ഹിസ്ബുല്ല കമാൻഡർ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയെന്ന് ഇസ്രായേൽ
text_fieldsബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ലയുടെ ഉന്നത സൈനിക കമാൻഡർ ഫുആദ് ഷുകൂറിനെ കൊലപ്പെടുത്തിയതായി ഇസ്രായേൽ. ചൊവ്വാഴ്ച നടന്ന ആക്രമണത്തിൽ ഒരു സ്ത്രീയും രണ്ട് കുട്ടികളും കൊല്ലപ്പെടുകയും 74 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്ന് ലബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഫുആദ് ഷുകൂർ കൊല്ലപ്പെട്ടതായി ഹിസ്ബുല്ല സ്ഥിരീകരിച്ചിട്ടില്ല. ഇസ്രായേൽ നിയന്ത്രണത്തിലുള്ള ഗോലാൻ കുന്നുകളിൽ ദിവസങ്ങൾക്ക് മുമ്പ് ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ സൂത്രധാരൻ ഫുആദ് ആണെന്നായിരുന്നു ഇസ്രായേൽ ആരോപണം.
ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ലെബനൻ കാവൽ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, തലസ്ഥാനത്തെ ഏറ്റവും വലിയ ആശുപത്രികളിലൊന്നിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് ആക്രമണം ഉണ്ടായതെന്ന് അറിയിച്ചു. പൂർണമായും സിവിലിയൻ പ്രദേശം ലക്ഷ്യം വെച്ച് ഇസ്രായേൽ വലിയ വിഡ്ഢിത്തമാണ് ചെയ്തിരിക്കുന്നതെന്നും ഇതിനവർ കനത്ത വില നൽകേണ്ടി വരുമെന്നും ഹിസ്ബുല്ല ഉദ്യോഗസ്ഥൻ അലി അമ്മാർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ജനുവരിയിൽ ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് സാലിഹ് അരൂരി കൊല്ലപ്പെട്ടിരുന്നു. 2006ന് ശേഷം ബെയ്റൂത്തിൽ ഇസ്രായേൽ നടത്തുന്ന ആദ്യ ആക്രമണമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.