ഹമാസിന്റെ കൈയിൽ ഇനി 137 ബന്ദികളെന്ന് ഇസ്രായേൽ; മോചിപ്പിക്കാൻ 7,000 ഫലസ്തീനി തടവുകാരെ വിട്ടയക്കണമെന്ന് ഹമാസ്
text_fieldsതെൽഅവീവ്: ഒക്ടോബർ ഏഴിന് ഇസ്രായേലിൽനിന്ന് പിടികൂടിയ 137 ബന്ദികൾ ഇപ്പോഴും ഹമാസിന്റെ കൈയിൽതനെനയാണെന്ന് ഇസ്രായേൽ. ഇവരിൽ 117 പുരുഷൻമാരും 20 സ്ത്രീകളുമാണുള്ളതെന്ന് ഇസ്രായേൽ സർക്കാർ വക്താവ് എയിലോൺ ലെവി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഒക്ടോബർ ഏഴിന് പിടികൂടിയ 247 ബന്ദികളിൽ 110 ബന്ദികളെയാണ് ഇതുവരെ ഹമാസ് മോചിപ്പിച്ചത്. 86 ഇസ്രായേലികളും 24 വിദേശ പൗരന്മാരുമാണ് വിട്ടയക്കപ്പെട്ടത്.
യുദ്ധത്തിന് മുമ്പ് കാണാതായ നാല് പേരും ഹമാസിന്റെ കൈയിലുള്ളതായി സംശയിക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ സൈനികരടക്കമുള്ള ബാക്കി ബന്ദികളെ വിട്ടയക്കണമെങ്കിൽ ഇസ്രായേൽ വർഷങ്ങളായി ജയിലിലടച്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള ഏഴായിരത്തിലേറെ ഫലസ്തീനികളെ വിട്ടയക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. ഹമാസ് ബന്ദിയാക്കിയ ഗിലാദ് ഷാലിത്ത് എന്ന ഇസ്രായേൽ സൈനികനെ മോചിപ്പിക്കാൻ 2011ൽ 1,000ലേറെ ഫലസ്തീനി തടവുകാരെ ഇസ്രായേൽ വിട്ടയച്ചിരുന്നു.
ഹമാസിന്റെ കൈവശമുള്ള ബന്ദികളിൽ 126 പേർ ഇസ്രായേലികളും 11 പേർ വിദേശ പൗരന്മാരുമാണ്. എട്ട് തായ്‌ലൻഡുകാർ, ഒരു നേപ്പാളി, ഒരു ടാൻസാനിയൻ, ഒരു ഫ്രഞ്ച് മെക്‌സിക്കൻ പൗരൻ എന്നിവരാണ് വിദേശികൾ. പത്ത് മാസം പ്രായമുള്ളതും നാല് വയസ്സ് പ്രായമുള്ളതുമായ രണ്ട് കുട്ടികളും ബന്ദികളിൽ ഉണ്ട്. ഇവർ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും മൃതദേഹങ്ങൾ ഇസ്രായേലിന് കൈമാറാമെന്നും ഹമാസ് അറിയിച്ചിരുന്നു.
ബന്ദികളിൽ 10പേർ 75 വയസും അതിൽ കൂടുതലുമുള്ളവരാണ്. ഒക്‌ടോബർ ഏഴിന് നടന്ന ആക്രമണത്തിന് ശേഷം ഏഴുപേരെ ഇസ്രായേലിൽനിന്ന് കാണാതായിട്ടുണ്ട്.
ഇസ്രായേൽ ജയിലിലടച്ച എല്ലാ ഫലസ്തീൻ തടവുകാർക്കും പകരം തങ്ങൾ തടവിലാക്കിയ എല്ലാ ഇസ്രായേൽ സൈനികരെയും മോചിപ്പിക്കാൻ തയ്യാറാണെന്ന് ഹമാസ് നേതാവും ഗസ്സ മുൻ ആരോഗ്യമന്ത്രിയുമായ ബാസിം നഈം പറഞ്ഞു. “ഞങ്ങളുടെ തടവുകാരെ മുഴുവൻ വിട്ടയച്ചാൽ പകരമായി എല്ലാ സൈനികരെയും വിട്ടയക്കാൻ ഞങ്ങൾ തയ്യാറാണ്” -ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിനിടെ കേപ് ടൗണിൽ വാർത്താ സമ്മേളനത്തിൽ നഈം പറഞ്ഞു.
അതേസമയം, ചർച്ചകളിലൂടെയോ മറ്റ് മാർഗങ്ങളിലൂടെയോ ബന്ദികളെ ഇസ്രായേൽ മോചിപ്പിക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഒഡെഡ് ജോസഫ് പറഞ്ഞു. എല്ലാ ബന്ദികളേയും മോചിപ്പിക്കാനും ഹമാസിനെ നശിപ്പിക്കാനുമാണ് ഇസ്രായേൽ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം ദുബായിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.