ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ
text_fieldsതെൽ അവീവ്: ഗസ്സയിലെ യുദ്ധം ഇനിയും ഏഴ് മാസം നീണ്ടുനിൽക്കുമെന്ന് ഇസ്രായേൽ. ദേശീയ സുരക്ഷാഉപദേഷ്ടാവ് സാച്ചി ഹനെഗ്ബിയാണ് ഇക്കാര്യം പറഞ്ഞത്. ഇസ്രായേൽ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. വർഷാവസാനം വരെ ഗസ്സയിലെ യുദ്ധം തുടരുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.
ഹമാസിന്റെ സൈനിക, ഭരണശേഷികൾ ഇല്ലാതാക്കണമെങ്കിൽ ഏഴ് മാസം കൂടി യുദ്ധം ചെയ്യേണ്ടി വരുമെന്നാണ് തങ്ങൾ കണക്ക് കൂട്ടുന്നതെന്ന് ഹനെഗ്ബി പറഞ്ഞു. ഗസ്സയിലെ യുദ്ധത്തിന്റെ പേരിൽ ഇസ്രായേൽ ലോകത്തിന് മുന്നിൽ ഒറ്റപ്പെടുന്നതിനിടെയാണ് ഹനെഗ്ബിയുടെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്. യു.എസും ഇസ്രായേലിന്റെ മറ്റ് അടുത്ത സഖ്യരാജ്യങ്ങളും യുദ്ധത്തിൽ വലിയ രീതിയിൽ സിവിലിയൻമാർക്ക് ജീവൻ നഷ്ടമാകുന്നതിൽ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
റഫയിലെ ഇസ്രായേൽ ആക്രമണത്തെയും വക്താവ് ന്യായീകരിച്ചു. ഹമാസ് ഭരണമേറ്റെടുത്തത് മുതൽ ഈജിപ്തുമായി അതിർത്തി പങ്കിടുന്ന ഗസ്സയിലെ ഭാഗങ്ങൾ കള്ളക്കടത്തിന്റെ കേന്ദ്രമായിി മാറി. തങ്ങളുടെ അതിർത്തികൾ ലംഘിക്കപ്പെട്ടതിനാലാണ് ആക്രമണം നടത്തേണ്ടി വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഫയിൽ സുരക്ഷിതമെന്ന് നിശ്ചയിച്ച കേന്ദ്രങ്ങളിലെ തമ്പുകളിൽ ബോംബുവർഷം ഇസ്രായേൽസേന തുടരുകയാണ്. ഏറ്റവുമൊടുവിലെ ആക്രമണത്തിൽ 13 സ്ത്രീകളും പെൺകുട്ടികളുമടക്കം 21 പേർ കൊല്ലപ്പെട്ടു. മറ്റൊരു ആക്രമണത്തിൽ റഫയിലെ താമസ കെട്ടിടം തകർത്തു.
ഇവിടെയടക്കം 15 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. റഫയിൽ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നതിന്റെ സൂചനയായി കൂടുതൽ ടാങ്കുകൾ എത്തിയതിനിടെയാണ് നിർത്താതെ കൂട്ടക്കൊല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.