യെമനിൽ ഇസ്രായേൽ വ്യോമാക്രമണം; നിരവധി മരണം
text_fieldsസൻആ: ടെൽ അവീവിൽ ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തിന് പ്രതികാരം പ്രഖ്യാപിച്ച് മണിക്കൂറുകൾക്കിടെ ഹൂതി നിയന്ത്രിത യമനിലെ ഹുദൈദ് പട്ടണത്തിൽ ഇസ്രായേൽ ആക്രമണം. ഹുദൈദ് തുറമുഖത്തോടുചേർന്ന എണ്ണ സംഭരണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടന്ന വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക ടെലിവിഷൻ ചാനലായ അൽമസീറ ടി.വി അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വ്യാപക നാശനഷ്ടവുമുണ്ടായി.
കഴിഞ്ഞ ദിവസം ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിൽ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചെങ്കടലിലെ ഹൂതി ഇടപെടൽ സൂയസ് കനാൽ വഴിയുള്ള ചരക്കുകടത്തിനെ വൻതോതിൽ ബാധിച്ചിട്ടുണ്ട്. ഇസ്രായേൽ ബന്ധം സംശയിക്കുന്നെന്ന പേരിൽ നിരവധി കപ്പലുകൾക്ക് നേരെയാണ് ഇവിടെ ആക്രമണമുണ്ടായത്. ഇതോടെ, മിക്ക കപ്പലുകളും വഴിമാറി സഞ്ചരിക്കാൻ നിർബന്ധിതരാണ്. ഇതിനു പിന്നാലെയാണ് ഡ്രോൺ ആക്രമണവും പ്രത്യാക്രമണവും.
ഗസ്സ അഭയാർഥി ക്യാമ്പുകളിൽ വീണ്ടും ആക്രമണം; 37 മരണം
ഗസ്സ സിറ്റി: അഭയാർഥികൾ തിങ്ങിപ്പാർക്കുന്ന ഗസ്സയിലെ ക്യാമ്പുകൾ ലക്ഷ്യമിട്ടുള്ള ആക്രമണം തുടർന്ന് അധിനിവേശ സേന. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയുമായി മധ്യ ഗസ്സയിലെ അഭയാർഥി ക്യാമ്പുകളിൽ ഇസ്രായേൽ നടത്തിയ മൂന്ന് വ്യോമാക്രമണത്തിൽ 37 പേർ കൊല്ലപ്പെട്ടു.
നുസൈറത്ത്, ബുറൈജ് അഭയാർഥി ക്യാമ്പുകളിൽ കൊല്ലപ്പെട്ടവരിൽ മൂന്ന് കുട്ടികളും ഒരു സ്ത്രീയുമുൾപ്പെടും. നുസൈറത്തിൽ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത് മാസം ഗർഭിണിയായ 25കാരി ഒല അൽ കുർദിന്റെ ആൺ കുഞ്ഞിനെ ഉത്തര ഗസ്സയിലെ അൽ അവ്ദ ആശുപത്രിയിലെ ഡോക്ടർമാർ ജീവനോടെ പുറത്തെടുത്തു. കുഞ്ഞിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഡോ. ഖലീൽ ദജ്റാൻ അറിയിച്ചു.
ഒമ്പത് മാസത്തിലേറെയായി തുടരുന്ന ഇസ്രായേൽ ആക്രമണത്തിൽ 38,919 പേർ കൊല്ലപ്പെട്ടു. 89,622 പേർക്ക് പരിക്കേറ്റു. അതിനിടെ, ഇസ്രായേലിന്റെ ഗസ്സ വെടിനിർത്തൽ ചർച്ചകൾ അവസാന ഘട്ടത്തിലാണെന്നും ഉടൻ യാഥാർഥ്യമാകുമെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.