗര മരിച്ചതായി ജർമനിയും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇസ്രായേൽ സൈന്യം ഗസ്സ മുനമ്പിൽ ആക്രമണം ശക്തമാക്കിയാൽ ഹമാസ് ബന്ദികളാക്കിയവരുടെ ജീവൻ അപകടത്തിലാകുമെന്ന് ബന്ദികളുടെ കുടുംബങ്ങൾ ആശങ്ക അറിയിച്ചിരുന്നു. അതേസമയം, ഇസ്രായേൽ ജയിലുകളിൽ അന്യായമായി തടവിലിട്ട ഫലസ്തീനികളെ വിട്ടയച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്നാണ് ഹമാസിന്റെ വാഗ്ദാനം. ഇക്കാര്യത്തിൽ ഇസ്രായേൽ സർക്കാർ വ്യക്തമായ ഉത്തരം നൽകണമെന്നും ഈ വാഗ്ദാനം സ്വീകരിച്ച് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കണമെന്നുമാണ് ബന്ദികളുടെ കുടുംബാംഗങ്ങളുടെ ആവശ്യം.
ബന്ദികളുടെ കാര്യത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ട് നിരവധി ബന്ധുക്കൾ ശനിയാഴ്ച തെൽ അവീവിൽ റാലി നടത്തിയിരുന്നു. കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഹൈഫ, അത്ലിത്, കേസറിയ, ബേർഷേവ, എയ്ലാത് എന്നിവിടങ്ങളിൽ നിരവധി പേർ പ്രകടനം നടത്തി. ഇതിനുപിന്നാലെ, യുദ്ധ ആസൂത്രണ ചർച്ചക്ക് ഇടവേള നൽകി പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച നടക്കുന്നതിനിടെയാണ്, ബന്ദികളെ മോചിപ്പിക്കണമെങ്കിൽ ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീൻകാരെ വിട്ടയക്കണമെന്ന ആവശ്യവുമായി ഹമാസ് രംഗത്തെത്തിയത്. ഇസ്രായേലിലെ 19 ജയിലുകളിലും അധിനിവേശ വെസ്റ്റ് ബാങ്കിലെ ഒരു ജയിലിലുമായി ആയിരക്കണക്കിന് ഫലസ്തീനികളാണ് തടവുകാരായി കഴിയുന്നത്.
അതേസമയം, എന്തെങ്കിലും ധാരണകളെക്കുറിച്ച് നെതന്യാഹു കുടുംബാംഗങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. ബന്ദികളെ തിരികെയെത്തിക്കുന്നതിന് സാധ്യമായ എല്ലാ വഴികളും തേടുമെന്ന ഉറപ്പ് നൽകുകയാണ് അദ്ദേഹം ചെയ്തത്. ഏതാനും മാസം മുതൽ 80 വരെ പ്രായമുള്ളവർ ബന്ദികളുടെ കൂട്ടത്തിലുണ്ട്. ഇവരെ കണ്ടെത്തുകയാണ് സൈനിക നടപടിയുടെ പ്രധാന ഭാഗമെന്നും അദ്ദേഹം പറഞ്ഞു.
തടവുകാരുടെ കൈമാറ്റത്തെ അനുകൂലിക്കുന്നതായി ബന്ദികളുടെ കുടുംബാംഗങ്ങളുടെ പ്രതിനിധി മെൽറാവ് ഗോനെൻ നെതന്യാഹുവിനോട് പറഞ്ഞു. ഇവരുടെ മകൾ റോമിയും ബന്ദികളിലൊരാളാണ്. സർക്കാറുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് ബന്ദികളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.
രണ്ടുദിവസങ്ങളിലായി നാലുബന്ദികളെ ഹമാസ് മോചിപ്പിച്ചിരുന്നു. ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്സ് (85), നൂറ് കൂപ്പർ (79), അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് മോചിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.