ഹമാസ് സൈനിക ഇന്‍റലിജൻസ് തലവനെ വധിച്ചതായി ഇസ്രായേൽ; പ്രതികരിക്കാതെ ഹമാസ്
text_fieldsഗസ്സ സിറ്റി: തെക്കൻ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് സൈനിക ഇന്‍റലിജൻസ് തലവനെ വധിച്ചതായി ഇസ്രായേൽ. ഹമാസ് ഗ്രൂപ്പിന്റെ നിരീക്ഷണ, ദൗത്യ വിഭാഗം തലവൻ കൂടിയായ ഉസാമ തബാശിനെ വധിച്ചതായാണ് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചത്.
ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒക്ടോബർ ഏഴിലെ ആക്രമണം ആസൂത്രണം ചെയ്യുന്നതിലും ഏകോപിപ്പിക്കുന്നതിലും തബാശിന് നിർണായക പങ്കുണ്ടെന്ന് ഐ.ഡി.എഫ് അവകാശപ്പെടുന്നു. ‘ഖാൻ യൂനിസ് ബ്രിഗേഡിലെ ഒരു ബറ്റാലിയൻ കമാൻഡർ ഉൾപ്പെടെ ഹമാസിലെ ഒട്ടേറെ ഉയർന്ന സ്ഥാനങ്ങൾ തബാശ് വഹിച്ചിരുന്നു. തെക്കൻ ഗസ്സയിൽ ഹമാസിന്റെ സായുധ വിഭാഗത്തിന്റെ രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും നിയന്ത്രിച്ചതും തബാശായിരുന്നു’ -ഐ.ഡി.എഫ് എക്സിൽ കുറിച്ചു.
അതേസമയം, വെടിനിർത്തൽ ലംഘിച്ചതിനുശേഷം തുടർച്ചയായ നാലാം ദിനവും ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം തുടരുകയാണ്. മൂന്ന് ദിവസത്തിനകം ഗസ്സയിൽ 200 ലേറെ കുട്ടികളും നൂറിലധികം സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്. കുട്ടികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയായ യുനിസെഫിന്റെ വക്താവ് റൊസാലിയ ബൊല്ലെനാണ് ഇതു സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. ചൊവ്വാഴ്ച രാവിലെമുതൽ ഇതുവരെയുള്ള കനത്ത ഷെൽ ആക്രമണങ്ങളിലാണ് ഇത്രയേറെ കുട്ടികളുടെ ജീവൻ പൊലിഞ്ഞത്.
ആയിരക്കണക്കിന് കുട്ടികൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ മുഴുവൻ ചികിത്സിക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഗസ്സയിലെ ആശുപത്രികൾ. ഭക്ഷ്യസഹായം ഇസ്രായേൽ തടഞ്ഞുവെച്ചതോടെ ഗസ്സയിലെ ജനജീവിതം ദുരിതപൂർണമായെന്നും ബൊല്ലെൻ പറഞ്ഞു. അടിയന്തര സേവനങ്ങൾക്കുപോലും സുരക്ഷിതമായ ഇടം ഗസ്സയിലില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതിനിടെ, ബന്ദികളെ മുഴുവൻ മോചിപ്പിക്കാൻ ഹമാസ് തയാറാകുന്നതുവരെ ഗസ്സയുടെ ഭൂപ്രദേശങ്ങൾ പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് മുന്നറിയിപ്പ് നൽകി. ബന്ദികളെ വിട്ടയക്കാൻ ഹമാസ് എത്രത്തോളം വിസമ്മതിക്കുന്നുവോ അത്രത്തോളം ഭൂപ്രദേശങ്ങൾ അവർക്ക് നഷ്ടപ്പെടും. ഗസ്സയിൽനിന്ന് പിടിച്ചെടുക്കുന്ന ഭൂപ്രദേശങ്ങൾ ഇസ്രായേലിൽ കൂട്ടിച്ചേർക്കുമെന്നും കാറ്റ്സ് വ്യക്തമാക്കിയതായി ജറുസലേം പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.